ADVERTISEMENT

മുംബൈ∙ പുണെ സ്വർഗേറ്റ് സ്റ്റേഷനിൽ എംഎസ്ആർടിസി ബസിൽ യുവതി ക്രൂരപീഡനം നേരിട്ട കേസിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പുണെ പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. പ്രതി ദത്താത്രേയ രാംദാസ് ഗാഡയ്ക്കായി 13 സംഘമാണ് തിരച്ചിൽ നടത്തുന്നത്. ഡൽഹിയിലെ നിർഭയ കേസിന് സമാനമാണ് ഇതെന്നും ക്രമസമാധാന നില തകർന്നെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.

ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും സ്ത്രീകൾ സുരക്ഷിതരല്ലെന്നും പ്രതിപക്ഷനേതാക്കൾ കുറ്റപ്പെടുത്തി. എൻസിപി ശരദ് പവാർ വിഭാഗം പ്രവർത്തകർ സ്വർഗേറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബസ് സ്റ്റേഷനിലെ സുരക്ഷാ ജീവനക്കാരെ അച്ചടക്ക നടപടികളുടെ ഭാഗമായി സ്ഥലം മാറ്റി.

പുണെ പൊലീസ് സ്റ്റേഷനും ബസ് സ്റ്റേഷനും തമ്മിൽ 100 മീറ്റർ ദൂരം മാത്രമാണുള്ളത്. സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതിയെ കണ്ടക്ടർ എന്ന വ്യാജേനയാണ് പ്രതി സമീപിച്ചതും അപ്പുറത്ത് ബസ് നിർത്തിയിട്ടതായി പറഞ്ഞ് കൂട്ടിക്കൊണ്ടുപോയതും. ഡിപ്പോകളിലെ പഴയ ബസുകൾ സാമൂഹിക വിരുദ്ധരുടെ താവളമാക്കുന്നത് തടയാൻ നടപടി ആരംഭിച്ചെന്ന് ഗതാഗതമന്ത്രി പ്രതാപ് സർനായിക് പറഞ്ഞു. എംഎസ്ആർടിസിയുടെ ഏറ്റവും വലിയ ബസ് സ്റ്റേഷനുകളിൽ ഒന്നാണ് സ്വർഗേറ്റിലേത്.

വിവരം ലഭിച്ചാൽ അറിയിക്കാം
പുണെയിലും അഹല്യ നഗറിലുമായി ഒട്ടേറെ കേസുകളിൽ പ്രതിയാണ് ദത്താത്രേയ രാംദാസ് ഗാഡെ. 2019 മുതൽ ഇയാൾ ജാമ്യത്തിലാണ്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 020-24442769, 9881670659 എന്നീ നമ്പറുകളിൽ അറിയിക്കണമെന്നു പൊലീസ് അഭ്യർഥിച്ചു.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കൂടുന്നു
പുണെയിൽ സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുകയാണെന്നും ഇപ്പോഴത്തേത് ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. വനിതാ സോഫ്റ്റ്‌വെയർ എൻജിനീയറോടു മോശമായി പെരുമാറിയ കാബ് ഡ്രൈവറെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. അതേച്ചൊല്ലിയുള്ള പ്രതിഷേധം നിലനിൽക്കേയാണ് ബസിലെ പീഡനം. കഴിഞ്ഞ വർഷം മാത്രം 505 ലൈംഗിക പീഡനക്കേസുകളാണ് പുണെ പൊലീസ് റജിസ്റ്റർ ചെയ്തത്. മോശമായി പെരുമാറിയത് അടക്കം ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് 864 കേസുകളും റജിസ്റ്റർ ചെയ്തിട്ടുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണിത്. 

പ്രതികരിച്ച് പ്രമുഖർ
∙ നിയമങ്ങൾ ഉണ്ടായാൽ മാത്രം പോരാ. കൃത്യമായി നടപ്പാക്കണം. അതിന് സമൂഹത്തിനും വലിയ ഉത്തരവാദിത്തമണ്ട്. നിർഭയ സംഭവത്തിന് ശേഷം നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. സ്ത്രീകൾ എവിടെ പോയാലും സുരക്ഷ ഉണ്ടാകണം. ഇത്തരം കേസുകൾ കൃത്യമായി അന്വേഷിക്കുകയും ശിക്ഷ നൽകുകയും വേണം. ശക്തമായ നടപടിയും വേഗത്തിലുള്ള വിചാരണയും ആവശ്യമാണ്.ഡി.വൈ. ചന്ദ്രചൂഡ് (സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ്)
∙പുണെയിലെ ക്രമസമാധാന നില തകർന്നിരിക്കുന്നു. എത്രയും വേഗം മേഖലയിലെ സുരക്ഷ അവലോകനം നടത്താൻ സർക്കാർ തയാറാകണം.സുപ്രിയ സുളെ (എൻസിപി ശരദ്)
∙ സംസ്ഥാനത്ത് ക്രമസമാധനനില തകർന്നു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ ഫഡ്നാവിസ് തികഞ്ഞ പരാജയമാണ്.വിജയ് വഡേത്തിവാർ  (കോൺഗ്രസ്)
∙ എത്രയും വേഗം പ്രതിയെ പിടികൂടും. പഴയ ബസുകൾ  ഉൾപ്പെടെയുള്ള ബസ് സ്റ്റേഷനിൽ നിന്ന മാറ്റാനുള്ള നടപടികളും ഉണ്ടാകും. പെൺകുട്ടിക്ക് വേഗത്തിൽ നീതി ഉറപ്പാക്കും.ഏക്നാഥ് ഷിൻഡെ ( ഉപമുഖ്യമന്ത്രി)

സുരക്ഷാ  പരിശോധനയ്ക്ക് ഉത്തരവ്
മുംബൈ∙  എല്ലാം ബസ് സ്റ്റേഷനുകളിലും  സുരക്ഷാ പരിശോധന നടത്താൻ ഗതാഗതമന്ത്രി പ്രതാപ് സർനായിക് ഉത്തരവിട്ടു. ബസുകളിലെല്ലാം ജിപിഎസും പാനിക് ബട്ടണുകളും സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

വിളിക്കാം 1091ൽ
സ്ത്രീകൾക്ക് പരാതിപ്പെടാൻ 1091 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ വിളിക്കാമെന്നു പൊലീസ് പറഞ്ഞു. 8975953100 എന്ന വാട്സാപ് നമ്പറിലും പരാതിപ്പെടാം

English Summary:

Pune bus assault sparks outrage and a ₹1 lakh reward is offered for information leading to the arrest of the accused. The incident has drawn comparisons to the Delhi Nirbhaya case and highlights concerns about women's safety in the state.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com