620 കോടിയുടെ നിക്ഷേപത്തട്ടിപ്പ്: വിജിഎൻ ജ്വല്ലറി ഡയറക്ടർമാർക്ക് പ്രായാധിക്യം പരിഗണിച്ച് ജാമ്യം

Mail This Article
മുംബൈ ∙ 620 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ വിജിഎൻ ജ്വല്ലറിയുടെ ഡയറക്ടർമാരായ വി.ജി.നായർ (80), ഭാര്യ വൽസല (76) എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും പരിഗണിച്ചാണ് ജാമ്യം.സ്വർണച്ചിട്ടിയിലൂടെ പണം ശേഖരിച്ചും ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചും തട്ടിപ്പു നടത്തിയെന്നാണ് കേസ്. പണം നഷ്ടപ്പെട്ടവർ പൊലീസിൽ പരാതി നൽകിയതോടെ, 3 വർഷം മുൻപാണ് തൃശൂരിൽ കുടുംബവേരുകളുള്ള വി.ജി.നായരെയും വൽസലയെയും അറസ്റ്റ് ചെയ്തത്. 32,640 പേർക്ക് പണം നഷ്ടപ്പെട്ടെന്നാണ് താനെ പൊലീസ് അറിയിച്ചിട്ടുള്ളത്.
അതേസമയം, കോവിഡ് വ്യാപനം കാരണം ഇടപാടുകൾ നിലച്ചതും നിക്ഷേപകർ വലിയ തോതിൽ പണം പിൻവലിച്ചതുമാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയതെന്ന് വി.ജി.നായർക്കും ഭാര്യയ്ക്കുമായി ഹാജരായ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. വിചാരണ നീളാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് ജാമ്യം നൽകിയത്. 50,000 രൂപ കെട്ടിവയ്ക്കണമെന്നും 3 മാസത്തേക്ക് മാസത്തിൽ ഒരു തവണ വീതം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. അനുമതിയില്ലാതെ മഹാരാഷ്ട്രയ്ക്കു പുറത്തുപോകരുതെന്ന ഉപാധിയുമുണ്ട്.