തലവേദനയായി മാലിന്യം: വായു, ശബ്ദ മലിനീകരണവും കൂടുന്നു; നടപടി കടലാസിൽ മാത്രം

Mail This Article
മുംബൈ ∙ പ്രധാന നഗരങ്ങളിലെല്ലാം വായുമലിനീകരണവും ശബ്ദമലിനീകരണവും വലിയ തോതിൽ കൂടുന്നെന്ന് സംസ്ഥാന സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടി. മലിനീകരണത്തിന് തടയിടാൻ പ്രഖ്യാപിച്ച പല പദ്ധതികളും പാതിവഴിയിൽ ഇഴഞ്ഞുനീങ്ങുകയാണെന്നും സർവേ കുറ്റപ്പെടുത്തി. നഗരങ്ങൾ പുറന്തള്ളുന്ന മലിനജലത്തിൽ 50 ശതമാനത്തിൽ താഴെ മാത്രമേ ശുദ്ധീകരിക്കാൻ കഴിയുന്നുള്ളൂ. ഖരമാലിന്യ സംസ്കരണ പ്രതിസന്ധി തുടരുകയാണ്.പ്ലാസ്റ്റിക് മാലിന്യവും വലിയ തോതിൽ കൂടുന്നുണ്ട്.
നവിമുംബൈ, നാഗ്പുർ, ഛത്രപതി സംഭാജി നഗർ, മുംബൈയിലെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം വായുനിലവാരം മോശമായി തുടരുകയാണ്. വ്യവസായ സ്ഥാപനങ്ങൾ പുറന്തള്ളുന്ന പുകയും വാഹനങ്ങളിലെ പുകയും അന്തരീക്ഷത്തിലെ ചൂടും പൊടിയും ചേർന്ന് ഏറെ മലിനമായ അവസ്ഥയിലാണ് വായു. മുംബൈയിൽ ഇന്നലത്തെ ശരാശരി വായുനിലവാരം 173 ആണ്.
നഗരത്തിലെ പല മേഖലകളിലും ഇന്നലത്തെ വായുനിലവാരം മോശം അവസ്ഥയിലാണ്. തിരക്കുള്ള നഗരങ്ങളിൽ ശബ്ദമലിനീകരണം പൊതുവേ കൂടുതലാണ്. മത–രാഷ്ട്രീയ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടത്തുന്ന ആഘോഷവേളകളിൽ ശബ്ദമലിനീകരണം പിന്നെയും കൂടും. ഇത് പലതരം രോഗങ്ങൾക്കു കാരണമാകുന്നുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
മലിനീകരണം തടയാൻ ഒട്ടേറെ പദ്ധതികൾ
മലിനീകരണ പ്രശ്നം തടയാൻ ഒട്ടേറെ പദ്ധതികളാണ് സർക്കാർ നടപ്പാക്കിയിട്ടുള്ളത്. എൽപിജി, സിഎൻജി, വൈദ്യുത വാഹനങ്ങൾക്കു നൽകിയ പ്രോത്സാഹനം പ്രധാനമാണ്. മലിനീകരണം നിയന്ത്രിത അളവിലാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് (പിയുസി) നിർബന്ധമാക്കി,.8 വർഷം പഴക്കമുള്ള വാഹനങ്ങൾ എൽപിജി, സിഎൻജി എന്നിവയിലേക്ക് മാറ്റുന്നതിന് ആനുകൂല്യം നൽകി. കഴിഞ്ഞവർഷം നിരത്തിലിറങ്ങിയ വാഹനങ്ങളിൽ 8.9% എൽപിജി, സിഎൻജി എന്നിവയിൽ പ്രവർത്തിക്കുന്നവയും 8.4% വൈദ്യുതിയിൽ പ്രവർത്തിക്കുന്നവയുമാണ്. റോഡുകൾ പരിസ്ഥിതി സൗഹൃദമാകുന്നുവെന്നതിന്റെ സൂചനയാണിതെന്നാണ് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
പദ്ധതികൾ പലതും പാതിവഴിയിൽ
മാലിന്യസംസ്കരണത്തിനായി ഒട്ടേറെ പദ്ധതികൾ രൂപീകരിച്ചെങ്കിലും പലതും പാതിവഴിയിലാണ്. പ്ലാസ്റ്റിക് മാലിന്യസംസ്കരണം ലക്ഷ്യമിട്ട് തുടങ്ങിയ 319 പദ്ധതികളിൽ 41 എണ്ണം മാത്രമാണ് സ്വച്ഛ് ഭാരത് മിഷനു കീഴിൽ പൂർത്തീകരിച്ചത്. അതുപോലെ, നഗരോത്തൻ മഹാ അഭിയാന്റെ കീഴിൽ, 12,016 കോടി രൂപയുടെ 242 ജലവിതരണ പദ്ധതികൾക്ക് അംഗീകാരം നൽകിയെങ്കിലും അതിൽ 2,110 കോടി രൂപയുടെ 53 പദ്ധതികളാണ് പൂർത്തിയായത്.
അഴുക്കുചാൽ, ഖരമാലിന്യ സംസ്കരണം എന്നിവയ്ക്കായി 9,916 കോടി രൂപയുടെ 99 പദ്ധതികൾക്ക് അംഗീകാരം നൽകിയതിൽ 1,130 കോടി രൂപയുടെ 18 പദ്ധതികളേ പൂർത്തിയായിട്ടുള്ളൂ. ഓരോ ദിവസവും ശരാശരി 24,111 മെട്രിക് ടൺ ഖരമാലിന്യങ്ങൾ നഗരപ്രദേശങ്ങളിൽ ഉൽപാദിപിക്കപ്പെടുന്നു. അതിൽ 99.3 ശതമാനവും വീടുകളിൽനിന്ന് ശേഖരിക്കുന്നവയാണ്.
മുംബൈയിലെ ഇന്നലത്തെ വായുനിലവാരം
ഡോക്ക്‌യാർഡ്: 125
നേവിനഗർ: 129
വർളി: 121
സയൺ: 102
ബികെസി: 146
ദേവ്‌നാർ: 173
ശിവാജിനഗർ: 159
കുർള: 145
താനെ: 150
ബോറിവ്‌ലി ഈസ്റ്റ്: 152