പൊള്ളിക്കും ഉഷ്ണതരംഗം:താപനില 38 ഡിഗ്രി വരെ ഉയരാം, ജാഗ്രതാ നിർദേശം

Mail This Article
മുംബൈ∙ തലസ്ഥാനത്തിനു പുറമേ, താനെ, റായ്ഗഡ് ജില്ലകളിലും നാളെ വരെ ഉഷ്ണതരംഗത്തിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം അധികൃതർ മുന്നറിയിപ്പു നൽകി. താപനില 38 ഡിഗ്രി വരെ ആകാം. ഉച്ചസമയത്ത് പുറത്തിറങ്ങുന്നവരും വെയിലത്ത് ജോലി ചെയ്യുന്നവരും ശ്രദ്ധിക്കണമെന്നും നിർദേശിച്ചു. ഏതാനും ദിവസത്തെ നേരിയ ആശ്വാസത്തിനു ശേഷമാണ് വീണ്ടും ചൂട് കൂടുന്നത്. നാളെ വരെ പകലും രാത്രിയും താപനില പതിവിലും 5 ഡിഗ്രി വരെ കൂടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറത്തിറക്കി. രാവിലെ 11നും വൈകിട്ടു നാലിനും മധ്യേ വെയിലത്ത് ജോലി ഒഴിവാക്കുക, ചൂടിൽ പുറത്തിറങ്ങുന്നവർ തലയും മുഖവും മറയ്ക്കുക, കുട കരുതുക, ശുദ്ധജലം ധാരാളം കുടിക്കുക, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ നിർദേശങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറക്കി. ശക്തമായ തലവേദന, ഛർദി, തൊണ്ട വറ്റുക, ക്ഷീണം എന്നിവ സൂര്യാതപത്തിന്റെ ലക്ഷണങ്ങൾ ആകാം. ശാരീരിക ബുദ്ധിമുട്ട് തോന്നുന്നവർ മെഡിക്കൽ സഹായം തേടണം.