മെട്രോ: ബികെസി–വർളി സർവീസ് അടുത്ത മാസം; വർളി–കൊളാബ സർവീസ് ജൂലൈയിൽ ആരംഭിച്ചേക്കും

Mail This Article
മുംബൈ∙ ബാന്ദ്ര–കുർള കോംപ്ലക്സിൽ (ബികെസി) നിന്നു വർളിയിലേക്കുള്ള മെട്രോ സർവീസ് ഏപ്രിൽ രണ്ടാംവാരം ആരംഭിക്കും. നഗരത്തിലെ ആദ്യത്തെ ഭൂഗർഭ മെട്രോ ആയ ‘മെട്രോ മൂന്നി’ന്റെ ഭാഗമാണിത്. നിലവിൽ ആരേ കോളനി മുതൽ ബികെസി വരെയാണ് ‘മെട്രോ മൂന്ന്’ സർവീസ് നടത്തുന്നത്. ഇത് വർളിയിലേക്കു നീട്ടുന്നതോടെ ആയിരക്കണക്കിനു യാത്രക്കാർക്ക് ഗുണമാകും. ഗതാഗതക്കുരുക്കു കുറയ്ക്കാനും സഹായിക്കും. വർളിയിൽനിന്ന് കൊളാബയിലേക്കുള്ള ശേഷിക്കുന്ന പാത ജൂലൈയിൽ തുറന്നുകൊടുക്കാനാണു ശ്രമം.
അതോടെ, 33.5 കിലോമീറ്റർ വരുന്ന ഭൂഗർഭ പാത പൂർണമായും സജ്ജമാകും. ആരേ കോളനിയിൽനിന്ന് അന്ധേരിയിലൂടെ ബികെസി, വർളി, ദാദർ വഴി കൊളാബ വരെ നീളുന്ന പാത പൂർണമായും തുറക്കുന്നതോടെ ഭരണ, ബിസിനസ്, കോർപറേറ്റ് മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായി മാറും. പ്രതിദിനം ലക്ഷക്കണക്കിനു പേർക്ക് ഉപകാരമുളള പാതയായി മാറും. മഴയും വെയിലും കൊള്ളാതെ എസിയിൽ മികച്ച യാത്രയ്ക്കും വഴിതുറക്കും.
ആരേ–വർളി യാത്രയ്ക്ക് അര മണിക്കൂർ
ആരേ കോളനിയിൽനിന്നു ബികെസി വരെയുള്ള സർവീസ് ഏപ്രിൽ രണ്ടാംവാരം വർളിയിലേക്കു നീട്ടുന്നതോടെ ആരേയിൽനിന്നു വർളിയിലേക്കുള്ള യാത്രാസമയം (22 കിലോമീറ്റർ) 36 മിനിറ്റായി കുറയും. ഒരു ദിശയിലേക്ക് 60 രൂപയായിരിക്കും നിരക്ക്. ആരേ–വർളി പാത അന്ധേരിയിലെ സീപ്സ്, എംഐഡിസി, ബികെസി, ധാരാവി, ദാദർ, വർളി എന്നീ തിരക്കേറിയ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് കടന്നുപോകുന്നത്.
ആദ്യഘട്ടം: ആരേ കോളനി–ബികെസി
∙ ദൈർഘ്യം: 12.69 കിലോമീറ്റർ
∙ സർവീസ് ആരംഭിച്ചത്: 2024 ഒക്ടോബർ 7
∙ മെട്രോ സ്റ്റേഷനുകൾ: 10
രണ്ടാം ഘട്ടം: ബികെസി–വർളി
∙ ദൈർഘ്യം: 9.31 കിലോമീറ്റർ
∙ സർവീസ് ആരംഭിക്കുന്നത്: വരുന്ന ഏപ്രിൽ 10
∙ മെട്രോ സ്റ്റേഷനുകൾ: 6
മൂന്നാംഘട്ടം: വർളി–കഫ് പരേഡ് (കൊളാബ)
∙ ദൈർഘ്യം: 11.5 കിലോമീറ്റർ
∙ സർവീസ് ആരംഭിക്കുന്നത്: വരുന്ന ജൂലൈ
∙ മെട്രോ സ്റ്റേഷനുകൾ: 11
മെട്രോ 3 (പൂർണപാത) ഇങ്ങനെ:
∙ ആരേ കോളനിയിൽനിന്ന് ബികെസി, വർളി വഴി കൊളാബയിലേക്ക്
∙ ആകെ ദൈർഘ്യം: 33.5 കിലോമീറ്റർ
∙ സവിശേഷത: പൂർണമായും ഭൂഗർഭ പാത
∙ ആകെ സ്റ്റേഷനുകൾ: 27