40 ലക്ഷം കോടിയുടെ നിക്ഷേപം: 50 ലക്ഷം തൊഴിലവസരം; നികുതി പിരിച്ച് തൊഴിൽ
Mail This Article
മുംബൈ∙ വലിയ പദ്ധതികളില്ല; സിഎൻജി, എൽപിജി വാഹനങ്ങളുടെ മോട്ടർ വാഹന നികുതി ഒരു ശതമാനം വർധിപ്പിച്ചും 30 ലക്ഷം രൂപയിൽ കൂടുതലുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് 6 ശതമാനം നികുതി ഏർപ്പെടുത്തിയും സംസ്ഥാന സർക്കാർ ബജറ്റ് അവതരിപ്പിച്ചു. എൻഡിഎയെ അധികാരത്തിൽ തിരിച്ചെത്താൻ സഹായിച്ച ലാഡ്കി ബഹിൻ പദ്ധതിക്കായി 36,000 കോടി രൂപ അനുവദിച്ചു. അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ ലഭിക്കുന്നതാണ് പദ്ധതി. ഇത് 2100 രൂപയാക്കുമെന്നായിരുന്ന തിരഞ്ഞെടുപ്പു വാഗ്ദാനം ബജറ്റിൽ പാലിച്ചില്ല.
40 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിലും 50 ലക്ഷം തൊഴിലവസരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പുതിയ വ്യവസായ നയമെന്ന് 7 ലക്ഷം കോടി രൂപയുടെ ബജറ്റ് അവതരിപ്പിക്കവേ ധനമന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി അജിത് പവാർ വ്യക്തമാക്കി. ഗ്രാമീണ ഭവന നിർമാണത്തിനായി സർക്കാർ 15,000 കോടി രൂപ പ്രഖ്യാപിച്ചു, 20 ലക്ഷം വീടുകൾ നിർമിക്കുകയാണു ലക്ഷ്യം. മുംബൈ മെട്രോപൊലിറൻ മേഖലയെ ‘ഗ്രോത്ത് സെന്റർ’ ആക്കി വികസിപ്പിക്കും.
അധിക വരുമാനം
വ്യക്തിഗത ആവശ്യത്തിന് ഉപയോഗിക്കുന്ന നാലുചക്ര സിഎൻജി, എൽപിജി വാഹനങ്ങൾക്ക് (ചരക്ക് വാഹനങ്ങൾ അല്ലാത്തവ) ഒരു ശതമാനം നികുതി വർധിപ്പിക്കും; ഇപ്പോൾ 7 മുതൽ 9 ശതമാനം വരെയാണു നികുതി. ഇതു വർധിപ്പിക്കുന്നതിലൂടെ സർക്കാരിന് 150 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കും. 30 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് 6 ശതമാനം മോട്ടർ വാഹന നികുതി ചുമത്താൻ തീരുമാനിച്ചത് വില കൂടിയ ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറുന്നവർക്ക് തിരിച്ചടിയാകും.
ഇതുവഴി 170 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു. കെട്ടിട നിർമാണത്തിനായി ഉപയോഗിക്കുന്ന ക്രെയിനുകൾ, കംപ്രസറുകൾ, പ്രൊജക്ടറുകൾ, എക്‌സ്‌കവേറ്റർ തുടങ്ങിയ വാഹനങ്ങളുടെ വിലയ്ക്ക് 7 ശതമാനം മോട്ടർ വാഹന നികുതി ഒറ്റത്തവണയായി ചുമത്താൻ സർക്കാർ തീരുമാനിച്ചു.
ഇത് സർക്കാരിന് 180 കോടി രൂപയുടെ അധിക വരുമാനം നൽകും. ലൈറ്റ് ഗുഡ്സ് വാഹനങ്ങളുടെ (എൽജിവി) വിലയ്ക്ക് 7 ശതമാനം മോട്ടർ വാഹന നികുതി ഒറ്റത്തവണയായി ഏർപ്പെടുത്തും. ഇതുവഴി 625 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കാർഷിക വരുമാനം കൂട്ടും
2024-25ൽ 8.7 ശതമാനം കാർഷിക വളർച്ച പ്രതീക്ഷിക്കുന്നതായും കഴിഞ്ഞ വർഷത്തെ 3.3 ശതമാനത്തിൽനിന്ന് ഇത് മെച്ചപ്പെട്ടതായും മന്ത്രി പറഞ്ഞു. ചെറുകിട കർഷകരെ കാലാവസ്ഥാ പ്രശ്നങ്ങളെ പ്രതിരോധിക്കുന്ന വിളകൾ വളർത്താൻ സഹായിക്കുന്നതിന് നാനാജി ദേശ്മുഖ് കൃഷി സഞ്ജീവനി പദ്ധതി 21 ജില്ലകളിലായി 7,201 ഗ്രാമങ്ങളിൽ നടപ്പിലാക്കും. 351.42 കോടി രൂപ വകയിരുത്തി. ധനമന്ത്രി എന്ന നിലയിൽ പതിനൊന്നാമത്തെ സംസ്ഥാന ബജറ്റാണ് അജിത് പവാർ അവതരിപ്പിച്ചത്.
ഒറ്റനോട്ടത്തിൽ
∙ മുംബൈ, നവിമുംബൈ വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന മെട്രോ പാതയുടെ നിർമാണം ഉടൻ ആരംഭിക്കും.
∙ വാഡ്‌വൻ തുറമുഖ നിർമാണവും വിമാനത്താവള നിർമാണവും വേഗത്തിലാക്കും.
∙ ഷിർഡി വിമാനത്താവളത്തിൽ രാത്രി ലാൻഡിങ് സൗകര്യം
∙ നാഗ്പുർ വിമാനത്താവളം സ്വകാര്യ പങ്കാളിത്തത്തോടെ നവീകരിക്കും.
∙ ഈ മാസം അവസാനത്തോടെ അമരാവതി വിമാനത്താവളത്തിൽ യാത്രാ സേവനങ്ങൾ ആരംഭിക്കും.
∙ ഗഡ്ചിറോളിയിൽ പുതിയ വിമാനത്താവളത്തിനുള്ള സർവേ വേഗത്തിലാക്കും.
∙ അകോള വിമാനത്താവളം വിപുലീകരിക്കും
∙ പുതിയ നിക്ഷേപങ്ങളെ ആകർഷിക്കാൻ ‘മെയ്ക് ഇൻ മഹാരാഷ്ട്ര’ പദ്ധതി നടപ്പാക്കും.
∙ ആരോഗ്യമേഖലയിൽ മുതിർന്ന പൗരൻമാർക്ക് പുതിയ നയം
∙ എല്ലാ വർഷവും ഒക്ടോബർ 3 മറാഠി ഭാഷാ ദിനമായി ആഘോഷിക്കും.
∙ മുംബൈ-നാഗ്പുർ സമൃദ്ധി എക്സ്പ്രസ് വേയുമായി വാഡ്‌വൻ തുറമുഖത്തെ ബന്ധിപ്പിക്കും.
∙ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽനിന്ന് മാണ്ഡ്‌വയിലേക്കും എലിഫന്റാ ദ്വീപിലേക്കും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിന് നയം രൂപീകരിക്കും.
∙ ഓരോ താമസക്കാരനും 5 കിലോമീറ്ററിനുള്ളിൽ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കും.
∙ ഒന്നിലധികം രേഖകൾ ഉപയോഗിച്ച് ഒരേ ഇടപാട് പൂർത്തിയാക്കുകയാണെങ്കിൽ, അനുബന്ധ രേഖകൾക്ക് സ്റ്റാംപ് ഡ്യൂട്ടി 100 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തും.
∙ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാനും സർട്ടിഫിക്കറ്റ് ലഭിക്കാനും ഓൺലൈൻ സൗകര്യമൊരുക്കി ഇ–സ്റ്റാംപ് സർട്ടിഫിക്കറ്റ് നടപ്പാക്കും.
∙ കർഷകരുടെ 45 ലക്ഷം വാട്ടർ പമ്പുകൾക്ക് സൗജന്യ വൈദ്യുതി.
∙ 50,000 കർഷകർക്കു സഹായമാകും വിധം കാർഷിക മേഖലയിൽ എഐ (നിർമിത ബുദ്ധി) സഹായം ഉറപ്പിക്കും.
∙ മുള വ്യവസായത്തിന് 4,300 കോടി രൂപ.