അവഗണന മറികടക്കാം വിദ്യാഭ്യാസത്തിലൂടെ: വൽസ നായർ സിങ്

Mail This Article
മുംബൈ∙ വനിതകൾ ഏറെ മുന്നിൽ എത്തിയിട്ടുണ്ടെങ്കിലും വീടുകളിൽനിന്നുപോലും അവഗണനയും നിരുത്സാഹപ്പെടുത്തലും ഇന്നും നേരിടേണ്ടിവരുന്നുണ്ടെന്നും ഉന്നത വിദ്യാഭ്യാസം നേടുന്നതിലൂടെ മാത്രമേ ഇതുമറികടക്കാനാവൂ എന്നും മഹാരാഷ്ട്ര അഡിഷനൽ ചീഫ് സെക്രട്ടറി വൽസ നായർ സിങ് അഭിപ്രായപ്പെട്ടു. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗം സംഘടിപ്പിച്ച സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ.
വനിത ആയതുകൊണ്ട് ഔദ്യോഗിക രംഗത്ത് ഇന്നേവരെ യാതൊരുവിധ അവഗണനയും അനുഭവിക്കേണ്ടിവന്നിട്ടില്ല. കേരളത്തെ അപേക്ഷിച്ചു മഹാരാഷ്ട്ര തികച്ചും വനിതാ സൗഹൃദ സംസ്ഥാനമാണെന്ന് ഉറപ്പിച്ചു പറയാൻ കഴിയും – വൽസ നായർ സിങ് പറഞ്ഞു. സംഗമത്തിൽ മായാ സഹജൻ അധ്യക്ഷത വഹിച്ചു. കൺവീനർ സുമാപ്രകാശ്, സെക്രട്ടറി വിജയ രഘുനാഥ്, ഷീജ കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.
വനിതാ വിഭാഗം സോണൽ കൺവീനർമാർ, യൂണിറ്റ് കൺവീനർമാർ, സെക്രട്ടറിമാർ, ശാരദ വനിതാ വെങ്ച്വർ ഡയറക്ടർ വത്സാ ചന്ദ്രൻ എന്നിവർ പങ്കെടുത്തു. സമിതിയുടെ 41 യൂണിറ്റുകളിൽ നിന്ന് ആയിരത്തിലധികം വനിതകൾ പങ്കെടുത്തു. മുൻകാല പ്രവർത്തകരായ പദ്‌മ ദിവാകരൻ, വൽസ ചന്ദ്രൻ, പങ്കജം തിലകൻ എന്നിവരെ ആദരിച്ചു. കലാപരിപാടികളും ഉണ്ടായിരുന്നു.