പ്രതിസന്ധി നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മന്ത്രി; ഉള്ളി ലേലം വീണ്ടും തുടങ്ങി

Mail This Article
മുംബൈ ∙ ഉള്ളിവില കുത്തനെ ഇടിഞ്ഞതിനെത്തുടർന്ന് നാസിക് ലസൽഗാവ് എപിഎംസിയിൽ (അഗ്രികൾചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി) കർഷകർ നിർത്തിവച്ച ഉള്ളി ലേലം ഇന്നലെ പുനരാരംഭിച്ചു. ഉള്ളിയുടെ 20% കയറ്റുമതി തീരുവ നീക്കം ചെയ്യുക, കർഷകർക്കു നഷ്ടം വരാത്ത രീതിയിൽ ഉള്ളിവില നിയന്ത്രിച്ചു നിർത്തുക, കർഷകർക്ക് നീതി ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ലേലം നിർത്തിവച്ചതിനു പുറമേ മാർക്കറ്റിലെ വലിയ ജലസംഭരണിയുടെ മുകളിൽ കയറിയും 15 കർഷകർ പ്രതിഷേധിച്ചിരുന്നു.
കർഷകർ ഉന്നയിച്ച പ്രശ്നങ്ങൾ നാസിക് എംഎൽഎ ഛഗൻ ഭുജ്ബൽ നിയമസഭാ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് കൃഷിമന്ത്രി മണിക്റാവു കൊക്കാട്ടെ ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം നിർത്തിയത്. വിവിധ തരം ഉള്ളികളുടെ വിലയിൽ ക്വിന്റലിന് 300–500 രൂപ വരെയാണ് ഇടിവുണ്ടായത്. 5 ദിവസം മുൻപ് ക്വിന്റലിന് 2,250, 2,300 രൂപ വിലയുണ്ടായിരുന്ന ഉള്ളികൾക്ക് ഇന്നലെ യഥാക്രമം 1,700, 1,800 രൂപയായിരുന്നു വില. കഴിഞ്ഞ തിങ്കളാഴ്ച 11,500 ക്വിന്റൽ ഉള്ളിയും ഇന്നലെ രാവിലെ 13,000 ക്വിന്റൽ ഉള്ളിയും മാർക്കറ്റിലെത്തിയിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മാർക്കറ്റാണ് ലസൽഗാവിലെ എപിഎംസി.