ADVERTISEMENT

മുംബൈ ∙ റോഡ് അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ, രാസലഹരി ഉപയോഗിച്ച ശേഷം വാഹനം ഓടിക്കുന്നത് കണ്ടെത്താനായി അത്യാധുനിക ഉപകരണങ്ങൾ വാങ്ങുമെന്നു സർക്കാർ അറിയിച്ചു. ഉമിനീർ സാംപിൾ പരിശോധിക്കാനുള്ള ഉപകരണങ്ങളാണ് വാങ്ങുന്നത്. 5 മിനിറ്റിനകം ഫലം ലഭിക്കും. രാസലഹരി, എംഡിഎംഎ, കഞ്ചാവ്, ബ്രൗൺ ഷുഗർ എന്നിവ ഉപയോഗിച്ചിട്ടുണ്ടോയെന്ന് അതുവഴി കണ്ടെത്താനാകും. ഇത്തരം ഉപകരണങ്ങൾ 2023 മുതൽ കേരളത്തിൽ ഉപയോഗിക്കുന്നുണ്ടെന്നും ഗതാഗതമന്ത്രി പ്രതാപ് സർനായിക് പറഞ്ഞു. 

സംസ്ഥാനത്ത് റോ‍ഡ് അപകടങ്ങളിൽ, പ്രതിദിനം 40 പേർ മരിക്കുന്നതായാണ് റിപ്പോർട്ട്. ഡ്രൈവർമാർ മദ്യം കഴിച്ചിട്ടുണ്ടോ എന്നറിയാൻ ബ്രെത്തലൈസർ ഉൾപ്പെടെയുള്ള മാർഗങ്ങൾ നിലവിലുണ്ട്. എന്നാൽ, നിർമിതബുദ്ധിയുടെ സഹായത്തോടെയുള്ള ഹൈവേ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അതു പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ 10 വർഷത്തിനിടെ ഒട്ടേറെ ഗതാഗത പരിഷ്കരണങ്ങൾ നടപ്പാക്കിയെങ്കിലും അപകടങ്ങളുടെ എണ്ണം കുറയ്ക്കാൻ സാധിച്ചിട്ടില്ല. ഇരുചക്രവാഹനയാത്രക്കാരും കാൽനടയാത്രക്കാരും വാഹനാപകടങ്ങളിൽ മരിക്കുന്നതും കൂടിയിട്ടുണ്ട്. അതിനിടെ, തിരക്ക് കൂടുതലുള്ള സ്ഥലങ്ങളിൽ പ്രഭാതനടത്തത്തിനു പ്രത്യേത നടപ്പാതയൊരുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. റോഡിനു കുറുകെ കടക്കാനായി കൂടുതൽ സീബ്രാ ക്രോസിങ്ങുകൾ ഒരുക്കണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ടും നാളുകളായി.

വില്ലൻ അമിതവേഗവും
അമിതവേഗവും ലഹരി ഉപയോഗവും മൂലമാണ് കൂടുതൽ അപകടങ്ങളുമുണ്ടായതെന്നാണ് പൊലീസ് റിപ്പോർട്ട്. അശ്രദ്ധമായ ഡ്രൈവിങ്ങാണ് അടുത്ത വില്ലൻ. സീറ്റ് ബെൽറ്റ് ധരിക്കാതെ, റോഡുകളിലെ ലൈനുകൾ ശ്രദ്ധിക്കാതെ, അലക്ഷ്യമായി വാഹനം ഓടിക്കുക, മുന്നറിയിപ്പുകളും സിഗ്‌നലും നൽകാതെ മറ്റു വാഹനങ്ങളെ മറികടക്കുക തുടങ്ങിയവയും അപകടങ്ങൾക്കിടയാക്കുന്നു. 

English Summary:

Drug-fueled driving is a major cause of increasing road accidents in Mumbai. The government is investing in advanced saliva testing technology to detect drug use in drivers and reduce fatalities.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com