1500 കോടിയുടെ തട്ടിപ്പ്: ലീലാവതി ആശുപത്രി മുൻ ട്രസ്റ്റിമാർക്ക് എതിരെ കേസ്
Mail This Article
മുംബൈ∙ പ്രശസ്തമായ ലീലാവതി ആശുപത്രിയുടെ നടത്തിപ്പുകാരായ ചാരിറ്റബിൾ ട്രസ്റ്റിൽനിന്ന് 1,500 കോടിയിലധികം തട്ടിയെടുത്തെന്ന് ആരോപിച്ച് 7 മുൻ ട്രസ്റ്റിമാർ അടക്കം 17 പേർക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. നിലവിലെ ട്രസ്റ്റിമാരുടെ പരാതിയിലാണു നടപടി. മുൻ ട്രസ്റ്റിമാർ ദുർമന്ത്രവാദം നടത്തിയിരുന്നതായും മനുഷ്യമുടിയും തലയോട്ടികളുടെ ഭാഗങ്ങളും അടങ്ങുന്ന എട്ടു കലശം കണ്ടെത്തിയതായും പരാതിക്കാർ ആരോപിച്ചു. അന്വേഷണം മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗം ഏറ്റെടുത്തു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വേണമെന്നും നിലവിലെ ഭരണസമിതി ആവശ്യപ്പെട്ടു. ലീലാവതി കീർത്തിലാൽ മേത്ത ട്രസ്റ്റിനു കീഴിലാണ് ലീലാവതി ആശുപത്രി. 2002–2023 കാലഘട്ടത്തിൽ ട്രസ്റ്റ് നയിച്ചവർക്കെതിരെയാണ് ആരോപണം. ഏറെനാൾ നീണ്ട അധികാരവടംവലിക്ക് ഒടുവിൽ 2023ലാണ് പുതിയ ട്രസ്റ്റികളുടെ പക്കൽ ഭരണം എത്തുന്നത്. തുടർന്ന് അക്കൗണ്ടുകൾ, ഇടപാടുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ ഫൊറൻസിക് ഓഡിറ്റിങ്ങിലാണ് തട്ടിപ്പു കണ്ടെത്തിയത്.
മെഡിക്കൽ ഉപകരണങ്ങൾ, മരുന്ന്, ഫർണിച്ചർ, ഓഫിസ് സാധനങ്ങൾ, കംപ്യൂട്ടറുകൾ, ആംബുലൻസുകൾ, ആശുപത്രിയുടെ പേരിൽ സ്ഥലവും കെട്ടിടവും എന്നിവ വാങ്ങിയതുമായി ബന്ധപ്പെട്ടും മറ്റുമാണ് 20 വർഷത്തിനിടെ 1500 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയിരിക്കുന്നതെന്ന് സ്ഥിരം ട്രസ്റ്റിയായ പ്രശാന്ത് മേത്ത ആരോപിച്ചു. സാമ്പത്തിക തട്ടിപ്പ്, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നിവ അടക്കമുള്ള കുറ്റങ്ങൾക്കാണ് കേസെടുത്തത്.
ആരോപണവിധേയരായ ട്രസ്റ്റിമാർ യുഎഇ, ബെൽജിയം എന്നിവയടക്കമുള്ള വിദേശ രാജ്യങ്ങളിലാണെന്ന് ആശുപത്രി എക്സിക്യുട്ടീവ് ഡയറക്ടറായ മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിങ് പറഞ്ഞു. ദുർമന്ത്രവാദത്തിന് ഉപയോഗിച്ച കലശങ്ങൾ മുദ്രവച്ച് അന്വേഷണസംഘത്തിനു കൈമാറിയതായും വ്യക്തമാക്കി. സ്ഥിരം ട്രസ്റ്റിയുടെ ഒാഫിസിന്റെ തറയിൽ കുഴിച്ചിട്ട നിലയിലാണ് കലശങ്ങൾ കണ്ടെത്തിയത്. ആശുപത്രി കേന്ദ്രീകരിച്ച് രാജ്യത്ത് നടന്ന വൻ തട്ടിപ്പുകളിൽ ഒന്നായിരിക്കും ഇതെന്നും പരംബീർ സിങ് പറഞ്ഞു. ബോളിവുഡ് താരങ്ങളും വ്യവസായ പ്രമുഖരും ഉൾപ്പെടെ ആശ്രയിക്കുന്ന പ്രധാന ആശുപത്രികളിൽ ഒന്നാണ് ലീലാവതി. അടുത്തിടെ, മോഷ്ടാവിന്റെ കുത്തേറ്റ് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ചികിത്സ തേടിയത് ഇവിടെയാണ്.