ADVERTISEMENT

മുംബൈ∙ ഏത് പാതിരാത്രിയിലും സുരക്ഷിതമായി സ്ത്രീകൾക്ക് സഞ്ചരിക്കാവുന്ന നഗരമായിരുന്നു ഒരുകാലത്ത് ആംചി മുംബൈ. പക്ഷേ, ഇന്ന് സ്ത്രീകൾക്ക് ഇവിടം ഒട്ടും ‘സേഫ്’ അല്ലെന്ന കണക്കുകളുടെ ഞെട്ടലിലാണ് നഗരം. മുൻവർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വർഷം സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ വർധന 12%. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന കേസുകൾ വർധിച്ചത് 21%. മൂന്ന് വർഷത്തിനിടയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടിയത് വലിയ തോതിലെന്നും പൊലീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

ബസ് പീഡനം, ബദ്‌ലാപുർ, പൂവാലശല്യം...നടപടികളിൽ വീഴ്ചയോ? 
കേന്ദ്രമന്ത്രി രക്ഷാ ഖഡ്സെയുടെ മകളെ പൂവാല സംഘം ശല്യം ചെയ്ത കേസിൽ പൊലീസ് വീഴ്ച വരുത്തിയെന്ന ആരോപണം ഉയരുന്നതിനിടെയാണ് കണക്കുകൾ പുറത്ത് വന്നത്. മന്ത്രിയുടെ മകൾക്ക് ഒപ്പം ഉണ്ടായിരുന്ന സുരക്ഷാ  ഉദ്യോഗസ്ഥനെ മർദിച്ചിട്ടും പ്രതികൾക്ക് ഉടനടി ജാമ്യം ലഭിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആഭ്യന്തരമന്ത്രിയെന്ന നിലയിൽ തികഞ്ഞ പരാജയമാണെന്നും കുറ്റകൃത്യങ്ങൾ കൂടിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. പുണെ സ്റ്റേഷനിൽ ബസിൽ പെൺകുട്ടിയെ പീഡിപ്പിച്ചതും കഴിഞ്ഞ വർഷം ബദ്‌ലാപുരിൽ നഴ്സറിക്കുട്ടികൾ പീഡിപ്പിക്കപ്പെട്ടതും വലിയ വിവാദങ്ങളായിരുന്നു. 

ബോധവൽക്കരണം കൂടി; പരാതികളും: പൊലീസ്
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിച്ചതല്ലെന്നും പരാതി പറയാൻ എത്തുന്നവരുടെ എണ്ണത്തിലുണ്ടായ വർധനയാണിതെന്നുമാണ് പൊലീസിന്റെ വിശദീകരണം. അതിജീവിതമാർക്ക് പൊലീസിനെ സമീപിക്കാനുള്ള ഭയം മാറി. നിരന്തരമായ ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ഇതെല്ലാം അതിജീവിതമാർക്ക് പ്രചോദനം ആകുന്നുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാണിച്ചു. 95 ശതമാനം പീഡനക്കേസുകളിലും അതിജീവിതകൾക്ക് പരിചയം ഉള്ളവരാണ് പ്രതിസ്ഥാനത്ത്. ബന്ധുക്കൾ, സുഹൃത്തുക്കൾ, മേലധികാരികൾ, സഹപ്രവർത്തകർ എന്നിവരിൽ നിന്നുമാണ് മോശം അനുഭവങ്ങൾ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

സെക്സ് റാക്കറ്റ്: മോഡലുകൾ അടക്കം 4 പേരെ മോചിപ്പിച്ചു
മുംബൈ∙ നഗരത്തിലെ ഹോട്ടൽ കേന്ദ്രീകരിച്ച്  പ്രവർത്തിച്ച സെക്സ് റാക്കറ്റ് പിടിയിലായി. 2 പേരെ അറസ്റ്റ് ചെയ്തു. സംഘത്തിന്റെ കെണിയിൽപെട്ട നാലുപേരെ മോചിപ്പിക്കുകയും ചെയ്തു. മോഡലുകളും സീരിയൽ നടിമാരും ആയിരുന്നു സംഘത്തിലുണ്ടായിരുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് മോഡലുകളെ കെണിയിൽ അകപ്പെടുത്തിയത്.  രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പവായിലെ ഹോട്ടലിൽ പൊലീസ് പരിശോധന നടത്തിയത്. നടത്തിപ്പുകാരൻ‌ ശ്യാം സുന്ദർ അറോറയെയും സഹായിയുമാണ് പിടിയിലായത്. സംഘത്തിന്റെ പക്കൽനിന്ന് മൂന്ന് ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. മറ്റൊരാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.

ഹോളി പാർട്ടിക്കിടെ അപമര്യാദ; നടിയുടെ പരാതിയിൽ സഹനടന് എതിരെ കേസ്
മുംബൈ∙ ഹോളി പാർട്ടിക്കിടെ സഹനടൻ മോശമായി പെരുമാറിയെന്നാരോപിച്ച് സീരിയൽ നടി പരാതി നൽകി. ഒട്ടേറെ വെബ് സീരിസുകളിലും സീരിയലുകളും പ്രധാന വേഷം ചെയ്യുന്ന നടിയാണ് പരാതിക്കാരി. വെള്ളിയാഴ്ച സംഘടിപ്പിച്ച ഹോളി പാർട്ടിക്കിടെ മദ്യലഹരിയിൽ നടൻ അപമര്യാദയായി പെരുമാറി എന്നാണ് പരാതി. സീരിയലിന്റെ നിർമാണ കമ്പനി നടത്തിയ പാർട്ടിക്കിടെയാണ് സംഭവം. പാർട്ടിയിൽ പങ്കെടുത്ത മറ്റ് സ്ത്രീകളോടും മോശമായി പെരുമാറാൻ ശ്രമിച്ചെന്നും പരാതിയിൽ ഉണ്ട്. കേസെടുത്ത പൊലീസ് പാർട്ടിയിൽ പങ്കെടുത്ത മറ്റുള്ളവരിൽ നിന്നും മൊഴിയെടുത്തു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നടന് നോട്ടിസ് നൽകി.

സൈബർ കുറ്റകൃത്യങ്ങളും കൂടുന്നു
‌സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങൾക്ക് പുറമേ സൈബർത്തട്ടിപ്പുകളും കൂടുന്നുണ്ട്. ഓഹരി വിപണിയിൽ നിക്ഷേപിച്ചാൽ ലാഭം, ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ, പാർട്ട് ടൈം ജോലികൾ, ടാസ്ക് പൂർത്തിയാക്കിയാൽ പണം തുടങ്ങി വിവിധ രീതികളിലുള്ള തട്ടിപ്പുകേസുകളാണ് കൂടിയിരിക്കുന്നത്.  ഭൂരിഭാഗം കേസുകളിലും പ്രതികളെ കണ്ടെത്താനായിട്ടില്ല.

English Summary:

Mumbai crime rates are alarmingly high, particularly crimes against women and children. The city faces significant challenges in addressing this issue and ensuring the safety of its citizens.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com