ADVERTISEMENT

മുംബൈ∙ മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ മുംബൈ ട്രാഫിക് പൊലീസ് നടപടി ശക്തമാക്കുന്നു. കേസ് റജിസ്റ്റർ ചെയ്യാനും ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും വാഹനങ്ങൾ കണ്ടുകെട്ടാനുമാണ് തീരുമാനം. നിയമലംഘനം നടത്തുന്നവർക്കുള്ള പിഴത്തുക അഞ്ച് ഇരട്ടിയായി കൂട്ടിയിട്ടും വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

പിഴ കൂട്ടിയിട്ടും രക്ഷയില്ല
​മദ്യപിച്ച് വാഹനമോടിച്ചതിന് 2023ൽ 2562 പേരെ മുംബൈ പൊലീസ് പിടികൂടി. ആദ്യ തവണ പിടിക്കപ്പെടുമ്പോഴുള്ള പിഴത്തുക 2000 രൂപയിൽനിന്ന് 10,000 രൂപയും ആവർത്തിച്ചാൽ 15,000 രൂപയുമായി ഉയർത്തിയെങ്കിലും നിയമലംഘനം നടത്തുന്നവരുടെ എണ്ണം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല.കഴിഞ്ഞ വർഷം മാത്രം 9462 പേരെ പിടികൂടി. 2023നെ അപേക്ഷിച്ച് നാലിരട്ടി. ഈ വർഷം ആദ്യ മൂന്ന് മാസത്തിനിടെ 2264 പേരെയും പിടികൂടി. നടപടി കടുപ്പിക്കുന്നതോടെ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്.

 ‘‘കാൽനടയാത്രക്കാർക്കും മറ്റു വാഹനയാത്രക്കാർക്കും അപകടം ഉണ്ടാക്കുന്ന തരത്തിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ നിയന്ത്രിക്കാൻ പിഴത്തുക കൂട്ടിയതുകൊണ്ട് കാര്യമില്ലെന്നാണ് മനസ്സിലാകുന്നത്. പിടിക്കപ്പെട്ടാൽ പിഴ നൽകി കുറ്റകൃത്യം വീണ്ടും ആവർത്തിക്കുന്നു. അതുകൊണ്ടാണ് മോട്ടർ വെഹിക്കിൾ നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്യാനും ലൈസൻസ് റദ്ദാക്കാനും തീരുമാനിച്ചു– ട്രാഫിക് പൊലീസ് ജോയിന്റ് കമ്മിഷണർ അനിർ കുംബാരെ പറഞ്ഞു.

2 ആഴ്ച, 103 പേർക്ക് എതിരെ കേസ്
ഈ മാസം ആദ്യ 2 ആഴ്ചയിൽ മാത്രം മദ്യപിച്ച് വാഹനം ഓടിച്ചതിന് 103 പേർക്ക് എതിരെ കേസെടുത്തു. ട്രാഫിക് പൊലീസിന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ ഇവരുടെ പേര് വെളിപ്പെടുത്തുകയും ലൈസൻസ് റദ്ദാക്കാനായി ഗതാഗത വകുപ്പിന് വിവരങ്ങൾ കൈമാറുകയും ചെയ്തു. വാഹനങ്ങൾ കണ്ടുകെട്ടാനുള്ള നടപടികളും തുടങ്ങിയെന്ന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ബോധവൽക്കരണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ പേർ രംഗത്തെത്തിയിട്ടുണ്ട്.

റോഡിൽ പൊലിയുന്ന ജീവൻ
​ഈ മാസം രണ്ടിനാണ് ഗോരെഗാവിൽ മദ്യപിച്ച് വാഹനം ഓടിച്ച സിഐഎസ്എഫ് കോൺസ്റ്റബിൾ 55 വയസ്സുകാരിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയത്. ഇത് വലിയ പ്രതിഷേധത്തിനും കാരണമായിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ 2022ൽ 126 അപകടങ്ങളിലായി 133 പേർക്കാണ് മുംബൈയിൽ മാത്രം ജീവൻ നഷ്ടമായത്. 

2023ൽ 67 പേരും മരിച്ചു.  ഓരോ വർഷവും നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കൂടുകയാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും എല്ലാവരുടെയും ജീവൻ വിലയുള്ളതാണെന്നും മുൻ ട്രാഫിക് ഡപ്യൂട്ടി കമ്മിഷണർ ഹരീഷ് ബൈജാൽ പറഞ്ഞു.

മദ്യപിച്ച് വാഹനം ഓടിച്ചതിന് മുംബൈയിൽ പിടിക്കപ്പെട്ടവർ
2023: 2562
2024: 9462
2025: 2264 (മാർച്ച് വരെ)

മദ്യപിച്ച് വാഹനം ഓടിക്കുന്നത് ചെറിയ കുറ്റമല്ല. ശിക്ഷാനടപടികളും ശക്തമാക്കണം. നിയമ ലംഘകർക്ക് എതിരെ കേസെടുക്കുന്നത് അവർക്ക് പാസ്പോർട്ട്, വീസ, ജോലിക്കുവേണ്ടിയുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിനെ ബാധിക്കും. പിടിക്കപ്പെട്ടാൽ ഇത്തരം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന കാര്യം ഡ്രൈവർമാരും അറിയണം. ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്യാംപെയ്നുകൾ നടത്തണം.

English Summary:

Drunk driving in Mumbai faces stricter penalties. The Mumbai traffic police are implementing a zero-tolerance policy with severe consequences including license suspension and vehicle confiscation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com