മുംബൈ നഗരയാത്രയ്ക്ക് വന്നെത്തി ‘ബെസ്റ്റ്’ സംവിധാനം

Mail This Article
മുംബൈ ∙ നഗരത്തിലെ യാത്രകൾ കൂടുതൽ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ മുംബൈ കോർപറേഷന്റെ ഗതാഗത വിഭാഗമായ ബെസ്റ്റും ഗൂഗിൾ മാപ്പും ചേർന്ന് ആവിഷ്കരിച്ച പുതിയ പദ്ധതിക്കു തുടക്കമായി. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നയാൾക്ക് ഏറ്റവും എളുപ്പത്തിൽ എത്താവുന്ന ബസ് സ്റ്റോപ്, അവിടെനിന്നുള്ള ബസുകളുടെ സമയം, എത്ര സമയം ഇടവിട്ട് ബസുകളുണ്ട്, ബസിന്റെ നമ്പർ, ആകെ യാത്രയ്ക്കെടുക്കുന്ന സമയം, നിരക്ക് തുടങ്ങിയവ ഗൂഗിൾ മാപ്പിലൂടെ കാണാം. ഇതുവരെ വഴി മാത്രം കാണിച്ചുതരുന്ന സംവിധാനമാണു നിലവിലുണ്ടായിരുന്നത്. സ്ഥിരം യാത്രക്കാർക്കു പുറമേ നഗരത്തിൽ ആദ്യമായെത്തുന്നവർക്കും വിനോദസഞ്ചാരികൾക്കും പുതിയ സംവിധാനം ഏറെ ഗുണകരമാകും.
പൊതുഗതാഗത രംഗത്ത് എഐ (നിർമിതബുദ്ധി) സാങ്കേതിക സൗകര്യങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ മാസമാണു സംസ്ഥാന സർക്കാർ ഗൂഗിളുമായി ധാരണാപത്രം ഒപ്പിട്ടത്. പദ്ധതി യാഥാർഥ്യമായതോടെ യാത്ര തുടങ്ങുന്ന സ്ഥലവും യാത്ര അവസാനിക്കുന്ന സ്ഥലവും മൊബൈലിൽ ലഭ്യമാകുന്നതിനൊപ്പം ബസ് യാത്രയ്ക്കുള്ള മികച്ച റൂട്ട്, മെട്രോ, ലോക്കൽ, ഓട്ടോറിക്ഷ, ടാക്സി മാർഗങ്ങൾ എന്നിവയും തെളിഞ്ഞുവരും. അതിൽനിന്ന് ഏറ്റവും എളുപ്പമുള്ള യാത്രാമാർഗം തിരഞ്ഞെടുക്കാം. ഇംഗ്ലിഷിനു പുറമേ മറാഠിയിലും ഹിന്ദിയിലും സേവനം ലഭ്യമാണ്.
ഭാവിയിൽ ബെസ്റ്റിനും ഗുണകരമാകും
യാത്രക്കാർക്കു വിവരങ്ങൾ കൃത്യമായി അറിയാൻ കഴിയുമെന്നതിനു പുറമേ ഒരേ റൂട്ടിൽ ഓടുന്ന 2 ബസുകൾ തമ്മിലുള്ള സമയപരിധി കുറയ്ക്കാനും ഇത് സഹായിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതോടൊപ്പം ഏറ്റവും തിരക്കുള്ള റൂട്ടുകൾ, തിരക്ക് കുറഞ്ഞ റൂട്ടുകൾ, യാത്രാസമയം, തിരക്ക് കൂടിയ സമയങ്ങൾ, തിരക്ക് കുറഞ്ഞ സമയങ്ങൾ എന്നീ വിവരങ്ങളും ഗൂഗിൾ അനലിറ്റിക്സിന്റെ സഹായത്തോടെ ശേഖരിക്കാം. ഏതെങ്കിലും റൂട്ടിൽ പുതിയ ബസുകൾ വേണമെങ്കിൽ അത് ലഭ്യമാക്കാനും അത്യാവശ്യമല്ലാത്തവ നീക്കം ചെയ്യാനും സംവിധാനം സാധിക്കുമെന്നതാണു മറ്റൊരു ഗുണമെന്നു പദ്ധതി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
ഉപയോഗം ഇങ്ങനെ
∙ ഗൂഗിൾ മാപ് തുറക്കുക.
∙ യാത്ര തുടങ്ങുന്ന സ്ഥലവും ലക്ഷ്യസ്ഥാനവും നൽകുക.
∙ സ്ക്രീനിലെ യാത്രാ ഐക്കണുകളിൽ ട്രെയിൻ ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക.
∙ ബസ്, ട്രെയിൻ, മെട്രോ സർവീസുകളെ സംയോജിപ്പിച്ച് തെളിഞ്ഞുവരുന്ന വ്യത്യസ്ത പാതകളിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുക.
യാത്രാനുഭവം
ഗോവണ്ടിയിലെ സിംറാൻ ഹൈറ്റ്സ് ഫ്ലാറ്റിൽനിന്ന് ബാന്ദ്ര– കുർള കോംപ്ലക്സിലെ ഐഎൻഎസ് ടവറിലേക്കുള്ള യാത്ര
∙ ഗൂഗിൾ മാപ്പ് നിർദേശിച്ചത് 5 മാർഗങ്ങൾ
∙ അതിൽ ഏറ്റവും കുറഞ്ഞ സമയം (38 മിനിറ്റ്) കൊണ്ട്, കുറഞ്ഞ നിരക്കിൽ (13 രൂപ) എത്താവുന്ന മാർഗം തിരഞ്ഞെടുത്തു.
∙ സിംറാൻ ഹൈറ്റ്സിൽനിന്ന് 7 മിനിറ്റ് (500 മീറ്റർ) നടന്നാൽ ദേവ്‌നാറിലെ സാമ്രാട്ട് അശോക് നഗറിലെ ബസ് സ്റ്റോപ്പിൽ എത്താമെന്നു മാപ്പിൽ തെളിഞ്ഞു.
∙ അവിടെനിന്ന് ബാന്ദ്ര വെസ്റ്റിലേക്കുള്ള ‘എ 375’ ബസിൽ കയറിയാൽ ബികെസിയിലെ ബാങ്ക് ഓഫ് ഇന്ത്യയ്ക്കു മുൻപിലെ സ്റ്റോപ്പിൽ ഇറങ്ങാമെന്നും ഗൂഗിൾ മാപ് നിർദേശിച്ചു. അതു തിരഞ്ഞെടുത്തു.
∙ ബസ് ഇറങ്ങി 7 മിനിറ്റ് നടന്നതോടെ ലക്ഷ്യസ്ഥാനമായ ഐഎൻഎസ് ടവറിൽ എത്തി.