പൊലീസിന് താക്കീതുമായി ഹൈക്കോടതി: പിടിച്ചെടുത്ത വണ്ടികൾ ‘പൊതുശല്യ’മാകരുത്

Mail This Article
മുംബൈ ∙ ഉപേക്ഷിക്കപ്പെട്ടതും പൊലീസ് പിടിച്ചെടുത്തതുമായ വാഹനങ്ങൾ പൊതുവഴികളിൽ കൂട്ടിയിടുന്നതിനെതിരെ ഹൈക്കോടതി രംഗത്തെത്തി. അത്തരം വാഹനങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ അതതു പൊലീസ് സ്റ്റേഷനുകൾ ഉടനടി നടപ്പാക്കണമെന്നും സാധാരണക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിൽ വാഹനങ്ങൾ തള്ളാനുള്ള സ്ഥലം സർക്കാർ ഉടൻ കണ്ടെത്തണമെന്നും കോടതി നിർദേശിച്ചു.
സമീപത്തെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത വാഹനങ്ങൾ ഹൗസിങ് സൊസൈറ്റിയുടെ ഗേറ്റിന്റെ പരിസരത്തുവരെ തള്ളിയതിനെതിരെ മുളുണ്ടിലെ മാരത്തൺ മാക്സിമ കോഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കേസ് വാദം കേൾക്കലിനായി ജൂലൈ 2ലേക്കു മാറ്റി.
നഗരത്തിലെ മാത്രം നഷ്ടം24.8 ലക്ഷം ചതുരശ്രയടി
ആർടിഒയുടെ കണക്കനുസരിച്ച് റോഡരികിലും മറ്റും ഉപേക്ഷിക്കപ്പെട്ട ഒരു വാഹനത്തിനു ശരാശരി 124 ചതുരശ്രയടി ആവശ്യമാണ്. നഗരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇരുപതിനായിരത്തോളം വാഹനങ്ങളാണു കണ്ടെത്തിയിട്ടുള്ളത്. അവയ്ക്ക് ആകെ ആവശ്യമായി വരുന്നത് 24.8 ലക്ഷം ചതുരശ്രയടിയാണ്. അതിനു പുറമേ വിവിധ കേസുകളിൽ പൊലീസ് പിടിച്ചെടുത്തവയുമുണ്ട്.
പാർക്കിങ് ഇടമില്ലെങ്കിൽ റജിസ്ട്രേഷനുമില്ല
നഗരത്തിൽ പാർക്കിങ് സ്ഥലമില്ലാത്തവർക്ക് ഇനിമുതൽ വാഹന റജിസ്ട്രേഷൻ അനുവദിക്കില്ലെന്നു ഗതാഗത മന്ത്രി പ്രതാപ് സർനായിക് പറഞ്ഞു. പാർക്കിങ് പ്രതിസന്ധിയും ഗതാഗതക്കുരുക്കും പരിഹരിക്കുകയാണു ലക്ഷ്യം. നഗരത്തിലെ വിനോദ കേന്ദ്രങ്ങളോടു ചേർന്നു പാർക്കിങ് പ്ലാസകൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട നീക്കുപോക്കുകൾ നഗരവികസന വകുപ്പ് നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
നേരിടുന്ന പ്രയാസങ്ങൾ
∙ ഗതാഗത തടസ്സമുണ്ടാക്കുന്നു
∙ ഫുട്പാത്തുകൾ, പാർക്കുകൾ, ശൂന്യമായ പ്ലോട്ടുകൾ എന്നിവ അനധികൃത പാർക്കിങ് ഇടങ്ങളാക്കുന്നു
∙ കാൽനടയാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്നു
∙ വാഹനങ്ങളിലെ എണ്ണ, ബാറ്ററി അമ്ലം തുടങ്ങിയവ മണ്ണിനെയും ജലസ്രോതസ്സിനെയും മലിനമാക്കുന്നു
∙ സാമൂഹികവിരുദ്ധരുടെ ഒളിയിടങ്ങളാകുന്നു
∙ തുരുമ്പെടുത്ത വാഹനങ്ങൾ അപകടസാധ്യത കൂട്ടുന്നു
പരിഹാര നിർദേശങ്ങൾ
∙ ഓരോ പൊലീസ് സ്റ്റേഷനും പ്രത്യേക പാർക്കിങ് ലോട്ടുകൾ നൽകുക
∙ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ വേഗത്തിൽ വിൽക്കാനായി ഓൺലൈൻ ലേലത്തിന് അവസരമൊരുക്കുക
പരിഹാരമുണ്ടാകും: ട്രാഫിക് പൊലീസ്
പിടിച്ചെടുത്തതും ഉപേക്ഷിക്കപ്പെട്ടതുമായ വാഹനങ്ങൾ എത്രയും പെട്ടെന്ന് ഡംപിങ് ഗ്രൗണ്ടിലേക്കു മാറ്റാൻ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും നടപടികൾ പുരോഗമിക്കുകയാണെന്നും ട്രാഫിക് വകുപ്പിലെ അഡിഷനൽ പൊലീസ് കമ്മിഷണർ പറഞ്ഞു.