ADVERTISEMENT

പത്തനംതിട്ട∙  പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നു, പൊടിക്കൽ യന്ത്രം പൊടിപിടിച്ച് നശിക്കുന്നു. നഗരസഭ ബസ്‌സ്റ്റാൻഡിൽ കെഎസ്ആർടിസി യാർഡിൽ ഒഴിഞ്ഞു കിടക്കുന്ന പ്രദേശത്തായാണ് ക്ലീൻ കേരള കമ്പനിയുടെ സഹകരണത്തോടെ 10 ലക്ഷം രൂപ ചെലവിൽ ആവശ്യമായ യന്ത്രങ്ങൾ സ്ഥാപിച്ചത്. ഷ്രെഡിങ് മെഷിൻ, ബെയ്‌ലിങ്, വെയിങ് യന്ത്രങ്ങൾ എന്നിവയാണ് സ്ഥാപിച്ചത്. യന്ത്രങ്ങൾ ഘടിപ്പിച്ച്  ട്രയൽ റണും വിജയകരമായി നടത്തിയിട്ടും ഇവ തുടർന്നു പ്രവർത്തിപ്പിക്കുവാനുള്ള ഒരു നീക്കവും നഗരസഭ നടത്തുന്നില്ല.

യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഷെഡിനു മുൻപിൽ പാറക്കല്ലുകൾ ഇറക്കിയിട്ടിരിക്കുന്നു. മേൽക്കൂരയുടെ താഴ്ന്നു നിന്ന മേച്ചിൽ ഷീറ്റുകൾ ബസുകൾ തട്ടി തകർന്ന നിലയിലാണ് ഇപ്പോൾ. ഈ അവസ്ഥയിൽ ശക്തമായ മഴ ഉണ്ടായാൽ ഷെഡിനുള്ളിലേക്ക് വെള്ളം വീഴാൻ സാധ്യതയുണ്ട്. ഇവിടെ യന്ത്രം പ്രവർത്തിപ്പിച്ചു തുടങ്ങിയാൽ വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് തരം തിരിക്കുകയാണ് ആദ്യം ചെയ്യുക. തുടർന്ന് ഇവ തരികളുടെ രൂപത്തിൽ പൊടിക്കും. തുടർന്ന് ഈ പൊടി ക്ലീൻ കേരള കമ്പനിക്കു കൈമാറാനാണു പദ്ധതി തയാറാക്കിയത്.

ഇതിനാവശ്യമായ പ്ലാസ്റ്റിക് വീടുകളിൽ നിന്നും മറ്റും ശേഖരിക്കാൻ ഹരിതകർമസേന രൂപീകരിച്ചെങ്കിലും അതിന്റെ പ്രവർത്തനം കാര്യമായി ആരംഭിച്ചില്ല. പുതുവർഷത്തിൽ ജോലി ആരംഭിച്ച ചില സേനാംഗങ്ങള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് പല പ്രദേശത്തായി കൂട്ടിവയ്ക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. പ്രധാനമായും നഗരസഭ മാർക്കറ്റിനുള്ളിലെ ഒരു മുറിയിലാണ് ഇപ്പോഴിത് ശേഖരിച്ചു വച്ചിരിക്കുന്നത്.

പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നെങ്കിലും ഇപ്പോഴും നിരോധിച്ച ഇനത്തിലുള്ള പ്ലാസ്റ്റിക് പൂർണമായും വിപണിയിൽ നിന്ന് ഒഴിവായിട്ടില്ല. ഇവ പൊതുസ്ഥലങ്ങളിലും ഒഴിഞ്ഞു കിടക്കുന്ന പറമ്പുകളിലേക്കുമായി വലിച്ചെറിയുകയാണ് ഇപ്പോഴും. ഈ പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് നിത്യവും പൊടിച്ചെടുത്താൽ നഗരം ശുചിയാകുന്നതു കൂടാതെ റോഡ് നിർമാണത്തിന് ഇത് ഉപകരിക്കുകയും ചെയ്യും.

നഗരസഭാധ്യക്ഷ റോസ്‌ലിൻ സന്തോഷ്

"വിവിധയിടങ്ങളിൽ നിന്നു ലഭിക്കുന്ന പ്ലാസ്റ്റിക്കുകൾ ശുചിയാക്കി നൽകാത്തതിനാൽ ഹരിതകർമ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ തരംതിരിക്കുന്നത് ബുദ്ധിമുട്ടായിരിക്കുന്നു. ഇവ ശുചിയാക്കി നൽകിയാൽ എത്രയും വേഗം യന്ത്രം പ്രവർത്തിപ്പിച്ചു തുടങ്ങാം. ഇതാണ് പ്രധാന തടസ്സമായി നിൽക്കുന്നത്."

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com