ADVERTISEMENT

കോട്ടയ്ക്കൽ: ഏറെ കഷ്ടതകൾ സഹിച്ചു വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയരായ ഏതാനും യുവാക്കൾ ചേർന്നു 11 വർഷം മുൻപ്മ ലപ്പുറത്ത് ഒരു കൂട്ടായ്മയുണ്ടാക്കി, കിഡ്നി ട്രാൻസ്പ്ലാന്റേഴ്സ് വെൽഫെയർ അസോസിയേഷൻ. വൃക്കരോഗികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടന വഴി, കൈവിട്ടു പോയെന്നു കരുതിയ ജീവിതം തിരികെ പിടിച്ച നൂറുകണക്കിന് ആളുകളാണ്. വൃക്ക മാറ്റിവയ്ക്കുന്നത് ഏറെ ശ്രമകരമായി കണ്ടിരുന്ന കാലത്താണ് കോട്ടയ്ക്കൽ, ഒതുക്കുങ്ങൽ, പൊൻമള ഭാഗങ്ങളിലുള്ള പത്തോളം യുവാക്കൾ ശസ്ത്രക്രിയയ്ക്കു വിധേയരായത്. സഹോദരനും അമ്മയും അടക്കമുള്ള അടുത്ത ബന്ധുക്കൾ വൃക്ക ദാതാക്കളായി. തുടർന്നാണ് ഇത്തരമൊരു കൂട്ടായ്മ എന്ന ആശയം രൂപപ്പെട്ടത്.

സംഘടനയിൽ ഇന്നു നൂറിൽപരം അംഗങ്ങളുണ്ട്. പത്തൂർ മണി (സെക്ര.), എ.കെ. കമറുദ്ദീൻ (ചെയർ.), മച്ചിങ്ങൽ ഷാജഹാൻ (ട്രഷ.), സഫ മുനീർ, ഷുഹൈബ്, ഷിഹാബ്, നജീബ്, പ്രശാന്ത്, മൊയ്തു (പ്രവർത്തക സമിതി അംഗങ്ങൾ) എന്നിവരാണ് ചുക്കാൻ പിടിക്കുന്നത്. ഇതിൽ മണി ഒതുക്കുങ്ങൽ പഞ്ചായത്തംഗവും കമറുദ്ദീൻ സ്‌ഥിരസമിതി അധ്യക്ഷനുമാണ്. വൃക്കരോഗികൾക്കു മാനസികമായ ധൈര്യം നൽകുകയാണ് കൂട്ടായ്മാ പ്രവർത്തകർ ആദ്യം ചെയ്യുന്നത്.

ഡയാലിസിസ് മുടങ്ങാതെ ചെയ്യേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തുന്നു. നേരത്തേ വൃക്ക ദാനം ചെയ്തവരെ കൂടെ കൂട്ടി അതിന്റെ ആവശ്യകത മറ്റുള്ളവർക്കു വിശദീകരിച്ചു കൊടുക്കുന്നു. വൃക്ക ദാനം നടത്താൻ തയാറുള്ളവർക്കുള്ള അനുമതി രേഖകൾ സർക്കാരിൽ നിന്നു വാങ്ങികൊടുക്കുന്നു. വൃക്കരോഗികൾക്കു പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വിവിധ സംഘടനകളിൽ നിന്നുമുള്ള സഹായ ധനം വാങ്ങിനൽകുന്നു.

ഇതിനകം നൂറ്റൻപതോളം പേർക്കു സംഘടനയുടെ സൗജന്യസഹായം ലഭിച്ചിട്ടുണ്ട്. വൃക്കരോഗികൾക്കു "സമാശ്വാസം" എന്ന പേരിൽ സർക്കാർ നൽകിയിരുന്ന 1,000 രൂപയുടെ പെൻഷൻ നിലച്ചിട്ട് മാസങ്ങളായി. ജില്ലാ പഞ്ചായത്ത് നൽകിയിരുന്ന സാമ്പത്തിക സഹായവും 2 വർഷം മുൻപ് മുടങ്ങി. ചില തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന തുക മാത്രമാണ് ഏക ആശ്രയം. പെൻഷൻ പുന:സ്ഥാപിക്കുകയും വർധിപ്പിക്കുകയും ചെയ്യുക, വാഹനാപകടങ്ങളിലും മറ്റും മരിക്കുന്നവരുടെ വൃക്കകൾ ആവശ്യക്കാർക്കു ഉപയോഗിക്കാൻ കഴിയുന്ന വിധം നിയമ നിർമാണം നടത്തുക. സംഘടന സർക്കാരിനു മുന്നിൽ വയ്ക്കുന്ന ആവശ്യങ്ങൾ ഇതെല്ലാമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com