ജാമിഅ മർകസ് കുല്ലിയ്യകളിൽ പഠനാരംഭത്തിന് തുടക്കം
Mail This Article
കോഴിക്കോട്∙ ജാമിഅ മർകസിന് കീഴിലെ വിവിധ കുല്ലിയ്യകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ 2023-2024 അക്കാദമിക വർഷത്തെ പഠനാരംഭം പ്രൗഢമായി. 18 സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആയിരത്തിലധികം വിദ്യാർഥികൾക്ക് ഫൗണ്ടർ ചാൻസലർ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ, സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് ചൊല്ലികൊടുത്ത് പഠനാരംഭം കുറിച്ചു. ആഴത്തിലുള്ള പഠനം പോലെ പ്രധാനമാണ് അച്ചടക്കവും ധാർമിക ബോധവുമുള്ള ജീവിതവും. പാഠ്യ വിഷയങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ചാൽ ജീവിത വിശുദ്ധി കൈവരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ വിവിധ ഡിപാർട്ടമെന്റ് മേധാവികളും അധ്യാപകരും പങ്കെടുത്തു. തഖസ്സുസ്, കുല്ലിയ്യ ഉസൂലുദ്ദീൻ, കുല്ലിയ്യ ശരീഅ, കുല്ലിയ്യ ലുഗ അറബിയ്യ, കുല്ലിയ്യ ദിറാസത്തുൽ ഇസ്‌ലാമിയ്യ വൽ ഇജ്തിമാഇയ്യ തുടങ്ങിയ ഫാക്കൽറ്റികളിലായി 655 വിദ്യാർത്ഥികളാണ് ഈ വർഷം പുതുതായി പ്രവേശനം നേടിയത്. സമീപകാലത്ത് വിടപറഞ്ഞ ഉസ്താദുമാരെയും മർകസ് സ്ഥാപക നേതാക്കളെയും ചടങ്ങിൽ അനുസ്മരിച്ചു.
റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽഹകീം അസ്‌ഹരി ആമുഖപ്രഭാഷണം നടത്തി. വിപിഎം ഫൈസി വില്യാപ്പള്ളി, കെകെ അഹ്‌മദ്‌കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, പ്രൊ-ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ സന്ദേശം നൽകി. പിസി അബ്ദുല്ല മുസ്‌ലിയാർ, കെ എം അബ്‌ദുറഹ്‌മാൻ ബാഖവി എളേറ്റിൽ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, മുഹ്‌യിദ്ദീൻ സഅദി കൊട്ടുകര, അബ്ദുല്ല സഖാഫി മലയമ്മ, നൗശാദ് സഖാഫി കൂരാറ, അബ്ദുൽ ഗഫൂർ അസ്ഹരി പാറക്കടവ്, ബശീർ സഖാഫി കൈപ്പുറം, സൈനുദ്ദീൻ അഹ്‌സനി മലയമ്മ, അബൂബക്കർ സഖാഫി പന്നൂർ, അബ്‌ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, സത്താർ കാമിൽ സഖാഫി, സുഹൈൽ അസ്‌ഹരി, ഫാളിൽ സഖാഫി യുപി, സിപി ഉബൈദുല്ല സഖാഫി, ഡോ. മുഹമ്മദ് റോശൻ നൂറാനി, സയ്യിദ് ശിഹാബുദ്ദീൻ സഖാഫി സംബന്ധിച്ചു.