ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് 19 രോഗം പടരുന്ന സാഹചര്യത്തിൽ നഗരത്തിലെ വലിയ മാർക്കറ്റുകളിൽ ശുചിത്വ സാഹചര്യം ഉറപ്പാക്കാൻ മന്ത്രി ഗോപാൽ റായിയുടെ നിർദേശം. അഗ്രിക്കൾചറൽ മാർ‌ക്കറ്റിങ് ബോർഡ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഇക്കാര്യം അറി‌യിക്കുകയായിരുന്നു. മാ‌ർക്കറ്റുകളിൽ ഹാൻഡ് സാനിറ്റൈസർ ഉൾപ്പെടെയുള്ള നടപടികൾ സ്വ‌ീകരിക്കും. 

ഗാസിപ്പുർ പച്ചക്കറി മാർക്കറ്റ്, മത്സ്യ–മീൻ മാർക്കറ്റ്, ആസാദ്പുർ മണ്ഡി, നരേല അനാജ് മണ്ഡി, നജഫ്ഗഡ് അനാജ് മണ്ഡി, എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്താനും ശുചിത്വം ഉറ‌പ്പാക്കാനും നിർദേശിച്ചിട്ടുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പച്ചക്കറി മാർക്കറ്റുകളിലൊന്നാണ് ആസാദ്പുർ മണ്ഡി. ആയിക്കണക്കിനു വാഹനങ്ങളും പതിനായിരക്കണക്കിനു വ്യാപാരികളുമാണ് പ്രതിദിനം ഇവിടെയെത്തുന്നത്. 

നഗരത്തിലെ മാർക്കറ്റുകളുടെ വികസനത്തിനുള്ള പദ്ധതി ആവിഷ്കരിക്കുമെന്നും ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ഇതും ഉൾപ്പെടുത്തുമെന്നും കാർഷിക വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഗോപാൽ റായ് വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു ഘട്ടമായിട്ടാകും വിക‌സനം നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ മാർക്കറ്റുകളുടെ മൊത്തം വികസനവും രണ്ടാം ഘട്ട‌ത്തിൽ പുതിയ മണ്ഡികളുടെ നിർമാണവുമാണ് ലക്ഷ്യമിടുന്നത്. 

ദേവാലയങ്ങൾ അണുവിമുക്തമാക്കും

ന്യൂഡൽഹി ∙ നഗരത്തിലെ ആരാധനാലയങ്ങൾ മുഴുവൻ അണുവിമുക്തമാക്കാനുള്ള നടപ‍ടിയുമായി നഗരസഭ. ഗുരുദ്വാര, പള്ളികൾ, ക്ഷേത്രങ്ങൾ എ‌ന്നിവയെല്ലാം വരും ദിവസങ്ങളിൽ അണുവിമുക്തമാക്കും. 50നു മുകളിൽ ആളുകൾ കൂടുന്നതു നി‌രോധിച്ചു സംസ്ഥാന സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു. വിശ്വാസികളേറെയെത്തുന്ന ആരാ‌ധനാലയങ്ങളിൽ കൂടുതൽ സുരക്ഷ ഒരുക്കേണ്ടതിനാലാണു നടപടിയെന്ന് അധികൃതർ പറഞ്ഞു. 

മൃഗശാല അടയ്ക്കും

ന്യൂഡൽഹി ∙ ഡൽഹി മൃഗശാല 31 വരെ അട‌ച്ചിടാൻ നിർദേശം. മൃഗശാല ഡയ‌റക്ടർ സുനീഷ് ബക്ഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സന്ദർശകരെ നിരീക്ഷിക്കാനും മൃഗശാലയുടെ പ്രവേശന കവാടത്തിലും മറ്റും ഹാൻഡ് സാനിറ്റൈസർ ഉ‌റപ്പാക്കാനും കേന്ദ്ര മൃഗശാല അതോറിറ്റി നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ പ്ര‌തിരോധ നടപടി ശക്തമാക്കിയ സാഹചര്യത്തിലാണു 31 വരെ മൃഗശാല അടച്ചിടാനുള്ള തീരുമാനം. 

ബ്രെത്തലൈസർ  വേണ്ടെന്ന് ജീവനക്കാർ‌

ന്യൂഡൽഹി ∙ ബ്രെത്തലൈസർ പരിശോധന നി‌‌ർത്തിവയ്ക്കണമെന്ന ആവശ്യവുമായി ഡൽഹി മെട്രോ സ്റ്റാഫ് കൗൺസിൽ. മെട്രോ ഡ്രൈവർമാർക്ക് ഉൾപ്പെടെ മദ്യപിച്ചിട്ടുണ്ടോ എന്നു  പരിശോധിക്കാനാണു ബ്രെത്തലൈസർ ഉപയോഗിക്കുന്നത്. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും സുരക്ഷ ഉറപ്പാക്കിയാണു പരി‌ശോധന നടത്തുന്നതെന്നുമുള്ള വിശദീകരണവുമായി ഡിഎംആർസിയും രംഗത്തെത്തിയിട്ടുണ്ട്.

ഷില്ലോങ്ങിലെ വിദ്യാർഥികളെ കേരളത്തിലെത്തിക്കും

ന്യൂഡൽഹി ∙ മേഘാലയ തലസ്ഥാനമായ ഷില്ലോങ് കേന്ദ്ര സർവകലാശാലയിലെ മ‌ലയാളികളായ 31 വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചതായി കേരള സർക്കാരിന്റെ പ്രത്യേക പ്ര‌തിനിധി ഡോ. എ. സമ്പത്ത്. സ്പൈസ് ജെറ്റ് അധികൃതരുമായി നടത്തിയ ചർച്ചയിൽ വി‌ദ്യാർഥികൾക്കു വിമാന യാത്രാക്കൂലിയിൽ ഇളവു നൽ‌‌കാൻ തീരുമാനിച്ചു. 31 ടിക്കറ്റുകളും ബുക്ക് ചെയ്തു. 

 ഇന്നു വൈകിട്ട് 4.35നു ഗുവാഹത്തിയിൽ നിന്നു പുറ‌പ്പെടുന്ന വി‌‌മാനം 9.15നു കൊച്ചിയിലെത്തും. കോവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ ഹോസ്റ്റലുകൾ അടച്ചതോടെയാണു വിദ്യാർഥികൾ പ്രതിസന്ധിയിലായത്. 

കുർബാന ഒഴിവാക്കണം

ന്യൂഡൽഹി ∙ ഡൽഹി അതിരൂപതയിലെ എല്ലാ പള്ളികളിലും കുർബാനകൾ ഒഴിവാക്കാൻ ആർച്ച് ബിഷപ് ഡോ. അനിൽ കൂട്ടോയുടെ നിർദേശം. കോവിഡ് 19 രോഗ പ്രതിരോധന നടപടികളുടെ ഭാഗമായാണു ജനസമ്പർക്കം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണു നടപടി.  

ആൾക്കൂട്ടം വേണ്ട

ഗുരുഗ്രാം ∙ കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിൽ 50ൽ കൂടുതൽ ആളെത്തുന്ന എല്ലാ ചടങ്ങുകളും റ‌‌‌ദ്ദാക്കാൻ നിർദേശം. വിവാഹ ആഘോഷങ്ങൾ, മതപരമായ കൂടിച്ചേരലുകൾ എന്നിവയെല്ലാം നി‌രോധിച്ചതായി ഹരിയാന അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് അറോറ പറഞ്ഞു. എന്നാൽ പലചരക്കു വിൽപന കേന്ദ്രങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവയെ ഒഴിവാക്കി.

സമരക്കാരിൽ നിന്ന് വിശദീകരണം തേടി കമ്മിഷൻ

ന്യൂഡൽഹി ∙ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ഷഹീൻ ബാഗിലെ സമരം തുടരുന്ന സാഹചര്യത്തിൽ ദേശീയ ശിശുസംരക്ഷണ കമ്മിഷൻ റി‌പ്പോർട്ട് തേടി. 50 പേർക്കു മുകളിൽ ആളുകളെത്തുന്ന സമ്മേളനങ്ങളും സമരങ്ങളും മറ്റും ഒഴി‌വാക്കാൻ സംസ്‌ഥാന സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ പൗരത്വ നിയമത്തിനെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന സമരം തുടരുകയും കുട്ടികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുകയും ചെയ്യുന്ന സാഹ‌ചര്യത്തിലാണു കമ്മിഷൻ റിപ്പോർട്ട് തേടിയത്. 

ഇന്ന് ഉന്നതതല യോഗം; ഓഫിസുകൾ അടയ്ക്കണമെന്ന് ജീവനക്കാർ

ന്യൂഡൽഹി ∙ കോവിഡ്–19 സംബന്ധിച്ചുള്ള പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ ലഫ്. ഗവർണർ അനിൽ ബൈജലിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന്. മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. പ്രതിരോധ നടപടികൾ സംബന്ധിച്ച് ലഫ്. ഗവർണറും മുഖ്യമന്ത്രിയും ഇന്നലെ ചർച്ച നടത്തി. തുടർന്നാണ് ഇന്ന് വിപുലമായ യോഗം ചേരാനുള്ള തീരുമാനം. സർക്കാർ ഓഫിസുകൾ, പൊതുഗതാഗതം, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തതായി ലഫ്. ഗവർണർ അറിയിച്ചു. ഡൽഹിയിലെ കോവിഡ് ബാധിതരുടെ എണ്ണം പത്തായി. ഇതിൽ ഒരു വിദേശിയും ഉൾപ്പെടും. 

ഡൽഹിയിലെ സർക്കാർ ഓഫിസുകൾ ഒരാഴ്ചത്തേക്ക് അടച്ചിടണമെന്ന് ജീവനക്കാരുടെ സംഘടന.  ഡൽഹി ഗവൺമെന്റ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ സന്ദർശിച്ച് ഇക്കാര്യം ആവശ്യപ്പെട്ടത്. ഡൽഹിയിൽ ഏകദേശം 2.5 ലക്ഷം സംസ്ഥാന സർക്കാർ ജീവനക്കാരുണ്ട്. ഇവരിൽ ഭൂരിഭാഗവും പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ജോലികൾ ചെയ്യുന്നവരാണെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ഉമേഷ് ബത്ര മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഒരാഴ്ചത്തേക്ക് സർക്കാർ ഓഫിസുകൾ അടച്ചിട്ട മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനം ഡൽഹി സർക്കാരും പിന്തുടരണമെന്നാണ് ആവശ്യം. 

ഓഫിസുകൾ പൂർണമായും അടച്ചിടാൻ കഴിയുന്നില്ലെങ്കിൽ ഇടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കുന്ന സംവിധാനം കൊണ്ടുവരണമെന്നും നിവേദനത്തിൽ പറയുന്നു. പൂർണമായും അടച്ചിടാൻ കഴിയുന്ന 86 വകുപ്പുകളുടെയും ഇടവിട്ട ദിവസങ്ങളിൽ പ്രവർത്തനം അനുവദിക്കാൻ കഴിയുന്ന 68 വകുപ്പുകളുടെയും പട്ടിക അസോസിയേഷൻ സർക്കാരിനു കൈമാറി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com