sections
MORE

കനത്ത ജാഗ്രതയിൽ സർക്കാർ; അവശ്യ സേവനങ്ങൾ മാത്രം

corona-rajghat
രാജ്ഘട്ടിൽ സന്ദർശകരുടെ പ്രവേശനം നിരോധിച്ചതിനു ശേഷം നിലയുറപ്പിച്ച ഉദ്യോഗസ്ഥർ
SHARE

ന്യൂഡൽഹി ∙ കോവിഡ്–19നെ ചെറുക്കാനുള്ള നടപടികൾ ശക്തമാക്കി ഡൽഹി സർക്കാർ. വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ– സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ അവശ്യ സേവനങ്ങൾ നൽകുന്ന വിഭാഗങ്ങൾ ഒഴികെയുള്ളവയുടെ പ്രവർത്തനം ഇന്നു മുതൽ നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ അറിയിച്ചു.

ലഫ്. ഗവർണർ അനിൽ ബൈജലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹിക– സാംസ്കാരിക, രാഷ്ട്രീയ പരിപാടികളിൽ 20 പേർ കൂടുതൽ പങ്കെടുക്കുന്നത് നിരോധിച്ചു. ഹോട്ടലുകളിൽ ഭക്ഷണം വിളമ്പുന്നതിനും നിരോധനമുണ്ട്. എന്നാൽ പാഴ്സൽ, ഹോം ഡെലിവറി അനുവദിക്കും. കോവിഡ്– 19നെ പ്രാഥമിക ഘട്ടത്തിൽ തന്നെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ക്വാറന്റീനിൽ കഴിയുന്നവർ ഇതുസംബന്ധിച്ചുള്ള നിയമങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി. കോവിഡ് പ്രതിരോധിക്കാനുള്ള മാസ്കുകൾ, കൈകഴുകാനുള്ള സാനിറ്റൈസർ, മരുന്നുകൾ എന്നിവയുടെ ലഭ്യത സംസ്ഥാന ഭക്ഷ്യമന്ത്രി ഇമ്രാൻ ഹുസൈൻ വിലയിരുത്തി. ന്യായവില കടകളിൽ ഉൾപ്പെടെ ഇവയുടെ ലഭ്യത ഉറപ്പാക്കാൻ ഭക്ഷ്യ കമ്മിഷണർക്ക് മന്ത്രി നിർദേശം നൽകി. 

പരീക്ഷകൾ മാറ്റിവയ്ക്കും

എല്ലാ സ്കൂളുകളിലെയും വാർഷിക, ബോർഡ് പരീക്ഷകൾ മാറ്റിവയ്ക്കണമെന്നും 31വരെ സ്കൂളുകൾ അടച്ചിടണമെന്നും സർക്കാർ നിർദേശം. സ്കൂൾ മേധാവികൾ, അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ എന്നിവരെല്ലാം 31വരെ സ്കൂളുകളിൽ എത്തരുതെന്നും ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷൻ (ഡിഒഇ) പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കി. സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകൾക്ക് ഉത്തരവ് ബാധകമാണ്.

നഗരസഭകൾക്കു കീഴിലുള്ള സ്കൂളുകളും 31വരെ അടച്ചിടണം. വാർഷിക പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം അധ്യാപകർ സ്വന്തം വീടുകളിൽ നിർവഹിക്കണമെന്നും നിർദേശത്തിൽ പറയുന്നു. സിബിഎസ്ഇ ബോർഡ് പരീക്ഷകൾക്ക് 31നു ശേഷം പുതിയ തീയതികൾ പ്രഖ്യാപിക്കുമെന്നും ഡിഒഇ അറിയിച്ചു.

സ്കൂളുകൾ കൂടാതെ കോളജുകൾ, ഐടിഐകൾ, പോളിടെക്നിക്കുകൾ, യൂണിവേഴ്സിറ്റികൾ, സ്വകാര്യ കോച്ചിങ് സെന്ററുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയും 31വരെ അടച്ചിടണം. കോവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാനുള്ള ഉത്തരവ്. 

കടകളിൽ തിരക്ക്

വരും ദിനങ്ങളിൽ പലചരക്കിനും പച്ചക്കറികൾക്കും ക്ഷാമമുണ്ടാവുമെന്ന പ്രചാരണം ശക്തമായതോടെ ഭക്ഷണ സാധനങ്ങൾ സംഭരിച്ചു വയ്ക്കാൻ വൻ തിരക്ക്. സൗത്ത് ഇന്ത്യൻ കടകളിൽ നിന്ന് ഉൾപ്പെടെ അരിയും പലവ്യഞ്ജനങ്ങളും പലരും കൂടുതൽ വാങ്ങി ശേഖരിച്ചു. ഗോതമ്പ് വാങ്ങാൻ പല കടകളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. ആഴ്ച ചന്തകൾ നിർത്തിയതോടെ പച്ചക്കറികൾക്ക് ക്ഷാമമുണ്ടാവുമെന്ന പ്രചാരണവും ശക്തമാണ്. പച്ചക്കറി കടകളിലും വൻ വിൽപ്പനയാണ് നടക്കുന്നത്. 

സൗത്ത് ഡൽഹിയിലെ സുന്ദർ നഗർ മാർക്കറ്റ് 31വരെ അടച്ചിടുമെന്ന് വ്യാപാരികൾ അറിയിച്ചു. കോവിഡ് കണക്കിലെടുത്ത് അടയ്ക്കുന്ന നഗരത്തിലെ ആദ്യ പ്രമുഖ മാർക്കറ്റാണിത്. കരകൗശല വസ്തുക്കൾ ഉൾപ്പെടെയുള്ളവ വിൽ‌ക്കുന്ന മാർക്കറ്റിലെ സന്ദർശകരിൽ കൂടുതലും വിദേശികളാണ്. പച്ചക്കറികൾ വിൽക്കുന്ന ചന്തകൾ അടച്ചിടാൻ ഹരിയാന സർക്കാരും ഉത്തരവിട്ടതോടെ ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളിലും പച്ചക്കറിക്ക് ക്ഷാമമുണ്ടാവുമെന്ന ആശങ്കയിലാണ് ജനങ്ങൾ. 

പരിശോധന നിർത്തി

നഗരത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന തൽക്കാലം നിർത്തിവച്ചതായി പൊലീസ് അറിയിച്ചു. ഒറ്റനോട്ടത്തിൽ തന്നെ മദ്യപിച്ചെന്നു ബോധ്യപ്പെടുകയും അപകടകരമായി വാഹനമോടിക്കുകയും ചെയ്യുന്നവരെ മാത്രമേ പരിശോധിക്കുകയൂള്ളൂവെന്നും ഡൽഹി പൊലീസ് അറിയിച്ചു. 

പ്രസ് ക്ലബ് അടച്ചിടും

റെയ്സിന റോഡിലുള്ള പ്രസ് ക്ലബ് ഓഫ് ഇന്ത്യ ഇന്നു മുതൽ 31 വരെ അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കി. 

പ്രതിഷ്ഠാ ദിനാഘോഷം മാറ്റി

ഗ്രേറ്റർ നോയിഡ ആൽഫ –11 ഉത്തര ശിവഗിരി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ 25നു നടത്താനിരുന്ന പ്രതിഷ്ഠാ വാർഷികാഘോഷം മാറ്റിവച്ചതായി ക്ഷേത്രം അധികൃതർ അറിയിച്ചു. 

ഒപി സമയം കുറച്ചു

മുൻകരുതലെന്ന നിലയിൽ ഒപി സമയം കുറച്ച് എൽഎൻജെപി ആശുപത്രി. രാവിലെ 8.30 മുതൽ 10വരെയാണ് പുതിയ സമയം. നേരത്തേ ഇത് 8 മുതൽ 11.30വരെയായിരുന്നു. ജനങ്ങൾ കൂട്ടംകൂടി നിൽ‌ക്കുന്നത് നിയന്ത്രിക്കാനാണ് പുതിയ തീരുമാനം. കോവിഡ് 19ന് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന ചിലർ അധികൃതരെ വെട്ടിച്ച് കടന്നുകളഞ്ഞതായും സൂചനയുണ്ട്. 

യുഎൻഎ സമരം  പിൻവലിച്ചു

ശമ്പള വർധന നടപ്പാക്കണമെന്നാവശ്യപ്പെട്ടു യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ(യുഎൻഎ) ഡൽഹി ഘടകം നടത്തിവന്ന സമരം കോവിഡ് പശ്ചാത്തലത്തിൽ പിൻവലിച്ചു. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുവൻ സമയവും സജീവമായി പ‌ങ്കെടുക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN New Delhi
SHOW MORE
FROM ONMANORAMA