sections
MORE

നഗരം നിശ്ചലമാക്കും ജനത കർഫ്യൂ

shop
കേന്ദ്രീയ ഭണ്ഡാറിൽ മാസ്ക് ധരിച്ചെത്തിയവർ
SHARE

ന്യൂഡൽഹി ∙ കോവിഡ്–19നെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ‘ജനത കർഫ്യൂ’ കണക്കിലെടുത്ത് നാളെ ഡൽഹിയിൽ മെട്രോ ട്രെയിനുകൾ സർവീസ് നടത്തില്ലെന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ അധികൃതർ. യാത്രകൾ ഒഴിവാക്കാനും കോവിഡ്–19നെ പ്രതിരോധിക്കാനുള്ള നിയന്ത്രണങ്ങൾ പാലിക്കാനും പൊതുജനങ്ങളെ പ്രേരിപ്പിക്കാനാണ് സർവീസ് നിർത്തിവയ്ക്കുന്നതെന്ന് ഡിഎംആർസി അധികൃതർ വ്യക്തമാക്കി. ഡൽഹി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം രാജ്യതലസ്ഥാനത്ത് ഇതുവരെ 14 കോവിഡ്–19 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 

കഴിഞ്ഞ ദിവസം രാജ്യത്തോട് നടത്തിയ അഭിസംബോധനയിലാണ് വീടിനു പുറത്തിറങ്ങാതെയും കടകൾ അടച്ചിട്ടും വാഹനങ്ങൾ നിരത്തിലിറക്കാതെയും നാളെ ‘ജനത കർഫ്യൂ’ ആചരിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. മെട്രോ സർവീസുകൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചതോടെ ഡൽഹി നാളെ നിശ്ചലമാകാനാണ് സാധ്യത. ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷന്റേത് ഉൾപ്പെടെയുള്ള ബസ് സർവീസുകളും മുടങ്ങിയേക്കും. കോവിഡ്–19 കാരണം പല മാർക്കറ്റുകളും അടച്ചുകഴിഞ്ഞു. മറ്റു വ്യാപാര ശാലകളും നാളെ അടച്ചിടുന്നതോടെ ‘ജനത കർഫ്യൂ’വിൽ ഡൽഹി സ്തംഭിക്കാനാണ് സാധ്യത. 

‘വർക്ക് ഫ്രം ഹോം’

ന്യൂഡൽഹി∙ സ്വകാര്യ കമ്പനികളിലും 31വരെ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് കമ്പനി ഉടമകൾക്ക് ഡൽഹി സർക്കാരിന്റെ നിർദേശം. ബഹുരാഷ്ട്ര കമ്പനികൾ, ഐടി സ്ഥാപനങ്ങൾ, വ്യവസായ ശാലകൾ, കോർപറേറ്റ് ഓഫിസുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്നാണ് നിർദേശം. 

ഡൽഹി ഉൾപ്പെടുന്ന ദേശീയ തലസ്ഥാന മേഖലയിലെ സ്ഥാപനങ്ങൾക്ക് നിർദേശം ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാന സർക്കാർ വകുപ്പുകളിൽ അവശ്യ സേവന വിഭാഗമല്ലാത്ത വകുപ്പുകളുടെ പ്രവർത്തനം 31വരെ സംസ്ഥാന സർക്കാർ നിർത്തിവച്ചിരിക്കുകയാണ്. മുതിർന്ന പൗരൻമാർ, ഗർഭിണികൾ എന്നിവരെക്കൂടാതെ അതിസമ്മർദം,  പ്രമേഹം എന്നിവയുള്ളവരും കഴിയുന്നതും വീടിനു പുറത്തിറങ്ങരുതെന്നും സർക്കാർ അഭ്യർഥിച്ചു. 

മാളുകൾ അടയ്ക്കും

ന്യൂഡൽഹി∙ കോവിഡ്–19 കണക്കിലെടുത്ത് ഡൽഹിയിലെ എല്ലാ മാളുകളും അടച്ചിടാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. എന്നാൽ മാളുകളിലെ പലചരക്കു കടകൾ, പച്ചക്കറി കടകൾ, മരുന്നുശാലകൾ എന്നിവയുടെ പ്രവർത്തനത്തിന് നിരോധനമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ട്വിറ്ററിൽ അറിയിച്ചു. ഉത്തരവ് ഉടൻ നടപ്പിലാക്കാനാണ് നിർദേശം. 

മെഡിക്കൽ സൂപ്രണ്ടുമാരുമായി മുഖ്യമന്ത്രിയുടെ ചർച്ച

ന്യൂഡൽഹി∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നത് സംബന്ധിച്ച് ഡൽഹിയിലെ സർക്കാർ ആശുപത്രികളിലെ മെഡിക്കൽ സൂപ്രണ്ടുമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തി. വരുംദിവസങ്ങളിൽ കോവിഡ് കൂടുതൽ ആളുകളിലേക്ക് പടർന്നാൽ നേരിടാൻ ഡൽഹിയിലെ ആശുപത്രികൾ സജ്ജമായിരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ആശുപത്രികളിലെ ചികിത്സ ഉപകരണങ്ങൾ, വെന്റിലേറ്ററുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ആവശ്യത്തിന് ലഭ്യമാക്കുകയും വേണം. സ്ഥിതി നേരിടാൻ വേണ്ടത്ര ജീവനക്കാരെ നിയമിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

നിർദേശങ്ങളുമായി ഡൽഹി മെട്രോ

ന്യൂഡൽഹി ∙ കോവിഡ് പടരുന്നതിനാൽ ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ മാത്രമേ മെട്രോയിൽ യാത്ര ചെയ്യാവൂയെന്ന് ഡൽഹി മെട്രോ അധികൃതരുടെ മുന്നറിയിപ്പ്. മെട്രോയ്ക്കുള്ളിലും സ്റ്റേഷനുകളിലും യാത്രക്കാർ കുറഞ്ഞത് 1 മീറ്റർ അകലം പാലിക്കണം. ഓരോ സീറ്റ് ഇടവിട്ടു വേണം ഇരിക്കാനെന്നും മെട്രോ അധികൃതർ അഭ്യർഥിച്ചു. യാത്രക്കാർ തിങ്ങിനിറഞ്ഞു നിൽക്കുന്ന സ്റ്റേഷനുകളിൽ ട്രെയിൻ നിർത്താതിരിക്കാനും സാധ്യതയുണ്ട്. 

എല്ലാ മെട്രോ സ്റ്റേഷനുകളിലും ഇടവിട്ട് യാത്രക്കാരെ തെർമൽ സ്കാനിങ്ങിന് വിധേയരാക്കും. പനിയോ കോവിഡ് ബാധയുടെ ലക്ഷണങ്ങളോ കാണുന്ന യാത്രക്കാരെ ഉടൻ പരിശോധനകൾക്കും ക്വാറന്റീനുമായി റഫർ ചെയ്യും. പനിയും ജലദോഷവുമുള്ളവർ ഒരുകാരണവശാലും മെട്രോയിൽ യാത്ര ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പു നൽകി. 

വിദ്യാർഥികൾ ഹോസ്റ്റൽ ഒഴിയണം: ജെഎൻയു

ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു സർവകലാശാല ഹോസ്റ്റലിൽ നിന്ന് വിദ്യാർഥികൾ ഉടൻ ഒഴിഞ്ഞു പോകണമെന്ന് അധികൃതർ. മെസ് സൗകര്യം 48 മണിക്കൂർ കൂടി മാത്രമേ ലഭ്യമാകുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി. സർവകലാശാലയുടെ പ്രവർത്തനം 31വരെ പൂർണമായും നിർത്തിവച്ചതായും എല്ലാ വിദ്യാർഥികളും  ഉടൻ ക്യാംപസ് വിട്ടു പോകണമെന്നും അധികൃതർ ആവശ്യപ്പെട്ടു. 

നിയന്ത്രണങ്ങൾ നീട്ടി ഹൈക്കോടതി

ന്യൂഡൽഹി ∙ കോവിഡ് കണക്കിലെടുത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഏപ്രിൽ 3വരെ ദീർഘിപ്പിച്ച് ഡൽഹി ഹൈക്കോടതി. കോടതിക്കുള്ളിൽ തിരക്ക് നിയന്ത്രിക്കുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് കോടതി ഏർപ്പെടുത്തിയിട്ടുള്ളത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN New Delhi
SHOW MORE
FROM ONMANORAMA