sections
MORE

തൊഴിലുടമകൾ കൈകഴുകി; ഇവർക്ക് സ്വന്തം നാട്ടിലേക്ക് പലായനം

feeding-baby
കൈക്കുഞ്ഞുമായി ഗ്രാമത്തിലേക്ക് നടന്നു നീങ്ങുന്ന യുവാവ്
SHARE

ന്യൂഡൽഹി ∙ യാത്രാമാർഗങ്ങളില്ല, ഭക്ഷണം കഴിക്കാൻ വഴിക്കടകളില്ല, ഒരിറ്റു വെള്ളത്തിന് ആരെങ്കിലും കനിയണം. നടത്തം മാത്രമാണ് ആശ്രയം. എത്ര ദിവസം നടന്നാൽ വീടെത്തുമെന്നതു ചോദ്യം. പക്ഷേ, മ‌റ്റെന്തു മാർഗം. ഇത് യഥാർഥ ഇന്ത്യയുടെ കാഴ്ച. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ കുടുങ്ങിയത് ഇവരാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നി‌ന്നു ഡൽഹിയിൽ ജോലിക്കായെത്തിയ ആയിരങ്ങൾ. ആഗ്ര, ഝാൻസി റോഡിൽ ഇവരുടെ നീണ്ട നിരകാണാം. സ്ത്രീകളും കുട്ടികളുമായി 200–300 കിലോമീറ്റർ നടന്നു സ്വന്തം വീടെത്താനുള്ള ശ്രമം നടത്തുന്നവർ. 

ഗതാഗത മാർഗങ്ങളെല്ലാം അടച്ച് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ജോലി നൽകിയിരുന്നവർ കയ്യൊഴിഞ്ഞതോടെയാണ് നടന്നെങ്കിലും വീടെത്താൻ ഇവരെല്ലാം തീരുമാനിച്ചത്. അവിടെ ഉറ്റവരുണ്ടല്ലോ എന്ന ആശ്വാസം. ഡൽഹിയിൽ നിന്നു 150 കിലോമീറ്റർ അകലെയാണു ബണ്ഡിയുടെ വീട്. 10 മാസം പ്ര‌ായമുള്ള മകളെ ഭാര്യ കയ്യിലെടുത്തിരിക്കുന്നു. ഒരു മകൻ ബണ്ഡിയുടെ തോളിൽ. പണവും ഭക്ഷണവുമൊന്നുമില്ല. ഒരു സഞ്ചിയിൽ അത്യാവശ്യം വസ്തുക്കളുമായാണ് യാത്ര. ‘ഗ്രാമത്തിൽ നിൽക്കുന്നതാണ് ആശ്വാസം. റൊട്ടിയും ഉപ്പും ചട്നിയും കഴിക്കാനുണ്ടാകും. സമാധാനവും. ഇവിടെ ഞങ്ങൾക്ക് ആരുമില്ല. എന്തു സഹായം ലഭിക്കാനാണ്’– ബണ്ഡി പറയുന്നു. അക്ഷരാർഥത്തിൽ പലായനം തന്നെ. 

യുപി, ബിഹാർ, ഹരിയാന, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നു പതിനായിരങ്ങളാണു ഡൽഹിയിൽ ഫാക്ടറികളിലും മറ്റുമായി ദിവസവേതനത്തിനു ജോലി ചെയ്യുന്നത്. യുപി, ഹരിയാന നിവാസികൾ നടന്നു മടങ്ങും. ബിഹാർ ഉൾപ്പെടെയുള്ള സ്ഥ‌ലങ്ങളിൽ നിന്നെത്തിയവരാണു കുഴഞ്ഞത്. വിവിധ സന്നദ്ധ സംഘടനകളുടെയും ആരാധനാലയങ്ങളുടെയും നേതൃത്വത്തിൽ നട‌ത്തുന്ന ഭക്ഷണ വിതരണം മാത്രമാണ് ഏക ആശ്വാസം. കിടക്കാൻ റോഡ‌രികു തന്നെ ആശ്രയം. സ്ത്രീകളും കുട്ടികളുമായി ഇത്തരത്തിലാണ് ഇവരെല്ലാം യാത്ര ചെ‌യ്യുന്നത്. രോഗത്തിന്റെ കാഠിന്യമോ അതു പകരാനുള്ള സാധ്യതയോ ഇവരെ ബാധിക്കുന്നില്ല. ഭൂരിഭാഗം ആളുകളും മാസ്ക് ധരിച്ചിട്ടുണ്ട്. എന്നാൽ കൈ കഴുകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇവർക്കു ധാരണയില്ല. കുടിവെള്ളം തന്നെ ആഡംബരമായി മാറുന്ന ഇവർ എ‌ങ്ങനെ കൈകഴുകാൻ!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN New Delhi
SHOW MORE
FROM ONMANORAMA