ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് ലോക്ഡൗൺ ഇളവുകൾ പ്രാബല്യത്തിലായതോടെ കൂടുതൽ സജീവമായി ഡൽഹി. വാഹനങ്ങൾ നിറഞ്ഞതോടെ പഴയതുപോലെ നിരത്തുകൾക്കു ജീവൻ വച്ചു. വഴിയോര ചായക്കടകൾ, സിഗരറ്റ്– പാൻ കടകൾ, ചെറിയ സ്റ്റേഷനറി കടകൾ ഉൾപ്പെടെ ചെറുകിട കച്ചവട കേന്ദ്രങ്ങൾ വ്യാപകമായി തുറന്നു. കോവിഡ് ലോക്ഡൗണിൽ ജീവനോപാധി ഇല്ലാതായ സാധാരണക്കാരായ കടയുടമകൾക്ക് ഇളവുകൾ ഏറെ ആശ്വാസകരമായി. അതോടൊപ്പം ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷന്റെ (‍ഡിടിസി) ബസുകൾ, ടാക്സികൾ, ഓട്ടോറിക്ഷകൾ,

ഇ–റിക്ഷകൾ, സൈക്കിൾ റിക്ഷകൾ എന്നിവയെല്ലാം നിരത്തിൽ വീണ്ടും സജീവമായതോടെ ജനങ്ങളുടെ യാത്രാക്ലേശത്തിനും വലിയൊരളവ് പരിഹാരമായി. ഒരു ബസിൽ 20 യാത്രക്കാരെ മാത്രം കയറ്റിയാണു ഡിടിസി ബസുകൾ നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്കു സർവീസ് നടത്തുന്നത്. ബസ് സ്റ്റോപ്പുകളിലും ബസിനുള്ളിലും സാമൂഹിക അകലം കർശനമായി പാലിക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങളും വലിയതോതിൽ നിരത്തിലിറങ്ങി. ഒരു യാത്രക്കാരനു മാത്രമാണു ബൈക്കുകളിലും സ്കൂട്ടറുകളിലും സഞ്ചരിക്കാൻ അനുമതിയെങ്കിലും ഈ നിബന്ധന വ്യാപകമായി ലംഘിക്കപ്പെട്ടു. ഇരുചക്രവാഹനങ്ങൾ മിക്കതും 2 യാത്രക്കാരുമായാണു സഞ്ചരിച്ചത്.

കോവിഡ് ലോക്ഡൗൺ കാരണം പൊലീസിന്റെ വാഹന പരിശോധനകൾ മിക്കവാറും നിലച്ചിട്ടുണ്ട്. ലോക്ഡൗൺ പാസുകൾ സംബന്ധിച്ചുള്ള പരിശോധനകളാണു നിലവിൽ പൊലീസ് നടത്തുന്നത്. മറ്റു രേഖകൾ പരിശോധിക്കുന്നത് നിർത്തിയത് വാഹന യാത്രക്കാർക്ക് അനുഗ്രഹമാണ്. കോവിഡ് വ്യാപന ഭീതിയും വാഹന യാത്രക്കാരുടെ അടുത്തുചെന്നു രേഖകൾ പരിശോധിക്കുന്നതു തൽക്കാലം അവസാനിപ്പിക്കാൻ പൊലീസിനെ നിർബന്ധിതരാക്കി.

ഇളവുകളിൽ ജനങ്ങൾ അച്ചടക്കം പാലിക്കണം: കേജ്‍രിവാൾ

ന്യൂഡൽഹി ∙ കോവിഡ് ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ലോക്ഡൗൺ കഴിയുന്നതുവരെ ജനങ്ങൾ അച്ചടക്കം പാലിക്കണമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. നിയന്ത്രണങ്ങൾ കർശനമായി പിന്തുടരണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com