ADVERTISEMENT

ഉറക്കത്തിലായിരുന്ന നൂറുകണക്കിന് ആളുകൾ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്

ന്യൂഡൽഹി ∙ തെക്കുകിഴക്കൻ ഡൽഹിയിൽ തുഗ്ലക്കാബാദിലെ ചേരിപ്രദേശത്തുണ്ടായ വൻ തീപിടിത്തത്തിൽ ഏകദേശം 1,500 താൽക്കാലിക ടെന്റുകൾ (ഷാന്റി) കത്തിനശിച്ചു. തീപിടിത്തത്തിൽ 30 ശതമാനം പൊള്ളലേറ്റ ഏഴുവയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണു തീപിടിത്തമുണ്ടായത്. ടെന്റുകളിൽ ഉറക്കത്തിലായിരുന്ന നൂറുകണക്കിന് ആളുകൾ കഷ്ടിച്ചാണു രക്ഷപ്പെട്ടത്. ടെന്റുകൾ കത്തിനശിച്ചതോടെ ചേരി നിവാസികൾ ഭവനരഹിതരായി. സ്ഥലത്ത് കുതിച്ചെത്തിയ 30 ഫയർ എൻജിനുകളാണു തീയണച്ചത്.

പൊലീസും അഗ്നിശമന സേനയും ചേർന്നു രക്ഷാപ്രവർത്തനം നടത്തി. പുലർച്ചെ 4 മണിയോടെയാണു തീ നിയന്ത്രണവിധേയമായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. തീയണയ്ക്കാനുള്ള ശ്രമത്തിനിടെയും പല ടെന്റുകളിലെയും ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. താമസ സ്ഥലങ്ങൾ കത്തിനശിച്ച ചേരിയിലെ ഓരോ കുടുംബത്തിനും 25,000 രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ പ്രഖ്യാപിച്ചു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേരിനിവാസികൾക്കു ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്തു. ചൂടു വർധിച്ചതോടെ ചേരി പ്രദേശങ്ങളിൽ തീപിടിത്തമുണ്ടാവുന്ന സംഭവങ്ങളും വർധിക്കുകയാണ്. പലസ്ഥലത്തും ഗ്യാസ് സിലി‍ണ്ടറുകൾ പൊട്ടിത്തെറിക്കുന്നതാണു തീപിടിത്തത്തിനു കാരണമാവുന്നത്. താൽക്കാലിക ടെന്റുകളിൽ തീ വേഗത്തിൽ പടർന്നു പിടിക്കുന്നതിനാൽ നിമിഷങ്ങൾക്കുള്ളിലാണു ചേരിപ്രദേശങ്ങളെ തീവിഴുങ്ങുന്നത്.

കേശവപുരത്ത് ഷൂ ഫാക്ടറിയിൽ തീപിടിത്തം

ന്യൂഡൽഹി∙ നോർത്ത് വെസ്റ്റ് ഡൽഹിയിലെ കേശവപുരത്ത് ഷൂ ഫാക്ടറിയിൽ തീപിടിത്തം. ഇന്നലെ രാവിലെ എട്ടരയോടെയാണ് തീപിടിത്തമുണ്ടായത്. ആർക്കും പരുക്കില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 23 ഫയർ എൻജിനുകളെത്തിയാണു തീയണച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com