ADVERTISEMENT

ന്യൂഡൽഹി ∙ വേനൽ കനത്തതോടെ ഡൽഹിയിൽ ശുദ്ധജലത്തിനു ക്യൂ നിന്ന് ജനങ്ങൾ. ടാങ്കറുകളിൽ എത്തിക്കുന്ന ശുദ്ധജലം ശേഖരിക്കാൻ മണിക്കൂറുകൾ ക്യൂവിൽ നിൽക്കേണ്ട അവസ്ഥയാണു പലഭാഗത്തും. കഴിഞ്ഞ ഒരാഴ്ചയായി കൊടുംചൂടിൽ ഡൽഹി തിളയ്ക്കുകയാണ്. താപനില 47 ഡിഗ്രിക്കും 50 ഡിഗ്രി സെൽഷ്യസിനുമിടയിലാണ്. സൗത്ത് ഡൽഹിയിലെ പാലം എല്ലാ വർഷവും ശുദ്ധജല ക്ഷാമം നേരിടുന്ന സ്ഥലമാണ്. ജല ടാങ്കറുകളിൽ എത്തിക്കുന്ന വെള്ളം ശേഖരിച്ചാണു നാട്ടുകാർ ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം പാലം പ്രദേശത്തെ കോളനിയിൽ ജലടാങ്കറിൽ നിന്നുള്ള വെള്ളം ശേഖരിക്കാൻ സാമൂഹിക അകലം പാലിക്കാതെ ആളുകൾ തിക്കിത്തിരക്കിയത് ആശങ്ക സൃഷ്ടിച്ചു. 

ശുദ്ധജലക്ഷാമം രൂക്ഷമായ മയൂർ വിഹാർ ഫേസ് വൺ ചില്ല ഗ്രാമത്തിനു സമീപമുള്ളവരും ടാങ്കറിൽ എത്തിക്കുന്ന വെള്ളത്തിനായി കാത്തിരിക്കുന്നു. ക്യൂവിൽ നിൽക്കുന്നവർ തമ്മിൽ പലപ്പോഴും കോവിഡ് കണക്കിലെടുത്തുള്ള അകലം പോലും പാലിക്കാറില്ല. ടാങ്കറിലെത്തുന്ന വെള്ളം അത്യാവശ്യത്തിനു പോലും തികയാത്ത സ്ഥിതിയാണെന്നാണു പലരുടെയും പരാതി. ശുദ്ധജലക്ഷാമം നഗരത്തിന്റെ പലഭാഗത്തും അനുഭവപ്പെട്ടു തുടങ്ങിയ സാഹചര്യത്തിൽ പമ്പിങ് ഊർജിതമാക്കി ജലലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

ടാങ്കർ ലോറി വഴിയുള്ള ജലവിതരണത്തിന്റെ തോത് വർധിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. കോവിഡ് കാരണമുള്ള നിയന്ത്രണങ്ങൾ ടാങ്കറുകളിലുള്ള ജലവിതരണത്തെ ബാധിക്കുന്നുണ്ട്. ഡൽഹി ജല ബോർഡിന്റെ പ്രവർത്തനം പൂർണമായും സാധാരണ നിലയിലായിട്ടില്ല. ജീവനക്കാരുടെ കുറവ് ജല ബോർഡിന്റെ പ്രവർത്തനങ്ങൾക്കു തടസ്സമാകുന്നുണ്ട്. 

കൊടുംചൂടിൽ തളർന്ന് എയിംസ് മുൻ ജീവനക്കാരൻ മരിച്ചു, ആംബുലൻസ് ഇല്ലാതെ വലഞ്ഞത് രണ്ടര മണിക്കൂർ

ന്യൂഡൽഹി ∙ കൊടുംചൂടിൽ റോഡരികിൽ തളർന്നുവീണ 65 വയസ്സുകാരനെ ആശുപത്രിയിലെത്തിക്കാൻ കാത്തിരുന്നത് രണ്ടര മണിക്കൂർ. ഒടുവിൽ ആശുപത്രിയിലെത്തിച്ചെങ്കിലും എയിംസിലെ മുൻ അറ്റൻഡറായ ജസ്പാലിന്റെ ജീവൻ രക്ഷിക്കാനായില്ല. കോട്‍ല മുബാരക്പുരിൽ താമസിക്കുന്ന ജസ്പാൽ, കൊടുംചൂടിൽ തളർന്നു വീണാണു മരിച്ചതെന്നു പൊലീസ് പറയുന്നു. കോവിഡ് ഭീതി കാരണം വഴിയാത്രക്കാർ ജസ്പാലിനെ സഹായിക്കാൻ തയാറായില്ല.

സ്ഥലത്തെത്തിയ ഡൽഹി പൊലീസ് കോൺസ്റ്റബിൾ വിപിൻ ആംബുലൻസിനായി ഏറെ ശ്രമിച്ചെങ്കിലും പിപിഇ കിറ്റില്ലെന്നു പറഞ്ഞ് 3 ആംബുലൻസുകാർ നിരസിച്ചു. പൊലീസ് സ്റ്റേഷനിൽ നിന്നു വിപിൻ കിറ്റ് സംഘടിപ്പിച്ച ശേഷമാണ് ആംബുലൻസെത്തി ജസ്പാലിനെ ആശുപത്രിയിലെത്തിച്ചത്. സഫ്ദർജങ് ആശുപത്രിയിൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് ലാൽ ബഹാദുർ ആശുപത്രിയിലെത്തിച്ചെങ്കിലും താമസിയാതെ മരിച്ചു. 

നഗരത്തിലെത്തി ആശ്വാസ കാറ്റ്

ന്യൂഡൽഹി ∙ ശക്തമായ കാറ്റ്, മേഘാവൃതമായ ആകാശം എന്നിവയെല്ലാം  ചൂട് കുറച്ചതിന്റെ ആശ്വാസത്തിലാണു ഡൽഹിക്കാർ. നഗരത്തിലെ പലഭാഗത്തും  നേരിയ മഴച്ചാറ്റലുമുണ്ടായി. ഏതാനും ദിവസത്തെ കടുത്ത ചൂടിന് ഒടുവിൽ ശമനം. ഇന്നലെ നഗരത്തിൽ 40.3 ഡിഗ്രിയാണു കൂടിയ താപനില രേഖപ്പെടുത്തിയത്.

പാലം നിരീക്ഷണ കേന്ദ്രത്തിൽ ഇന്നലെ 41.8 ഡിഗ്രിയാണു രേഖപ്പെടുത്തിയത്. ലോധി റോഡ് നിരീക്ഷണകേന്ദ്രത്തിൽ ഇന്നലെ കൂടിയ താപനില 38.4 ഡിഗ്രിയായിരുന്നു. വൈദ്യുതി ഉപയോഗം ചൊവ്വാഴ്ച ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. രാത്രി 5464 മെഗാവാട്ട്  വൈദ്യുതിയാണു  സംസ്ഥാനം  ഉപയോഗിച്ചതെന്നു കണക്കുകൾ. 2019 മേയ് 26ന്റെ വൈദ്യുതി ഉപയോഗത്തിന്റെ റെക്കോർഡും തകർന്നു. അന്നു 5236 മെഗാവാട്ടാണ്  ഉപയോഗിച്ചത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com