ADVERTISEMENT

ന്യൂഡൽഹി ∙ ‘ഈ നടപ്പാത നിങ്ങൾ  ഓർക്കുന്നുണ്ടോ? അതേ ഇതു ഡൽഹിയിലെ പ്രശസ്തമായ  ചാന്ദ്നി ചൗക്ക് തന്നെ. ഒരിക്കൽ കാറും, റിക്ഷയും  ശബ്ദവും നിറഞ്ഞ ഇടം. ഇപ്പോൾ ഇവിടം മുഴുവൻ മുഖം മിനുക്കിയിരിക്കുന്നു. ഗതാഗത നിരോധിത മേഖലയായിരിക്കുന്നു. 

ഏറെ മികച്ച നവീകരണവും പുനരുദ്ധാരണ  പദ്ധതികളും  നവംബറിൽ  പൂർത്തിയാകുമെന്നാണു  കരുതുന്നത്’ ഇന്ത്യയിലെ  ജർമൻ അംബാസഡർ  വാൾട്ടർ ജെ. ലിൻഡർ  വിഡിയോ ദൃശ്യങ്ങളോടെ  കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ചതിങ്ങനെ. ദില്ലി–6 എന്ന ഓൾഡ് ഡൽഹിയും അതിന്റെ ഹൃദയമായ ചാന്ദ്നി ചൗക്കും മുഖം മിനുക്കുകയാണ്. കോവിഡിനു മുൻപു നിങ്ങൾ കണ്ട ചാന്ദ്നി  ചൗക്കായിരിക്കില്ല ഇനി നിങ്ങൾ കാണാൻ പോകുകയെന്നു തീർച്ച. 

ആംആദ്മി പാർട്ടി സർക്കാരിന്റെ  നേതൃത്വത്തിൽ 1.3 കിലോമീറ്റർ ദൂരത്തെ  നിർമാണ  പ്രവർത്തനങ്ങൾ  നവംബറിൽ പൂർത്തിയാക്കാനാണു  ലക്ഷ്യമിടുന്നത്.  കാറുകൾ ഒഴിവാക്കി കാൽനടയാത്രക്കാർക്കു  അനുയോജ്യമായ  രീതിയിലാകും  ഇതു പൂർത്തിയാക്കുകയെന്നു  അധികൃതർ  പറയുന്നു.

‘ഏറെ നാളത്തെ  ആവശ്യമാണ്  ഇപ്പോൾ  സാക്ഷാൽക്കരിക്കപ്പെടുന്നത്. മുൻപു തന്നെ ഇതു പൂർത്തിയാക്കേണ്ടിയിരുന്നു. ഷാജഹാനാബാദ്  എടുത്തു നോക്കിയാൽ  ചാന്ദ്നി ചൗക്ക് എന്ന റോഡിനു സമീപത്തായാണു  ഡൽഹി മാസ്റ്റർ പ്ലാനും  വികസനവുമെല്ലാം  നടപ്പാക്കപ്പെട്ടത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞപ്പോൾ തിളക്കം  പോയി. ഇപ്പോൾ ഇവിടൊരു മാറ്റമുണ്ടാകുന്നതു  ശ്രദ്ധേയം’  ചരിത്രകാരിയും  എഴുത്തുകാരിയുമായ  സ്വപ്ന ലിൻഡേൽ  പറയുന്നു.

ചെങ്കോട്ട മുതൽ  ഫത്തേപ്പുരി  മസ്ജിദ് വരെയുള്ള റോഡിന്റെ രണ്ടു വശങ്ങളിലും  വികസനം നടപ്പാക്കണമെന്ന ആവശ്യം ഏറെക്കാലമായുണ്ട്. 2008ൽ ഷീലാ ദീക്ഷിതിന്റെ ഭരണകാലത്തു  ഷാജഹാനാബാദ്  പുനർനവീകരണ  കോർപറേഷൻ  രൂപീകരിച്ചതും  ഇതിന്റെ ഭാഗമായി. എന്നാൽ നവീകരണം  ആരംഭിക്കാൻ പിന്നെയും 10 വർഷം കാത്തിരിക്കേണ്ടി  വന്നു. 2018ൽ എഎപി സർക്കാരാണ്  ഇതാരംഭിച്ചത്. പദ്ധതി ഈ വർഷമാദ്യം  പൂർത്തിയാക്കുകയായിരുന്നു  ലക്ഷ്യമെങ്കിലും  കോവിഡ്  കാരണം  ജോലികൾ  നീണ്ടു.

നവീകരണം നവംബറിൽ പൂർത്തിയാകുമെന്നാണു കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ പറഞ്ഞത്. ‘ചാന്ദ്നി ചൗക്കിന്റെ ഹൃദയഭാഗത്തെ നവീകരണങ്ങൾ അവസാന ഘട്ടത്തിലാണ്. ചരിത്രമുറങ്ങുന്ന സ്ഥലം അതിന്റെ പ്രൗഡിയിൽ മടങ്ങിയെത്തും. രാവിലെ 9 മുതൽ രാത്രി 9 വരെ ഇവിടെ കാറുകൾക്കു പ്രവേശനമുണ്ടാകില്ല’ അദ്ദേഹം പറഞ്ഞു.പാർക്കിങ് കേന്ദ്രങ്ങൾ, ശുചിമുറികൾ, പൊലീസ് ബുത്തുകൾ, ഷോപ്പിങ് നടത്താനെത്തുന്നവർക്കു വിശ്രമിക്കാനുള്ള ബെഞ്ചുകൾ എന്നിവയെല്ലാം ഇവിടെയുണ്ടാകും. സിസിടിവികൾ ക്രമീകരിച്ച് ശക്തമായ സുരക്ഷയും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com