ADVERTISEMENT

ന്യൂഡൽഹി ∙ പീരാഗഡിയിലെ പീഡനം തന്നെ വല്ലാതെ ഉലച്ചുവെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. പ്രതികൾക്കു ഏറ്റവും ഉചിതമായ ശിക്ഷ വാങ്ങിക്കൊടുക്കാൻ സംസ്ഥാന സർക്കാർ ഏറ്റവും മികച്ച അഭിഭാഷകരെ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. എയിംസിൽ കഴിയുന്ന പെൺകുട്ടിയെ സന്ദർശിച്ച അദ്ദേഹം ചികിത്സയും ആരോഗ്യസ്ഥിതിയും ചോദിച്ചറിഞ്ഞു. പെൺകുട്ടിയുടെ കുടുംബത്തിനു 10 ലക്ഷം രൂപ അടിയന്തര സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം പ്രതികളെ ഇതുവരെ പിടികൂടാൻ സാധിക്കാത്തതു ഡൽഹി പൊലീസിന്റെ കഴിവുകേടാണെന്നു വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ പ്രതികരിച്ചു. ഡിസിപിയോടു വിശദീകരണം തേടിയിട്ടുണ്ടെന്നും അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുമെന്നും അവർ പറഞ്ഞു.

അയൽവാസികളെ ചോദ്യം ചെയ്യുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അതേസമയം എയിംസിലേക്കെത്തിയ മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. പൊലീസെത്തിയാണ് ഇവരെ നീക്കം ചെയ്തത്.


പെൺകുട്ടിയുടെ ആരോഗ്യനിലതൃപ്തികരം: എയിംസ്

കഴിഞ്ഞ ദിവസം ക്രൂരമായി പീഡിപ്പിക്കപ്പെട്ട 12 വയസ്സുകാരിക്കു ശസ്ത്രക്രിയ നടത്തിയതായും ആരോഗ്യനില തൃപ്തികരമാണെന്നും ഓൾ ഇന്ത്യ മെഡിക്കൽ സയൻസസ് (എയിംസ്) അധികൃതർ. മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ, ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ എന്നിവർ ഇന്നലെ ആശുപത്രിയിലെത്തി പെൺകുട്ടിയെ സന്ദർശിച്ചു. അതേസമയം സംഭവത്തിൽ ആരെയും ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.

പീരാഗഡിയിലെ ഒറ്റമുറി ഫ്ലാറ്റിലാണു 12 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു മരണാസന്നയാക്കിയത്. ചോരയൊലിച്ചു കിടക്കുന്ന പെൺകുട്ടിയെ അയൽവാസികളാണു കണ്ടെത്തിയതും  ആശുപത്രിയിലെത്തിച്ചതും. സംഭവസമയത്തു മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല.

നട്ടെല്ല് പൊട്ടി, ആന്തരികാവയവങ്ങൾക്കു ക്ഷതം സംഭവിച്ച നിലയിലായിരുന്നു പെൺകുട്ടിയെന്ന് എയിംസിലെ ഡോക്ടർമാർ വ്യക്തമാക്കി. കത്രികയും മറ്റും ഉപയോഗിച്ചു ശരീരത്തിൽ മുറിവുണ്ടാക്കി. രക്തം പുരണ്ട കത്രിക മുറിയിൽ നിന്നു പൊലീസ് കണ്ടെത്തി. 2 ശസ്ത്രക്രിയ നടത്തിയ പെൺകുട്ടിയെ വെന്റിലേറ്ററിൽ നിന്നു ഐസിയുവിലേക്കു മാറ്റി. ഫാക്ടറി ജോലിക്കാരായ മാതാപിതാക്കളും മൂത്ത സഹോദരിയും ജോലിക്കു പോയ സമയത്തായിരുന്നു സംഭവം.

സമീപത്തു 18 കുടുംബങ്ങൾ താമസിക്കുന്നുണ്ടെങ്കിലും ഇവരും ജോലിക്കു പോയിരുന്നതിനാലാണു ശബ്ദമൊന്നും കേൾക്കാതിരുന്നതെന്നാണു സൂചന. വൈകിട്ട് 5.30നു ഫ്ലാറ്റിന്റെ ബാൽക്കണിയിൽ പെൺകുട്ടിയെ കണ്ട അയൽവാസിയാണ് ആശുപത്രിയിലെത്തിച്ചത്. മുഖത്തും വയറ്റിലും പിൻഭാഗത്തുമെല്ലാം മുറിവുകളുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com