ADVERTISEMENT

ന്യൂഡൽഹി ∙ തണുപ്പുകാലത്ത് ഡൽഹിയിൽ കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ. കോവിഡ് വ്യാപനത്തിന്റെ സമയത്തു തന്നെ വായു മലിനീകരണവും രൂക്ഷമാകുന്നത് അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നാണ് നിർദേശം. തണുപ്പുകാലം തുടങ്ങാൻ അധികനാളില്ലെന്നതും പ്രധാനമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.  ഡൽഹിയിൽ കോവിഡ് നിയന്ത്രണവിധേയം എന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നത്. 

എന്നാൽ വായു മലിനീകരണം  രൂക്ഷമാകുന്നതിൽ സർക്കാരിന് ആശങ്കയുണ്ട്. കോവിഡും വായുമലിനീകരണവും ശ്വാസകോശത്തെയാണ് ബാധിക്കുക. തണുപ്പുകാലത്ത് പനി, ജലദോഷം ഉൾപ്പെടെയുള്ള അസുഖങ്ങൾ വ്യാപിക്കുന്നത് പതിവാണ്. എന്നാൽ, കോവിഡ് കാലത്ത് ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ എന്താവുമെന്നാണ് ആരോഗ്യവിദഗ്ധരും ആശങ്കപ്പെടുന്നത്.

വായു മലിനീകരണത്തെയും ശൈത്യത്തെയും കഴിഞ്ഞവർഷത്തെ പോലെ കാണരുതെന്ന മുന്നറിയിപ്പാണ് വിദഗ്ധർ നൽകുന്നത്. കോവിഡ് വ്യാപനത്തിൽ ഇവ രണ്ടും കൂടി ചേരുമ്പോഴുണ്ടാകാവുന്ന സാഹചര്യത്തെ മുൻകൂട്ടിക്കണ്ട് പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് നിർദേശം.  വായുമലിനീകരണം ശ്വാസകോശത്തിൽ അണുബാധ സൃഷ്ടിക്കുന്നത് കോവിഡ് ബാധിക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു. 

സാധാരണക്കാരുടെ കാര്യത്തിൽ കൂടുതൽ ആശങ്കയുണ്ടെന്നും ഡോക്ടർമാർ പറയുന്നു. മാസ്ക് വാങ്ങാൻ പണമില്ലാത്ത ഒട്ടേറെപ്പേരുണ്ട്. വീടുകളിൽ അടുപ്പുകൂട്ടി ഭക്ഷണം തയാറാക്കുന്ന കുടുംബങ്ങളും ഒട്ടേറെ. ഇതൊക്കെ വായു മലിനീകരണത്തിന്റെ ദോഷഫലങ്ങൾ വ്യാപിക്കാൻ ഇടയാക്കിയേക്കാം. പുകപടലങ്ങൾ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നത് കോവിഡ് വ്യാപന സാധ്യത കൂട്ടുമെന്നാണു വിലയിരുത്തപ്പെടുന്നത്. 

ഡോ. നീരജ് നിശ്ചൽ (അസോഷ്യേറ്റ് പ്രഫസർ, ഡിപ്പാർട്മെന്റ് ഓഫ് മെഡിസിൻ, എയിംസ്. )

വായു മലിനീകരണം തടയാനുള്ള നടപടികൾ ശക്തമാക്കണമെന്നും ഏതു സാഹചര്യവും നേരിടാൻ ആരോഗ്യ സംവിധാനങ്ങളെ സജ്ജമാക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നു. ഇക്കുറി തണുപ്പുകാലത്ത് കോവിഡിനെയും നമുക്ക് നേരിടേണ്ടതുണ്ട്. സാധാരണ പനി പോലെ കോവിഡ് കേസുകളുടെ എണ്ണവും വർധിക്കാൻ സാധ്യതയുണ്ട്. വായു മലിനീകരണം കോവിഡ് വ്യാപനത്തിനു കാരണമാകും. കോവിഡ് ബാധിതരോടൊപ്പം കോവിഡിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന പനി ബാധിതരെയും ചികിത്സിക്കേണ്ട സാഹചര്യമാവും ആശുപത്രികൾ നേരിടേണ്ടിവരിക

ഡോ. സുരഞ്ജിത്ത് ചാറ്റർജി (സീനിയർ കൺസൽറ്റന്റ്, അപ്പോളോ ഹോസ്പിറ്റൽസ്)

കോവിഡ് സ്ഥിതി എന്താകുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. എന്നാൽ ഏതു സാഹചര്യവും നേരിടാൻ തയാറെടുക്കേണ്ടതുണ്ട്. കോവിഡും മഞ്ഞുകാലവും വായു മലിനീകരണവും ഒരുമിച്ചു വരുന്നത് ഗൗരവത്തോടെ കാണണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com