ADVERTISEMENT

ന്യൂഡൽഹി∙ സ്കൂൾ ബാഗുകളുടെ അമിത ഭാരം ഇല്ലാതാക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് നഗരത്തിലെ സ്കൂളുകൾക്ക് സംസ്ഥാന സർക്കാരിന്റെ നിർദേശം. അമിത ഭാരമുള്ള സ്കൂൾ ബാഗുകൾ കുട്ടികളുടെ ആരോഗ്യത്തിന് ഗുരുതര ഭീഷണി സൃഷ്ടിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഉത്തരവ്. കുട്ടികളുടെ കാൽമുട്ടുകളിൽ ഉൾപ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് അമിത ഭാരമുള്ള ബാഗുകൾ കാരണമാവുമെന്ന് ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷൻ (ഡിഒഇ) സ്കൂളുകളുടെ പ്രിൻസിപ്പൽമാർക്ക് അയച്ച കത്തിൽ മുന്നറിയിപ്പു നൽകി. സ്കൂളുകളിൽ ക്ലാസുകൾ വീണ്ടും ആരംഭിക്കുമ്പോൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ച പ്രകാരമുള്ള ‘സ്കൂൾ ബാഗ് പോളിസി’ നടപ്പാക്കണമെന്നാണ് നിർദേശം.

കുട്ടികൾ അമിത ഭാരമുള്ള ബാഗുകൾ കൊണ്ടുവരുന്നില്ലെന്ന് ഉറപ്പാക്കാൻ ഇടയ്ക്കിടെ പരിശോധന നടത്തണം. പാഠപുസ്തകങ്ങൾ, നോട്ടുബുക്കുകൾ, ഗൈഡുകൾ, ഹോംവർക്ക് ബു ക്കുകൾ, വാട്ടർ ബോട്ടിൽ, ലഞ്ച് ബോക്സ് എന്നിവയെല്ലാം ചേരുമ്പോൾ വലിയ ഭാരം ചുമക്കേണ്ട സ്ഥിതിയാണ്. ചില ബാഗുകൾക്ക് തന്നെ അമിത ഭാരമാണ്. സ്കൂളിന്റെ മുകൾ നിലകളിലേക്ക് ഭാരമുള്ള ബാഗും ചുമന്ന് കയറേണ്ട സ്ഥിതിയാണ് കുട്ടികൾക്ക്. ദിവസവും കൊണ്ടുവരേണ്ട പാഠപുസ്തകങ്ങൾ, നോട്ടുബുക്കുകൾ എന്നിവ സംബന്ധിച്ച് കൃത്യമായ ടൈംടേബിൾ അധ്യാപകർ തയാറാക്കണം. ബാഗുകളുടെ അമിത ഭാരം ഇല്ലാതാക്കാൻ കഴിയുന്ന തരത്തിൽ വേണം ടൈംടേബിൾ തയാറാക്കേണ്ടതെന്നും നിർദേശിച്ചു. 

ഡിഒഇയുടെ പ്രധാന നിർദേശങ്ങൾ

∙ പ്രീ-പ്രൈമറിക്ക് പുസ്തകങ്ങൾ വേണ്ട.
∙ ഒന്ന്, രണ്ട് ക്ലാസുകളിൽ ഒരു നോട്ടുബുക്ക് മാത്രം.
∙ ബാഗുകളിൽ ടൈംടേബിൾ അനുസരിച്ചുള്ള പുസ്തകങ്ങൾ മാത്രം.
∙ 1-10 വരെയുള്ള ക്ലാസുകളിൽ കുട്ടികളുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ കൂടരുത് ബാഗിന്റെ ഭാരം.
∙ ഒരു വിഷയത്തിന് പ്രൊജക്ട്, എക്സർസൈസ്, യൂണിറ്റ് ടെസ്റ്റ് തുടങ്ങിയവയ്ക്ക് ഒരു നോട്ടുബുക്കു മാത്രം.
∙ കൂടുതൽ പുസ്തകങ്ങൾ കൊണ്ടുവരാൻ കുട്ടികളെ നിർബന്ധിക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com