നഗരത്തിലെ ആദ്യ കോവിഡ് ബാധിതൻ പറയുന്നു വിശ്വസിക്കാം വാക്സീൻ
Mail This Article
ന്യൂഡൽഹി ∙ കോവിഡ് വാക്സീൻ സ്വീകരിക്കുന്നതിൽ പരിഭ്രമിക്കേണ്ടതില്ലെന്നും വിദഗ്ധർ പറയുന്നതു വിശ്വസിക്കാമെന്നും നഗരത്തിലെ ആദ്യ കോവിഡ് ബാധിതൻ. 16നു രാജ്യമൊട്ടാകെ വാക്സീൻ വിതരണം ആരംഭിക്കാനിരിക്കെയാണ് ആശങ്കകൾക്കു വിരാമമിടാനുള്ള ബോധവൽക്കരണത്തിൽ രോഹിത് ദത്തയും ഭാഗമായത്. ഡൽഹിയിൽ 89 കേന്ദ്രങ്ങളിലാണ് വാക്സീൻ വിതരണം ആദ്യ ഘട്ടത്തിൽ നടക്കുന്നത്. ആരോഗ്യപ്രവർത്തകർക്കാണ് ആദ്യം വാക്സീൻ നൽകുന്നത്.
കഴിഞ്ഞ മാർച്ച് 1നാണു ഡൽഹിയിൽ ആദ്യ കോവിഡ് കേസ് റജിസ്റ്റർ ചെയ്തത്. ഇറ്റലിയിൽ നിന്നെത്തിയ ബിസിനസുകാരനായ രോഹിത്തിനു കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ‘ഏതാനും മാസങ്ങളായി നമ്മളെല്ലാം വിഷമിക്കുകയായിരുന്നു. ഒട്ടേറെപ്പേർ മരിച്ചു. പലരും വൈറസിന്റെ പിടിയിലായി. എന്നാൽ നമ്മുടെ ആരോഗ്യപ്രവർത്തകരും ഗവേഷകരും ഏറെ പരിശ്രമിച്ചു. അതിന്റെ ഫലമാണ് ഇപ്പോൾ കാണുന്നത്’ അദ്ദേഹം പറഞ്ഞു.
∙ ഇന്നലെ 13 മരണം
∙ ആകെ മരണം 10,691.
ഡൽഹി പോസിറ്റീവ് കേസുകൾ (പുതിയ കേസുകൾ ബ്രാക്കറ്റിൽ)- 6,30,506 (+306)