ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് വാക്സിനേഷനുള്ള ആദ്യ ബാച്ച് വാക്സീൻ ഡൽഹിയിലെ പ്രധാന സംഭരണ കേന്ദ്രമായ രാജീവ്ഗാന്ധി സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിലെത്തിച്ചു.ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച് പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന കോവിഷീൽഡ് വാക്സീന്റെ ഏകദേശം 2.50 ലക്ഷം ഡോസ് ആശുപത്രിയിലെത്തിച്ചതായി മെഡിക്കൽ ഡയറക്ടർ ബി.എൽ. ഷേർവാൾ അറിയിച്ചു.ഡൽഹി സർക്കാരിന്റെ ഏറ്റവും വലിയ വാക്സീൻ സംഭരണ കേന്ദ്രമായ രാജീവ്ഗാന്ധി സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിൽ വാക്സീൻ സൂക്ഷിക്കാനായി ആധുനിക ശീതീകരണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ ആദ്യഘട്ട വാക്സിനേഷന് 89 കേന്ദ്രങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.

∙ഇന്നലെ രാവിലെ പത്തോടെയാണ് പുണെയിൽ നിന്ന് വാക്സീൻ ഡൽഹി വിമാനത്താവളത്തിലെത്തിച്ചത്.
∙തുടർന്ന് ഡൽഹി പൊലീസ് സജ്ജമാക്കിയ പ്രത്യേക റൂട്ടിലൂടെ പൊലീസ് അകമ്പടിയോടെയാണ് വാക്സീൻ കയറ്റിയ ട്രക്ക് ആശുപത്രിയിലെത്തിച്ചു.

∙ഇവിടെ നിന്ന് ശീതീകരണ സംവിധാനമുള്ള പ്രത്യേക വാഹനങ്ങളിൽ വാക്സീൻ വിവിധ സ്ഥലങ്ങളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും.

∙സർക്കാർ- സ്വകാര്യ ആശുപത്രികൾ ഉൾപ്പെടുന്ന ഇത്തരം കേന്ദ്രങ്ങളിൽ ആദ്യം 3 ലക്ഷത്തോളം ആരോഗ്യപ്രവർത്തകർക്കാണ് കുത്തിവയ്പ് നൽകുക.

വാക്സീന് വൻ  സുരക്ഷയൊരുക്കി പൊലീസ്

കോവിഡ‍് വാക്സീൻ വിതരണത്തിന് വിപുലമായ സുരക്ഷാ സംവിധാനങ്ങളുമായി ഡൽഹി പൊലീസ്. വാക്സീൻ സൂക്ഷിക്കുന്ന പ്രധാന കേന്ദ്രമായ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിൽ പ്രത്യേക കാവൽ ഏർപ്പെടുത്തിയതായി ഡിസിപി അമിത് ശർമ പറഞ്ഞു.
പുണെയിൽ നിന്ന് വാക്സീൻ ഡൽഹി വിമാനത്താവളത്തിലാണ് ആദ്യം എത്തിക്കുന്നത്. ഇവിടെ നിന്നാണ് രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് പ്രത്യേക ട്രക്കുകളിൽ കൊണ്ടുപോകുന്നത്.

വിമാനത്താവളത്തിൽ നിന്ന് രാജീവ്ഗാന്ധി ആശുപത്രിയിലേക്ക് പോകുന്ന വാക്സീൻ കയറ്റിയ ട്രക്കുകൾക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു. നഗരത്തിലെ വിവിധ സ്ഥലങ്ങളിലുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് വാക്സീൻ കൊണ്ടുപോകുന്നതും പൊലീസ് കാവലിലാവും. വാക്സിനേഷൻ കേന്ദ്രങ്ങളിലും നിരീക്ഷണം ഏർപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

തുടക്കം എൽഎൻജെപി ആശുപത്രിയിൽ
എൽഎൻജെപി ആശുപത്രിയിൽ 16ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ, ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ ഡൽഹിയിലെ കോവിഡ് വാക്സിനേഷനു തുടക്കമാവും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com