ADVERTISEMENT

ഡൽഹി ∙ ഏകദേശം 2.94 കോടി വാക്സീൻ വേണ്ടിടത്തു കേന്ദ്രസർക്കാർ ഇതുവരെ നൽകിയതു 57 ലക്ഷം ഡോസ് മാത്രമാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ആവശ്യത്തിനു വാക്സീൻ നൽകാതിരുന്നിട്ടും പ്രധാനമന്ത്രിയെ അഭിനന്ദിച്ചു മാധ്യമങ്ങളിൽ പരസ്യം നൽകാൻ കേന്ദ്രസർക്കാർ നിർബന്ധിക്കുന്നുവെന്നും  സിസോദിയ കുറ്റപ്പെടുത്തി. ജൂലൈയിലേക്കു 15 ലക്ഷം വാക്സീൻ ഡോസ് നൽകുമെന്നാണു കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ഈ നിലയിലാണെങ്കിൽ സംസ്ഥാനത്തെ മുഴുവൻ പേർക്കും  വാക്സീൻ ലഭ്യമാക്കാൻ 16 മാസമെങ്കിലും എടുക്കുമെന്നും സിസോദിയ വിശദീകരിച്ചു. സൗജന്യവാക്സീൻ പദ്ധതി നടപ്പാക്കിയ കേന്ദ്രസർക്കാരിനെ അഭിനന്ദിച്ചു ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം പത്രങ്ങളിൽ പരസ്യം നൽകുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഇന്നു മുതൽ വിതരണം ചെയ്യാൻ സൗജന്യ വാക്സീൻ കേന്ദ്രത്തിൽ നിന്നു ഡൽഹിക്കു ലഭിച്ചിട്ടില്ലെന്നും സിസോദിയ ആരോപിച്ചു. 

‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നന്ദി പറഞ്ഞു പരസ്യം നൽകാൻ കേന്ദ്രം ഡൽഹി സർക്കാരിനോട് ആവശ്യപ്പെടുകയാണ്. ഇതിനു വേണ്ടിയുള്ള ടൂൾക്കിറ്റും ഡൽഹി  സർക്കാർ ഉദ്യോഗസ്ഥർക്കു നൽകിയിട്ടുണ്ട്. ജനങ്ങൾക്കു പരസ്യമല്ല, വാക്സീനാണ് സത്യത്തിൽ വേണ്ടത്.  2 മാസത്തിനുള്ളിൽ 2.3 കോടി ഡോസ് ലഭ്യമാക്കണമെന്നു ഞാൻ പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നു. അതു നൽകിയാൽ ഞങ്ങൾ പരസ്യം നൽകും. ഡൽഹി മുഴുവൻ പരസ്യം സ്ഥാപിക്കും.

എന്നാൽ വാക്സീൻ നൽകാതെ പരസ്യം മാത്രം നൽകുന്നതാണ് ഇപ്പോൾ  കാണുന്നത്’ സിസോദിയ വിമർശിച്ചു. കോവിഡ് വാക്സീൻ നയത്തിൽ മാറ്റം വരുത്തി 18 വയസ്സിനു മുകളിലുള്ളവർക്കു സൗജന്യ വാക്സീൻ നൽകുമെന്നു ഈ മാസം ഏഴിനാണു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ‘നഗരത്തിലെ മുഴുവൻ പേർക്കും വാക്സീൻ  നൽകണമെങ്കിൽ 2.94 കോടി ഡോസ് വാക്സീനാണു വേണ്ടത്. ഇനിയും 2.3 കോടി ഡോസ് ലഭ്യമാക്കേണ്ടതുണ്ട്.’ ശനിയാഴ്ച വരെ 65,14,825 ഡോസ് വാക്സീനാണു ഡൽഹിയിൽ വിതരണം ചെയ്തത്. രണ്ടു ഡോസും സ്വീകരിച്ചതു 15,7,775 പേർ മാത്രമാണ്.

ഈ വർഷത്തെ ഏറ്റവും കുറഞ്ഞ കോവിഡ് നില ഇന്നലെ

ന്യൂഡൽഹി ∙ സംസ്ഥാനത്ത് കഴി​ഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ കോവിഡ് നില. ഇന്നലെ 89 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. 11 കോവി‍ഡ് മരണം റിപ്പോർട്ട് ചെയ്‌തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.16 ശതമാനമായി കുറ​‍ഞ്ഞു. 4 മാസങ്ങൾക്കു ശേഷമാണു പ്രതിദിന കോവിഡ് കേസുകൾ 100ൽ താഴെയെത്തുന്നത്. ഫെബ്രുവരി 16നു സ്ഥിരീകരിച്ച 94 കേസായിരുന്നു ഈ വർഷത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞനില. 

കോവിഡ് രണ്ടാം വരവിനു ശേഷം സംസ്ഥാനത്തെ നില ഏറെ മെച്ചപ്പെട്ടുവെന്നതിനു തെളിവാണിത്. ഏപ്രിൽ 20നു 28,395 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായിരുന്നു ഡൽഹിയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്.  ഏപ്രിൽ 22നു പോസിറ്റിവിറ്റി നിരക്ക് 36.2 ശതമാനത്തിലെത്തിയിരുന്നു. മേയ് 3നു 448 മരണം സ്ഥിരീകരിച്ചതാണു സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്ക്. സജീവ കോവിഡ് രോഗികളുടെ എണ്ണം ഇന്നലെ 1996 ൽ എത്തി. ഏറെ നാളുകൾക്കു ശേഷമാണു സജീവ കേസുകൾ രണ്ടായിരത്തിൽ താഴെയെത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com