ADVERTISEMENT

ന്യൂഡൽഹി∙ തണുപ്പുകാലത്ത് വായു മലിനീകരണം തടയുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി ഡൽഹി സർക്കാർ. വായു മലിനീകരണം തടയുന്നതിനുള്ള ‘വിന്റർ ആക്‌ഷൻ പ്ലാൻ’ 30നു മുൻപ് തയാറാക്കുമെന്ന് സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പ്രഖ്യാപിച്ചു. കാർഷിക അവശിഷ്ടം കത്തിക്കൽ, പൊടിശല്യം, സ്മോഗ് ടവറുകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് കർമ പദ്ധതി തയാറാക്കുന്നത്. 

ഡൽഹി മലിനീകരണ നിയന്ത്രണ സമിതി അംഗങ്ങൾ, പരിസ്ഥിതി- വനം വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. മലിനീകരണം തടയുന്നതിന് രൂപീകരിച്ച കേന്ദ്ര കമ്മിഷന്റെ യോഗം അടുത്തയാഴ്ച വിളിച്ചു ചേർക്കുമെന്ന് മന്ത്രി അറിയിച്ചു. ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടം കത്തിക്കുന്ന വിഷയമാണ് കേന്ദ്ര കമ്മിഷന്റെ പ്രതിനിധികളുമായി ചർച്ച ചെയ്യുക. 

വായു മലിനീകരണം തടയുന്നതിന് കഴിഞ്ഞ വർഷം രൂപീകരിച്ച ‘ഗ്രീൻ വാർ റൂം’ പ്രവർത്തനം പുനരാരംഭിക്കും. മലിനീകരണം സംബന്ധിച്ചുള്ള പരാതികൾ പരിഹരിക്കുന്നതിനുള്ള ‘ഗ്രീൻ ഡൽഹി’ മൊബൈൽ ആപ്ലിക്കേഷനും പ്രവർത്തനക്ഷമമാക്കും. വായു മലിനീകരണം തടയുന്നതിനുള്ള യോജിച്ച പ്രവർത്തനങ്ങൾക്ക് അയൽ സംസ്ഥാനങ്ങളുമായി ചർച്ച നടത്താൻ ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തുമെന്നും ഗോപാൽ റായ് പറഞ്ഞു. വിവിധ വകുപ്പുകൾ, നഗരസഭകൾ, ഡിഡിഎ, ഡൽഹി ജല ബോർഡ്, ട്രാഫിക് പൊലീസ്, ദേശീയപാത അധികൃതർ ഉൾപ്പെടെയുള്ളവരുടെ യോഗം 14ന് വിളിച്ചുചേർക്കും. ഈ യോഗത്തിലെ നിർദേശങ്ങളും ഉൾപ്പെടുത്തിയാവും ‘വിന്റർ ആക്‌ഷൻ പ്ലാൻ’ തയാറാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com