ADVERTISEMENT

ന്യൂഡൽഹി∙ ഉത്തർപ്രദേശിലെ ജേവാറിൽ നിർമിക്കുന്ന നോയിഡ രാജ്യാന്തര വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. കനത്ത സുരക്ഷാവലയത്തിൽ നടക്കുന്ന ശിലാസ്ഥാപന ചടങ്ങിന് വിപുലമായ സജ്ജീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. 

നോയിഡയിലെ വിമാനത്താവളം ഡൽഹി ഉൾപ്പെടുന്ന ദേശീയ തലസ്ഥാന മേഖലയിലെ രണ്ടാമത്തെ രാജ്യാന്തര വിമാനത്താവളമാണ്. നോയിഡ വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരുടെ തിരക്കു കുറയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 

നോയിഡ രാജ്യാന്തര വിമാനത്താവളത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ 2024ൽ പൂർത്തിയാക്കുകയാണു ലക്ഷ്യം. 10,050 കോടി രൂപ മുതൽമുടക്കിൽ 1,330 ഏക്കർ സ്ഥലത്താണ് ആദ്യഘട്ടം പൂർത്തിയാക്കുന്നത്. പ്രതിവർഷം 1.2 കോടി യാത്രക്കാർക്കു സേവനം നൽകാനുള്ള ശേഷിയുണ്ടാകും. വിമാനത്താവളത്തിന്റെ മൊത്തം വികസനത്തിനു 29,560 കോടി രൂപയാണു മുതൽ മുടക്കുക. നിർമാണം പൂർത്തിയാകുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായി ജേവാർ മാറും. ആദ്യഘട്ടത്തിൽ 2 റൺവേകളാണ് നിർമിക്കുക. ആകെയുള്ള 4 ഘട്ടങ്ങളും പൂർത്തിയാകുമ്പോൾ 8 റൺവേകളാണ് സജ്ജമാക്കുക.    

നോയിഡ വിമാനത്താവളം ഡൽഹി ഉൾപ്പെടുന്ന ദേശീയ തലസ്ഥാന മേഖലയിൽ വൻ വികസന സാധ്യതകൾക്കു വഴിതുറക്കുമെന്നാണു കരുതപ്പെടുന്നത്. വിമാനത്താവളത്തിലേക്ക് മെട്രോ പാതയും നിർമിക്കുന്നുണ്ട്. സൂറിക് എയർപോർട്ട് കമ്പനിക്കാണു നിർമാണക്കരാർ ലഭിച്ചിരിക്കുന്നത്. യമുന ഇന്റർനാഷനൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നോയിഡ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (നിയാൽ) എന്നിവയും നിർമാണത്തിൽ പങ്കാളികളാണ്. 

നിർമാണം പൂർത്തിയാകുന്നതോടെ 5 രാജ്യാന്തര വിമാനത്താവളങ്ങളുള്ള രാജ്യത്തെ ഏക സംസ്ഥാനമായി യുപി മാറും. ലക്നൗ, വാരാണസി രാജ്യാന്തര വിമാനത്താവളങ്ങൾ മാത്രമുണ്ടായിരുന്ന യുപിയിൽ കഴിഞ്ഞ മാസം കുശിനഗർ വിമാനത്താവളം  പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. അയോധ്യയിലെ രാജ്യാന്തര വിമാനത്താവളത്തിന്റെ നിർമാണവും പുരോഗമിക്കുകയാണ്. നോയിഡ വിമാനത്താവളത്തിനു സമീപം വൻ വികസന പദ്ധതികൾക്കാണ് ഉത്തർപ്രദേശ് സർക്കാർ ലക്ഷ്യമിടുന്നത്. ഏകദേശം 6000 ഏക്കർ ഹൗസിങ് സൊസൈറ്റികൾക്കും വ്യവസായ പാർക്കുകൾക്കു 2,700 ഏക്കർ സ്ഥലവും രാജ്യാന്തര നിലവാരത്തിലുള്ള ഫിലിം സിറ്റിക്ക് 1,000 ഏക്കർ സ്ഥലവും ഉത്തർപ്രദേശ് സർക്കാർ വിമാനത്താവളത്തിനു സമീപം കണ്ടുവച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com