ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് സ്ഥിതി മെച്ചപ്പെട്ടത് കണക്കിലെടുത്ത് ഡൽഹിയിൽ വാരാന്ത്യ കർഫ്യു പിൻവലിച്ചു. കടകൾ തുറക്കുന്നതിനുള്ള ഒറ്റ-ഇരട്ട നമ്പർ നിബന്ധനയും ഒഴിവാക്കിയതായി ഡൽഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) അറിയിച്ചു. എന്നാൽ, ദിവസവും രാത്രി 10 മുതൽ രാവിലെ 5 വരെയുള്ള കർഫ്യു തുടരും. സ്കൂളുകൾ, കോളജുകൾ എന്നിവ തുറക്കുന്നത് സംബന്ധിച്ച് അടുത്ത യോഗത്തിൽ തീരുമാനിക്കുമെന്ന് ഡിഡിഎംഎ വ്യക്തമാക്കി. 

ലഫ്. ഗവർണർ അനിൽ ബൈജലിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഡിഎംഎ യോഗമാണ്  നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകാൻ തീരുമാനിച്ചത്. ഡൽഹിയിലെ കോവിഡ് വ്യാപനത്തിന്റെ ശക്തി കുറഞ്ഞത് കണക്കിലെടുത്ത്  ഇളവു വേണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. കോവിഡ് കേസുകൾ കുറയുന്നത് പരിഗണിച്ചും വിദഗ്ധരുമായി ആലോചിച്ചുമാണ് ഇളവുകൾ നൽകാൻ തീരുമാനിച്ചതെന്ന് ലഫ്. ഗവർണർ വ്യക്തമാക്കി. ജാഗ്രത തുടരണമെന്നും കോവിഡ് ബാധിച്ച് ആശുപത്രികളിൽ ചികിത്സയിലുള്ളവരെ പ്രത്യേകം നിരീക്ഷിക്കണമെന്നും  നിർദേശിച്ചു. ഒറ്റ- ഇരട്ട നമ്പർ നിബന്ധന പിൻവലിച്ചതോടെ ഡൽഹിയിലെ മാർക്കറ്റുകളുടെ പ്രവർത്തനം ഇന്നു മുതൽ സാധാരണ നിലയിലാവും. 

ഡിഡിഎംഎ പ്രഖ്യാപിച്ച മറ്റ് ഇളവുകൾ

∙ സിനിമ തിയറ്ററുകൾ, ബാറുകൾ, റസ്റ്ററന്റുകൾ എന്നിവയ്ക്ക് പകുതി സീറ്റ് ഒഴിച്ചിട്ട് പ്രവർത്തിക്കാം.  

∙ സർക്കാർ ഓഫിസുകൾക്ക് 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. 

∙ വിവാഹ ചടങ്ങുകളിൽ പരമാവധി 200 പേർക്ക് പങ്കെടുക്കാം. 

∙ ഗ്രേഡ്-1 വരെയുള്ള സർക്കാർ ഓഫിസുകൾ പൂർണ തോതിൽ പ്രവർത്തിക്കും.

മരിച്ചവരിൽ ഭൂരിപക്ഷവും വാക്സീൻ എടുക്കാത്തവർ

ന്യൂഡൽഹി ∙ സംസ്ഥാനത്തു കോവിഡ് ബാധിച്ചു മരിച്ചവരിൽ 64 ശതമാനവും  വാക്സീൻ സ്വീകരിക്കാത്തവരോ  മറ്റു ഗുരുതര രോഗമുള്ളവരോ ആണെന്നു കേന്ദ്രം. വാക്സീൻ സ്വീകരിക്കാത്തവർക്കു കോവിഡ് പിടിപെടാനും ഗുരുതരമാകാനുമുള്ള സാധ്യത കൂടുതലാണെന്ന് ഇതു വ്യക്തമാക്കുന്നുവെന്നു എൻസിഡിസി ഡയറക്ടർ ഡോ. എസ്.കെ.സിങ് പറഞ്ഞു. സംസ്ഥാനത്ത് ഇന്നലെ 34 പേരാണു കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ആകെ മരണം 25,744 ആയി വർധിച്ചു.

കോവിഡ് കേസ്

∙ പുതിയ കേസുകൾ- 4291

∙ ഇന്നലത്തെ മരണം- 34

∙ ആകെ കേസുകൾ- 18,15,288

∙ ആകെ മരണം- 25,744

∙ ടിപിആർ- 9.56 ശതമാനം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com