ADVERTISEMENT

ന്യൂഡൽഹി ∙ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ (എസ്‍യുപി) നിരോധനത്തിനു മുന്നോടിയായി ബദൽ ഉൽപന്നങ്ങളുടെ വിൽപന പ്രോത്സാഹിപ്പിക്കാൻ നടപടികളുമായി ഡൽഹി സർക്കാർ.ഡൽഹിയിൽ ജൂലൈ ഒന്നു മുതൽ എസ്‍യുപി നിരോധനം പ്രാബല്യത്തിലാകും. പകരം ഉപയോഗിക്കാൻ കഴിയുന്ന ഉൽപന്നങ്ങളുടെ ഒരാഴ്ചത്തെ പ്രദർശനം അടുത്ത മാസം ഡൽഹിയിൽ സംഘടിപ്പിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് വ്യക്തമാക്കി. നിരോധിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കു ബദലായി നിർമിക്കുന്ന പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളാണ് പ്രദർശിപ്പിക്കുക.

ബദൽ ഉൽപന്ന സംരംഭകർക്ക് ആനുകൂല്യങ്ങൾ

ഇത്തരം ഉൽപന്നങ്ങൾ നിർമിക്കുന്ന വ്യാവസായിക യൂണിറ്റുകൾക്ക് ഡൽഹി സ്റ്റാർട്ടപ് നയത്തിന്റെ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ നൽകും. ഈ മേഖലയിൽ കൂടുതൽ സംരംഭകരെ സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽക്കുന്ന കടകളുടെ പട്ടിക തയാറാക്കാൻ ഡൽഹി മുനിസിപ്പൽ കോർപറേഷനു നിർദേശം നൽകിയിട്ടുണ്ട്. ബദൽ ഉൽപന്നങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള വിവരം കടയുടമകൾക്ക് കൈമാറും.

നിരോധിച്ചവയ്ക്ക് കർശന നിയന്ത്രണം

ജൂലൈ ഒന്നിനു നിരോധനം നിലവിൽ വരുന്നതോടെ എസ്‍യുപി ഉൽപന്നങ്ങളുടെ വിൽപന കർശനമായി തടയും. എസ്‍യുപി നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, വിതരണക്കാർ, ജീവനക്കാർ, വിൽപനക്കാർ എന്നിവർക്ക് നിരോധനം വെല്ലുവിളിയാവും. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ജൂൺ 30നു ശേഷം സംഭരിക്കുകയോ വിൽക്കുകയോ വാങ്ങുകയോ ചെയ്യരുതെന്ന് ഉൽപാദകർ, ചെറുകിട വിൽപനക്കാർ, കടയുടമകൾ എന്നിവർക്ക് കർശന നിർദേശം നൽകിക്കഴിഞ്ഞതായും മന്ത്രി ഗോപാൽ റായ് വ്യക്തമാക്കി.

നിരോധനം നിലവിൽ വരുന്ന സമയം മുതൽ എസ്‍യുപി ഉൽപന്നങ്ങൾ വിതരണം ചെയ്യരുതെന്ന് നിർമാണ യൂണിറ്റുകൾക്ക് ഡൽഹി പരിസ്ഥിതി മലിനീകരണ നിയന്ത്രണ സമിതിയും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പാക്കുക, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പൂർണമായി ഒഴിവാക്കുക എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ കഴിഞ്ഞവർഷം പ്രത്യേക കർമ സമിതി രൂപീകരിച്ചിരുന്നു.

 നിരോധിക്കുന്നവ

ബലൂണുകളുടെ പ്ലാസ്റ്റിക് സ്റ്റിക്, ചെവിത്തോണ്ടി, പതാക, ഐസ്ക്രീം കഴിക്കാനുള്ള സ്പൂൺ, തെർമോകോൾ പ്ലേറ്റ്, പ്ലാസ്റ്റിക് /തെർമോകോൾ കപ്പുകൾ, ഗ്ലാസുകൾ, ഫോർക്കും സ്പൂണും, പ്ലാസ്റ്റിക് കത്തി, ട്രേ, ബോക്സുകൾ കെട്ടാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ചരട്, സിഗരറ്റ് പാക്കറ്റ്, പ്ലാസ്റ്റിക്/ പിവിസി ബാനറുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com