ADVERTISEMENT

ന്യൂഡൽഹി ∙ എല്ലാത്തരം വാണിജ്യ, പാർപ്പിട സ്വത്തുക്കളെയും നികുതി പരിധിയിൽ കൊണ്ടുവരാൻ ലഫ്. ഗവർണർ വിനയ് കുമാർ സക്സേനയുടെ നിർദേശം. വരുമാന വർധന ലക്ഷ്യമിട്ടാണു പുതിയ നിർദേശം. എല്ലാത്തരം വസ്തു നികുതി രേഖകളും ബിൽഡിങ് പ്ലാനിന് അനുമതി നൽകുന്ന നടപടികളുമെല്ലാം ആദായ നികുതിയുടെ പരിധിയിൽ കൊണ്ടുവരാനും ഇതിനുള്ള നടപടികൾ ജൂലൈ 31നുള്ളിൽ പൂർത്തിയാക്കാനും അദ്ദേഹം കോർപറേഷനുകൾക്കു നിർദേശം നൽകി. 

ഫലത്തിൽ അനധികൃത കോളനികളിൽ താമസിക്കുന്നവർക്ക് ഉൾപ്പെടെ നികുതി നൽകേണ്ടി വരുന്ന തരത്തിൽ വ്യവസ്ഥകൾ പരിഷ്കരിക്കാൻ സാധ്യതയുണ്ടെന്നു വിദഗ്ധർ പറയുന്നു. സംസ്ഥാനത്തെ ഭൂവുടമകളിൽ 65 ശതമാനവും നികുതി നൽകുന്നില്ലെന്നും ഇത് ഏറെ ആശങ്കപ്പെടുത്തുന്നുവെന്നും അവലോകന യോഗത്തിൽ ലഫ്. ഗവർണർ വ്യക്തമാക്കി. അദ്ദേഹത്തിന്റെ നിർദേശം അനുസരിച്ചുള്ള ക്രമീകരണ നടപടികൾ ആരംഭിച്ചു കഴിഞ്ഞുവെന്നും നികുതി വരുമാനം ശക്തിപ്പെടുത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

നേരത്തെ അനധികൃത കോളനികളിലെ വലിയ വാണിജ്യ സ്ഥാപനങ്ങളിൽ നിന്നു നികുതി പിരിക്കാനുള്ള ആലോചന കോർപറേഷൻ ആരംഭിച്ചിരുന്നു. വരുമാനം വർധിപ്പിച്ചാൽ മാത്രമേ ജനങ്ങൾക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കുവെന്നും അധികൃതർ വ്യക്തമാക്കി. കോർപറേഷൻ ജീവനക്കാർക്കു ശമ്പളം പോലും നൽകാൻ പ്രതിസന്ധി നേരിടുന്ന സാഹചര്യവും ഇവർ ചൂണ്ടിക്കാട്ടി. കോർപറേഷന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായാണു നികുതി വർധന ലക്ഷ്യമിട്ടുള്ള ഇടപെടലുകളെന്നു ലഫ്. ഗവർണറുടെ ഓഫിസും വ്യക്തമാക്കി. 

വസ്തു നികുതി റജിസ്ട്രേഷനുള്ള നടപടികൾ ലഘൂകരിക്കാനും ഇതിനെ ആധാറുമായി ബന്ധിപ്പിക്കാനും അദ്ദേഹം നിർദേശം നൽകി.  ജനങ്ങളുടെയും റസിഡന്റ് വെൽഫെയർ അസോസിയേഷനുകളുടെയും പിന്തുണയും അഭിപ്രായവും ഇക്കാര്യത്തിൽ തേടണമെന്നും നിർദേശിച്ചിട്ടുണ്ട്. നേരത്തെ 25 ലക്ഷത്തിനു മുകളിൽ മൂല്യമുള്ള വസ്തുക്കളുടെ നികുതി ഒരു ശതമാനം വർധിപ്പിക്കാൻ കോർപറേഷൻ തീരുമാനിച്ചിരുന്നു. 

എല്ലാവർക്കുമല്ലേ സേവനങ്ങൾ? :  വിനയ് കുമാർ സക്സേന, ലഫ്. ഗവർണർ

"അംഗീകൃത കോളനികളിലെ 11 ലക്ഷം വീടുകളിലെ താമസക്കാർ മാത്രമല്ല, നഗരത്തിലെ എല്ലാവർക്കും സർക്കാർ സേവനങ്ങളുടെ പ്രയോജനം  ലഭിക്കുന്നുണ്ട്. 35 ശതമാനം ആളുകൾ നികുതി നൽകുകയും 65 ശതമാനം പേർ നികുതി നൽകാതിരിക്കുകയും ചെയ്യുന്ന സാഹചര്യം വികസനത്തെ കാര്യമായി ബാധിക്കും."

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com