ADVERTISEMENT

ന്യൂഡൽഹി ∙ 6 ദിവസമായി പ്രതിദിന കോവിഡ് പോസിറ്റീവ് ആയിരത്തിനു മുകളിലായതിനെ തുടർന്ന് സ്കൂളുകളെല്ലാം ജാഗ്രതയിലാണ്. സ്കൂൾ അടച്ചിടാതെ അധ്യയനം മുന്നോട്ടുകൊണ്ടുപോകാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയാണു ഭൂരിഭാഗം സ്കൂളുകളും. അസുഖ ബാധിതരായി വീട്ടിൽ കഴിയുന്നവർക്കു വേണ്ടി ക്ലാസുകൾ റിക്കോർഡ് ചെയ്ത് അയയ്ക്കുക, ഓൺലൈൻ ക്ലാസ് ക്രമീകരിക്കുക തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. 

പനിയുൾപ്പെടെയുള്ള രോഗങ്ങൾ ബാധിച്ചവരെ സ്കൂളിൽ വരാൻ നിർബന്ധിക്കുന്നില്ലെന്നും വ്യക്തമാക്കി. തിങ്കളാഴ്ച 1372 പേരാണു നഗരത്തിൽ പോസിറ്റീവ് ആയത്; 6 മരണവും. രോഗവ്യാപന നിരക്ക് 17.85 ശതമാനമായി. ജനുവരി 21നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്. ‘കോവിഡ് സാഹചര്യം പൂർണമായി ഒഴിഞ്ഞിട്ടില്ല. വിദ്യാർഥികളുടെ ആരോഗ്യനില പരിശോധിക്കാൻ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിൽ ഒരിളവും നൽകുന്നില്ല. സുഖമില്ലാത്തവരെ ഐസലേഷനിലാക്കാനും അവരെ വീടുകളിലെത്തിക്കാനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്. കോവിഡ് പരിശോധന നടത്തി വീടുകളിൽ വിശ്രമിക്കാനാണ് നിർദേശിക്കുന്നത്.’ രോഹിണി എംആർജി സ്കൂൾ പ്രിൻസിപ്പൽ അൻഷു മിത്തൽ പറഞ്ഞു. സ്കൂളുകൾ അടച്ചിടാനാകില്ലെന്നു രോഹിണി ശ്രീറാം വണ്ടർ ഇയേഴ്സ് സ്കൂൾ പ്രിൻസിപ്പൽ സൗഭി സോണി പ്രതികരിച്ചു. 

‘2 വർഷം സ്കൂൾ അടഞ്ഞു കിടന്നതു വിദ്യാർഥികളുടെ പഠനസാഹചര്യത്തെ ഏറെ ബാധിച്ചിട്ടുണ്ട്. അതിൽ നിന്നു കുട്ടികൾ പതിയെ പുറത്തു വരുന്നതേയുള്ളൂ. ഈ സാഹചര്യത്തിൽ വീണ്ടും സ്കൂൾ അടച്ചിട്ടാൽ അവരെ ഏറെ ബാധിക്കും.’ അവർ പറഞ്ഞു. ക്ലാസുകൾ നടക്കുന്നുണ്ടെങ്കിലും വിദ്യാർഥികളുടെ ആരോഗ്യത്തിന് ഏറെ കരുതൽ നൽകുമെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും അവർ വ്യക്തമാക്കി. പല സ്കൂളുകളുടെ ഫീൽഡ് ട്രിപ്പുകൾ ഒഴിവാക്കുകയും പുറത്തുനിന്നു വാങ്ങിയ ഭക്ഷണം കൊണ്ടുവരുന്നതു വിലക്കുകയും ചെയ്തിട്ടുണ്ട്. വീടുകളിൽ തയാറാക്കിയ ഭക്ഷണം കൊണ്ടുവരണമെന്നും ഇതു പങ്കുവയ്ക്കുന്നത് ഒഴിവാക്കണമെന്നുമാണു നിർദേശം. അകലം, മാസ്ക് എന്നിവയെല്ലാം ഉറപ്പാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.

ആശങ്ക വേണ്ട: മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ

"കോവിഡ് കൂടുന്നുണ്ടെങ്കിലും  ആശങ്കപ്പെടേണ്ട സാഹചര്യമില്ല.  വളരെ ചെറിയ രോഗലക്ഷണം മാത്രമാണ് എല്ലാവർക്കുമുള്ളത്.  ആശുപത്രികളിൽ കഴിയുന്നവർ വളരെ കുറവാണ്. സാഹചര്യം സംസ്ഥാന സർക്കാർ സജീവമായി നിരീക്ഷിക്കുകണ്. ആവശ്യമായ മുൻകരുതലും സ്വീകരിച്ചിട്ടുണ്ട്."

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com