ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി നിയമസഭാ(വിധാൻസഭ) മന്ദിരത്തിൽ മുൻപു തടവുകാരെ തൂക്കിലേറ്റാൻ ഉപയോഗിച്ചിരുന്ന മുറി പൊതുജനങ്ങൾക്കു സന്ദർശിക്കാനായി തുറന്നു നൽകി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ഉദ്ഘാടനം ചെയ്തു. കോവിഡ് പോരാളികൾക്കു വേണ്ടി നിർമിച്ച സ്മാരകത്തിന്റെ ഉദ്ഘാടനവും നടന്നു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സ്പീക്കർ റാംനിവാസ് ഗോയൽ, ഡപ്യൂട്ടി സ്പീക്കർ രാഖി ബിർല തുടങ്ങിയവർ പങ്കെടുത്തു.

നിയമസഭാ സമ്മേളനമില്ലാത്ത അവസരങ്ങളിൽ ഈ 2 സ്ഥലങ്ങളും സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്. ബ്രിട്ടിഷ് ഭരണകാലത്തു സ്വാതന്ത്ര്യ സമരസേനാനികളെ കഴുവിലേറ്റാൻ ഉപയോഗിച്ചിരുന്ന മുറിയാണ് സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നവീകരിച്ചത്. 

വിധാൻ സഭയിൽ സമ്മേളനം നടക്കുന്ന ഹാളിൽ കണ്ടെത്തിയ ഭൂഗർഭ തുരങ്ക ഭാഗവും തുറന്നു നൽകുമെന്നാണു നേരത്തേ അറിയിച്ചിരുന്നതെങ്കിലും ഇവിടെ പ്രവേശനം അനുവദിച്ചിട്ടില്ല. ചെങ്കോട്ട വരെയെത്തുന്ന തുരങ്കമാണിതെന്നാണ് സർക്കാർ വാദം. എന്നാൽ ഇത്തരമൊരു തുരങ്കത്തെക്കുറിച്ച് ചരിത്രത്തിൽ രേഖകളൊന്നുമില്ലെന്നും ഇതൊരു ഭൂഗർഭ അറ മാത്രമാണെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥരും ചരിത്രഗവേഷകരും പറയുന്നു.

ഏറെയുണ്ട് അടുത്തറിയാൻ

ഏറെ ചരിത്രമുറങ്ങുന്നതാണു വിധാൻ സഭാ മന്ദിരം. ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നു ഡൽഹിയിലേക്കു മാറ്റുന്നുവെന്ന പ്രഖ്യാപനം ജോർജ് അഞ്ചാമൻ രാജാവ് 1911ലാണു നടത്തിയത്. പിന്നാലെ അന്നത്തെ വൈസ്രോയി ലോർഡ് ഹാർഡിങ്സ് ഭരണ ആസ്ഥാനം കൊൽക്കത്തയിൽ നിന്നു ഡൽഹിയിലേക്കു പറിച്ചു നട്ടു. സിവിൽ ലെയ്ൻസായിരുന്നു താൽക്കാലിക ഭരണകേന്ദ്രം. 

ഡൽഹിയിലെ ആദ്യത്തെ മോഡേൺ ബിൽഡിങ് ഏതെന്നു ചോദിച്ചാൽ വിധാൻ സഭയിലേക്കാണു ചരിത്രകാരൻമാർ വിരൽചൂണ്ടുക. ഇ. മൊണ്ടേഗ് തോമസ് രൂപകൽപ്പന ചെയ്ത ഈ കെട്ടിടം 1912ലാണു പണികഴിപ്പിച്ചത്. ഇവിടെയാണു കേന്ദ്ര നിയമസഭയുടെ(ഇന്നത്തെ പാർലമെന്റ്) സമ്മേളനം 1913 മുതൽ 1916 വരെ നടന്നത്. ഡൽഹി സർവകലാശാലയുടെ ആദ്യ ബിരുദദാനച്ചടങ്ങ് 1923 മാർച്ച് 26നു നടന്നതും ഇവിടെ.. പിന്നീട് 1993 മുതൽ ഡൽഹി നിയമസഭയുടെ ആസ്ഥാനമായി ഈ കെട്ടിടം മാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com