ADVERTISEMENT

ന്യൂഡൽഹി ∙ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തിൽ സുരക്ഷ ശക്തമാക്കി.  പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പ്രധാന ചടങ്ങുകൾ നടക്കുന്ന ചെങ്കോട്ടയുടെ പരിസരത്തായി ആയിരം സിസിടിവി  ക്യാമറകളാണു സ്ഥാപിച്ചിരിക്കുന്നത്. ലഷ്കർ ഇ–തയിബ, ജയ്ഷെ മുഹമ്മദ്  തുടങ്ങിയ ഭീകരസംഘടനകളുടെ ആക്രമണത്തിനു സാധ്യതയുണ്ടെന്നു  രഹസ്യാന്വേഷണ വിഭാഗത്തിന്റെ  സന്ദേശത്തെ തുടർന്നു  അതീവ ജാഗ്രതാ നിർദേശങ്ങളാണു നൽകിയിരിക്കുന്നത്. ചെങ്കോട്ടയിലേക്കു പ്രവേശിപ്പിക്കുന്നവരുടെ കാര്യത്തിൽ കർശന നിയന്ത്രണം പാലിക്കണമെന്നും  നിർദേശം നൽകിയിട്ടുണ്ട്. 

ആകെയുള്ള  1000 ക്യാമറകളിൽ 80 ശതമാനവും 2 മെഗാപിക്സൽ ശേഷിയുള്ളതാണ്. 20 ശതമാനത്തിനു 4 മെഗാപിക്സലും. 4 മെഗാപിക്സൽ  ശേഷിയുള്ള ക്യാമറകൾ തന്ത്രപ്രധാനമായ  സ്ഥലങ്ങളിലാകും സ്ഥാപിക്കുക. ഇക്കാര്യത്തിൽ ഡപ്യൂട്ടി പൊലീസ് കമ്മിഷണറാകും അന്തിമ തീരുമാനമെടുക്കുക. ചാന്ദ്നി ചൗക്ക്, ചാവ്‍ഡി ബസാർ, ചെങ്കോട്ട പരിസരം, ഐടിഒ, ദരിയാ ഗഞ്ച് തുടങ്ങിയ പ്രദേശങ്ങളിലാണു ഭൂരിഭാഗം ക്യാമറകളും സ്ഥാപിക്കുക. 

കഴിഞ്ഞ വർഷം  റിപ്പബ്ലിക് ദിനത്തിൽ കർഷക സമരപ്രതിഷേധക്കാർ  ചെങ്കോട്ടയിൽ ഇരച്ചു കയറിയതുൾപ്പെടെ സംഭവങ്ങൾ ഡൽഹി പൊലീസിന്റെ മുന്നിലുണ്ട്. ഈ സാഹചര്യത്തിൽ പഴുതുകളൊന്നും സംഭവിക്കാത്ത  സുരക്ഷാ ക്രമീകരണം  ഒരുക്കാനാണു തീരുമാനം. ചെങ്കോട്ടയിലേക്കുള്ള പ്രവേശനം  ഇതിനോടകം വിലക്കിയിട്ടുണ്ട്.  എയർ ബലൂൺ, ഡ്രോണുകൾ,  പാരാ മോട്ടർ, മൈക്രോ ലൈറ്റ് എയർക്രാഫ്റ്റ് എന്നിവയുടെ പറക്കലുകളും നിരോധിച്ചിട്ടുണ്ട്. പരിസരത്തു ക്യാമറ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുന്നോടിയായുള്ള  പൂർണ ഡ്രസ് റിഹേഴ്സൽ ഇന്നു നടക്കും. ഇതേത്തുർന്നു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ പറഞ്ഞു. ഇന്നും  15നും  പുലർച്ചെ 4 മുതൽ 11 വരെയാകും   നിയന്ത്രണങ്ങൾ. 

കേരള ഹൗസിൽ ദേശീയ പതാക വിതരണം

ന്യൂഡൽഹി∙ ‘ഹർ ഘർ തിരംഗ’ ആഘോഷത്തിന്റെ ഭാഗമായി കേരള ഹൗസിൽ നടന്ന ദേശീയ പതാക വിതരണം റസിഡന്റ് കമ്മിഷണർ സൗരഭ് ജെയിൻ ഉദ്ഘാടനം ചെയ്തു. ഇൻഫർമേഷൻ ഓഫിസ് തയാറാക്കിയ ‘ഹർ ഘർ തിരംഗ’ പ്രചാരണ വിഡിയോ റസിഡന്റ് കമ്മിഷണർ പ്രകാശനം ചെയ്തു. കേരള ഹൗസ് കൺട്രോളർ സി.എ. അമീർ, ലെയ്സൺ ഓഫിസർ രാഹുൽ കെ. ജയ്‌സ്വർ, പ്രോട്ടോക്കോൾ ഓഫിസർ സുൾഫിക്കർ റഹ്മാൻ, ലോ ഓഫിസർ ഡി. ശ്രീനിവാസൻ, പിആർഡി ഡപ്യൂട്ടി ഡയറക്ടർ അനിൽ ഭാസ്‌കർ തുടങ്ങിയവർ പതാക ഏറ്റുവാങ്ങി. ഇൻഫർമേഷൻ ഓഫിസർ സിനി കെ. തോമസ് ചടങ്ങിനു നേതൃത്വം നൽകി. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായും ഇന്നു മുതൽ 15 വരെ കേരള ഹൗസിലെ എല്ലാ ഓഫിസുകളിലും വീടുകളിലും ത്രിവർണ പതാക ഉയരുമെന്നും കൺട്രോളർ അറിയിച്ചു.

നിയന്ത്രണങ്ങൾ ഇങ്ങനെ

∙ ഡൽഹി ഗേറ്റിൽ നിന്നു ഛട്ടാ റാലിലേക്കു  നേതാജി സുഭാഷ് മാർഗിലൂടെയുള്ള യാത്രയ്ക്കു വിലക്ക്. എച്ച്.സി. സെൻ മാർഗിൽ നിന്നു യമുനാ ബസാർ ചൗക്ക് വരെയും ചാന്ദ്നി ചൗക്ക് റോഡിലും  സഞ്ചാരത്തിനു നിയന്ത്രണം. 

∙ രാജ്ഘട്ടിൽ നിന്നു ഐഎസ്ബിടി വരെയുള്ള  റിങ് റോഡ് ഭാഗത്തും ഗതാഗത നിയന്ത്രണം, ഐഎസ്ബിടി മുതൽ  ഐപി മേൽപ്പാലം വരെയുള്ള  ഔട്ടർ റിങ് റോഡിലും ഗതാഗത വിലക്ക്. 

∙ ഇന്ത്യാഗേറ്റ് സി–ഹെക്സഗൺ, കോപ്പർനിക്കസ് മാർഗ്, മണ്ഡി ഹൗസ്, തിലക് മാർഗ്, മഥുര റോഡ്, ജവാഹർലാൽ നെഹ്റു മാർഗ്, റിങ് റോഡ് പ്രദേശങ്ങളിലെല്ലാം ഗതാഗതം നിയന്ത്രിക്കും. 

∙ നിസാമുദ്ദീൻ ഖട്ട മുതൽ വസീറാബാദ് ബ്രിഡ്ജ് വരെയുള്ള ഭാഗത്തു 14നു രാത്രി 12 മുതൽ 15നു രാവിലെ 11 വരെ കൊമേഴ്സ്യൽ വാഹനങ്ങൾക്കു പ്രവേശനമില്ല. 

∙ സംസ്ഥാനന്തര ബസ് സർവീസിനു  മഹാറാണ പ്രതാപ് ഐഎസ്ബിടി മുതൽ  സരായ് കാലെ ഖാൻ ഐഎസ്ബിടി വരെയുള്ള ഭാഗത്തേക്കും പ്രവേശനം ഈ സമയത്തുണ്ടാകില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com