ADVERTISEMENT

ന്യൂഡൽഹി ∙ യമുനാ നദിയിലെ  ജലനിരപ്പ് അപകട നിലയിൽ നിന്നു താഴ്ന്നുവെങ്കിലും ജാഗ്രത പുലർത്തണമെന്നു സംസ്ഥാന സർക്കാർ. ഡൽഹി–നോയിഡ അതിർത്തിയിൽ  യമുനാ തീരത്തു താമസിക്കുന്ന 7500ലധികം പേരെ പ്രളയസാഹചര്യത്തിൽ ഒഴിപ്പിച്ചതായി അധികൃതർ പറഞ്ഞു. കൃഷിയും കാലിവളർത്തലുമായി നദീ തീരത്തു കഴിയുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. 

205.33 മീറ്റർ എന്ന സുരക്ഷിത നിലയ്ക്കു മുകളിലേക്കു ജലനിലപ്പ് ഉയരുമ്പോഴാണ്  അപകടകരമായ സാഹചര്യമുണ്ടാകുന്നത്. ശനിയാഴ്ചയിതു 205.88 മീറ്ററായിരുന്നു. അതേസമയം  ഞായറാഴ്ച രാവിലെ 204.83 മീറ്ററായി ജലനിരപ്പ് താഴ്ന്നുവെന്നും  ഉച്ചയോടെ ഇതു 204.65 മീറ്ററായെന്നും  മുഖ്യമന്ത്രി അരവിന്ദ് കേജ‌്‌രിവാൾ പറഞ്ഞു.  എന്നാൽ പ്രളയ സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുവെന്നും നദീതീരങ്ങളിലേക്ക് ആരും പോകരുതെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. 

ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ  ശക്തമായ  മഴ ലഭിക്കുകയും ഹരിയാനയിലെ ഹത്നികുണ്ഡ് അണക്കെട്ടിൽ നിന്നുള്ള  വെള്ളമൊഴുക്ക് വർധിപ്പിക്കുകയും ചെയ്തതോടെയാണു ഡൽഹിയിൽ യമുനാ നദിയിൽ പ്രളയ സാഹചര്യം രൂപപ്പെട്ടത്. മഴ ശക്തമായതിനു പിന്നാലെ വെള്ളിയാഴ്ച വൈകിട്ട് നാലിനാണു 205.33 മീറ്റർ എന്ന സുരക്ഷിത നില ആദ്യമായി പിന്നിട്ടത്.  ഇതോടെ  പ്രദേശത്തു താമസിക്കുന്നവരെ സംസ്ഥാന സർക്കാരിന്റെ അഭയകേന്ദ്രങ്ങളിലേക്കു മാറ്റി.  എല്ലാ ഏജൻസികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും  മതിയായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൈലാഷ് ഗലോട്ട് പറഞ്ഞു. 

യമുനാ നദി കരകവിയുമ്പോൾ ഡൽഹിയുടെ വടക്കു പടിഞ്ഞാറൻ, കിഴക്കൻ, തെക്കു കിഴക്കൻ പ്രദേശങ്ങളിൽ താമസിക്കുന്നവരെയാണ് ഏറ്റവുമധികം ബാധിക്കുക. ഏകദേശം  37,000ത്തോളം പേർ  പ്രളയ ആശങ്കയിലുണ്ടെന്നും  യമുനയുടെ തീരത്തു താമസിക്കുന്നവരെ മാത്രമാണ് ഇപ്പോൾ സർക്കാർ കേന്ദ്രങ്ങളിലേക്കു മാറ്റിയതെന്നും റവന്യൂ  പ്രിൻസിപ്പൽ  സെക്രട്ടറി ഖില്ലി റാം മീണ പറഞ്ഞു. കിഴക്കൻ ഡൽഹി പ്രദേശത്തു നിന്നാണു 5000 പേരെ ഒഴിപ്പിച്ചത്.  2000 പേരെ വടക്കു പടിഞ്ഞാറൻ ഡൽഹി പ്രദേശത്തു നിന്നും  500 പേരെ  തെക്കു കിഴക്കൻ ഡൽഹിയിൽ നിന്നും മാറ്റിപ്പാർപ്പിച്ചു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ ലഭിച്ചതാണു യമുനയിലെ വെള്ളപ്പൊക്കത്തിനു കാരണം. കഴിഞ്ഞ വർഷം ജൂലൈ 30നു 205.59 മീറ്റർ വരെ യമുനയിലെ ജലനിരപ്പ് എത്തിയിരുന്നു.

കഷ്ടത്തിലായി കർഷകർ

ന്യൂഡൽഹി ∙ കൃഷിയും കാലിവളർത്തലുമായി  ആയിരക്കണക്കിനാളുകളാണു  യമുനയുടെ തീരങ്ങളിൽ താമസിക്കുന്നത്. മയൂർ വിഹാർ, ന്യൂ അശോക് നഗർ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ഇവരെ കാണാം.  നദീതീരത്തോടു ചേർന്നുള്ള  ചെറിയ സ്ഥലത്തു കാബേജും കാരറ്റും കിഴങ്ങും വെണ്ടയുമെല്ലാം  കൃഷി ചെയ്തും കാലിയെ വളർത്തി പാലുവിറ്റുമാണ് ഇവരുടെ ഉപജീവനം.  തുണി അലക്കി നൽകുന്നവരുമുണ്ട്. വെള്ളം സുലഭമായി ലഭിക്കുമെന്നതും  കൃഷിക്ക് അനുയോജ്യമായ മണ്ണാണ്ണെന്നതും ഇവർ  ഇവിടെ താമസിക്കാനുള്ള കാരണമായി പറയുന്നു. ബിഹാർ, യുപി,  ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ. 

കഴിഞ്ഞ 2 ദിവസം കൊണ്ട് ഇവരിൽ പലരുടെയും കൃഷിയിടങ്ങൾ പൂർണമായി വെള്ളത്തിനടിയിലായി. പാകമായിട്ടില്ലെങ്കിലും വിളകൾ പറിച്ചെടുത്തു വിൽക്കാനാണു ചിലരുടെ ശ്രമം. വയറു നിറയ്ക്കാൻ മറ്റു മാർഗമില്ലെന്ന് ഇവർ പറയും.  കാലികളുമായി മറ്റു പ്രദേശങ്ങളിലേക്കു പോകാൻ സാധിക്കാത്തതിനാൽ  പലരും സർക്കാർ ടെന്റുകളിലേക്കു പോയിട്ടില്ല. മയൂർ വിഹാർ ഫേസ്–1 പ്രദേശത്തു ഇവർക്കു വേണ്ടി റോഡരികിൽ പ്രത്യേക ടെന്റുകൾ കെട്ടി നൽകുകയാണു സർക്കാർ. എല്ലാവർക്കും ഭക്ഷണവും വെള്ളവും ഉറപ്പാക്കിയിട്ടുണ്ടെന്നും സർക്കാർ വിശദീകരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com