ADVERTISEMENT

ന്യൂഡൽഹി ∙ പാതിവഴിയിൽ പഠനം നിർത്തി സംഗീത വിപണിയിലെത്തുക. കോടികൾ മൂല്യമുള്ള കമ്പനിയുടെ ഉടമയായി മാറുക. പാതി വഴിയിൽ കമ്പനി വിടുക. പിന്നീട് ആംആദ്മി പാർട്ടിയുടെ അണിയറപ്രവർത്തനങ്ങളിൽ സജീവമാകുക.....ഡൽഹി സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ പ്രതിചേർക്കപ്പെട്ട് അറസ്റ്റിലായ വിജയ് നായരുടെ നാടകീയ ജീവിതം ഇങ്ങനെ ചുരുക്കാം.  

രാജ്യത്തിനകത്തും പുറത്തും അറിയപ്പെടുന്ന പല വൻകിട സംഗീതപരിപാടികളുടെയും വിജയത്തിനു പിന്നിൽ മുംബൈയിൽ ജനിച്ചുവളർന്ന ഈ പാലക്കാട്ടുകാരനുണ്ടായിരുന്നു. എൻഎച്ച് 7 വീക്കെൻഡർ പോലുള്ള മ്യൂസിക് ഫെസ്റ്റിവലുകളുടെ സംഘാടകൻ. 17–ാം വയസ്സിൽ ബികോം പഠനം ഒന്നാം വർഷത്തിൽ അവസാനിപ്പിച്ചാണ് മ്യൂസിക് മാനേജ്മെന്റ് രംഗത്തേക്കു ചുവടുവയ്ക്കുന്നത്. തുടർന്നാണ് വിവിധ മ്യൂസിക് ബാൻഡുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ മാനേജ് ചെയ്യുന്ന ഒൺലി മച്ച് ലൗഡർ(ഒഎംഎൽ) എന്ന കമ്പനി ആരംഭിക്കുന്നത്. 2005 മുതൽ സംഗീത പരിപാടികൾ പൂർണമായി ഏറ്റെടുത്തു നടത്തിത്തുടങ്ങി.  

രണ്ടു വർഷത്തിനകം ടിവി ഷോകളുടെയും മ്യൂസിക് ആൽബങ്ങളുടെയും നിർമാണ-വിപണന രംഗത്തേക്കു കടന്നു. സ്റ്റാർ വേൾഡ്, ഫോക്സ് ട്രാവലർ, എംടിവി തുടങ്ങിയ മുൻനിര ചാനലുകൾക്കായി സംഗീത-ഹാസ്യ പരിപാടികൾ ഒരുക്കി. ഒഎംഎല്ലിന്റെ നേതൃത്വത്തിലെത്തിയ എഐബി സ്റ്റാൻഡ് കോമഡിയും എൻഎച്ച് സെവൻ വീക്കെൻഡർ എന്ന സംഗീതപരിപാടിയും ഏറെ ചർച്ചയായി. 2016ൽ 300 കോടി രൂപ മൂല്യമൂള്ള കമ്പനിയായി ഒഎംഎൽ മാറിയിരുന്നു. 

2018ൽ ‘മീടു’ വിവാദത്തിൽ ഒഎംഎല്ലും ഉൾപ്പെട്ട ഘട്ടത്തിലാണു വിജയ് നായർ കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്നു മാറിയെന്ന വിവരം പുറത്തറിയുന്നത്. ‘മീടു’ ആരോപണങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ കമ്പനി മേധാവിയെന്ന നിലയിൽ നടപടി സ്വീകരിച്ചില്ലെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. പിന്നീടാണ് ആംആദ്മി പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജീവമായത്. 

എന്നാൽ അതിനു മുൻപു തന്നെ എഎപിയുമായി വിജയ് നായർ സഹകരിച്ചിരുന്നുവെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം. 2014 മുതൽ ആംആദ്മി പാർട്ടിയുടെ  ധനസമാഹരണ ക്യാംപെയ്നുകളുടെ ഭാഗമായിരുന്നത്രേ. എഎപിയുടെ മീഡിയ–പിആർ  ശൃംഖല ശക്തമാക്കിയതിലും സജീവ പങ്കുവഹിച്ചിരുന്നുവെന്നാണു വിവരം. 

2020 നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വിജയ് നായർ പിന്നണിയിൽ സജീവമായിരുന്നു. പാർട്ടിയുടെ വിജയകരമായ പല പദ്ധതികൾക്കും അണിയറയിൽ ചുക്കാൻ പിടിച്ചു. മദ്യവിൽപന സ്വകാര്യ മേഖലയ്ക്കു കൈമാറാനുള്ള ആലോചനകളിൽ ഇദ്ദേഹത്തിനു സജീവ പങ്കുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ആദ്യം ഏറെ കയ്യടി നേടിയെങ്കിലും പിന്നീടു വിവാദമായ നയം എഎപി സർക്കാരിനെ പ്രതിരോധത്തിലാക്കിക്കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com