ADVERTISEMENT

ന്യൂഡൽഹി∙ തണുപ്പുകാലത്തെ വായു മലിനീകരണം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ഗ്രേഡഡ് റെസ്പോൺസ് ആക്‌ഷൻ പ്ലാൻ (ജിആർഎപി) നാളെ മുതൽ പ്രാബല്യത്തിലാവും. ഡൽഹിയിലെയും പരിസര പ്രദേശങ്ങളിലെയും ദിവസവുമുള്ള വായു നിലവാരത്തിന്റെ അടിസ്ഥാനത്തിൽ മലിനീകരണം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്ന രീതിയാണിത്. ഇക്കുറി 15 ദിവസം മുൻപേയാണ് കർമ പദ്ധതി പ്രാബല്യത്തിലാക്കുന്നത്. 

ഡൽഹി- എൻസിആറിൽ വായു നിലവാരം മെച്ചപ്പെടുത്തുന്നതിനു മേൽനോട്ടം വഹിക്കുന്ന കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റിന്റെ തീരുമാനപ്രകാരമാണ് ജിആർഎപി മുൻകൂട്ടി നടപ്പാക്കുന്നത്. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തടയാൻ ബോധവൽക്കരണം ഏർപ്പെടുത്തും. വായു മലിനീകരണത്തിനു കാരണമാവുന്ന സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടെത്തി പരിഹാരമാർഗങ്ങൾ സ്വീകരിക്കും. സ്ഥിതി നിരീക്ഷിക്കാനുള്ള ഗ്രീൻ വാർ റൂം നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. 

ദീപാവലി ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കുന്നത് തടയാനുള്ള നടപടികൾ കർശനമാക്കും. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതും നവംബറിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതുമാണ് ഡൽഹിയിലെ വായു മലിനീകരണം രൂക്ഷമാക്കുന്നതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. കാർഷിക അവശിഷ്ടങ്ങളുടെ സംസ്കരണത്തിനുള്ള കൂടുതൽ യന്ത്രങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. അതോടൊപ്പം കാർഷിക അവശിഷ്ടങ്ങൾ വളമാക്കി മാറ്റുന്നതിന് ജൈവലായനി തളിക്കുന്ന നടപടികളും ഊർജിതമാക്കിയിട്ടുണ്ട്. 

4 ഘട്ടങ്ങളായുള്ള നടപടികൾ

∙ സ്റ്റേജ് 1

(വായു നിലവാര സൂചിക 201-300)

മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായശാലകൾ, വാഹനങ്ങൾ, കാർഷിക അവശിഷ്ടം കത്തിക്കൽ എന്നിവയ്ക്കെതിരെ കർശന നടപടി. 

∙ സ്റ്റേജ് 2

(വായു നിലവാര സൂചിക 301-400)

കൽക്കരി, വിറക് എന്നിവ ഉപയോഗിച്ചുള്ള പാചകം, അടിയന്തര ഘട്ടങ്ങളിലൊഴികെയുള്ള ഡീസൽ ജനറേറ്റർ ഉപയോഗം എന്നിവ നിരോധിക്കും. 

∙ സ്റ്റേജ് 3

(വായു നിലവാര സൂചിക 401-450)

കെട്ടിട നിർമാണം, കെട്ടിടം പൊളിക്കൽ എന്നിവ നിരോധിക്കും. ഇഷ്ടിക കളങ്ങൾ, ക്രഷർ എന്നിവയുടെ പ്രവർത്തനം തടയും. വാഹനങ്ങൾക്ക് ഒറ്റ- ഇരട്ട നമ്പർ നിയന്ത്രണം ഏർപ്പെടുത്തും. 

∙ സ്റ്റേജ് 4

(വായു നിലവാര സൂചിക 450നു മുകളിൽ) 

ഡൽഹിയിലേക്ക് ട്രക്കുകളുടെ പ്രവേശനം നിരോധിക്കും. അവശ്യ സാധനങ്ങളുടെ നീക്കത്തിന് ഒഴികെയുള്ള ഡീസൽ വാഹനങ്ങൾക്ക് നിരോധനം. സർക്കാർ- സ്വകാര്യ ഓഫിസുകളിലെ പകുതി ജീവനക്കാർക്ക് വർക് ഫ്രം ഹോം ഏർപ്പെടുത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com