ജീവൻ പണയംവച്ചുള്ള ബസ് ഓട്ടം വേണ്ട

Mail This Article
ന്യൂഡൽഹി ∙ ബസ് ഡ്രൈവർമാരുടെ നിയമനത്തിൽ ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷൻ (ഡിടിസി) അധികൃതർ ജാഗ്രത പുലർത്തണമെന്ന് ഹൈക്കോടതി. സാധാരണക്കാരുടെ ജീവനു ഭീഷണിയാവുന്ന തരത്തിൽ വാഹനമോടിക്കുന്നവരെ ജോലിക്കു നിയമിക്കരുതെന്ന് കോടതി നിർദേശിച്ചു. 2011ൽ ഡിടിസി ബസിടിച്ച് മരിച്ച യുവാവിന്റെ കുടുംബത്തിന് 19 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ (എംഎസിടി) നിർദേശിച്ചിരുന്നു.
ഇതിനെതിരെ ഡിടിസി നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് ഗൗരങ് കാന്തിന്റെ ഉത്തരവ്. യുവാവിന്റെ മരണത്തിനിടയാക്കിയ ബസ് ഓടിച്ച ഡ്രൈവർ വ്യാജ ഡ്രൈവിങ് ലൈസൻസിന്റെ ഉടമയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വളരെ അലക്ഷ്യമായാണ് ഡ്രൈവർ വാഹനമോടിച്ചതെന്നും ഇത്തരക്കാരെ ഡ്രൈവർമാരായി നിയമിക്കരുതെന്നും കോടതി നിർദേശിച്ചു.
പൊതുഗതാഗത സംവിധാനമെന്ന നിലയ്ക്ക് ഡിടിസിക്ക് ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്തമുണ്ട്. പൊതുജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന സമീപനം സ്വീകരിക്കരുത്. ഡിടിസി ഡ്രൈവർമാരുടെ അലക്ഷ്യവും അമിത വേഗത്തിലുള്ളതുമായ ഡ്രൈവിങ് നഗരത്തിൽ ഒട്ടേറെ അപകടങ്ങൾക്കു കാരണമായിട്ടുണ്ട്. ബസ് ഡ്രൈവർമാരെ നിയമിക്കും മുൻപ് ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ വ്യാജമല്ലെന്ന് ഡിടിസി അധികൃതർ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.