ADVERTISEMENT

ന്യൂഡൽഹി ∙ വായു മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങൾക്ക് 25 മുതൽ ഡൽഹിയിലെ പമ്പുകളിൽ നിന്നു പെട്രോളും ഡീസലും നൽകില്ലെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പ്രഖ്യാപിച്ചു. പരിസ്ഥിതി- ഗതാഗത വകുപ്പുകൾ, ട്രാഫിക് പൊലീസ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു.

ഡൽഹിയിലെ വായു മലിനീകരണത്തിനു പ്രധാന കാരണം വാഹനങ്ങളിൽ നിന്നുള്ള പുകയാണെന്ന് കണ്ടെത്തിയതിനാലാണ് നടപടി. പമ്പുകളിൽ നിന്ന് ഇന്ധനം നൽകുന്നതിന് വായു മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (പിയുസി) നിർബന്ധമാക്കിയുള്ള ഔദ്യോഗിക ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്നും നടപടിക്രമങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ വ്യക്തമാക്കുമെന്നും ഗോപാൽ റായ് പറഞ്ഞു.

പുക പുറന്തള്ളി ഓടുന്നു,17 ലക്ഷം വണ്ടികൾ

കഴിഞ്ഞ ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം കാറുകളും ബൈക്കുകളും ഉൾപ്പെടെ ഏകദേശം 17 ലക്ഷം വാഹനങ്ങളാണ് ഡൽഹിയിൽ വായു മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റില്ലാതെ ഓടുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.പിയുസി സർട്ടിഫിക്കറ്റില്ലാതെ വാഹനമോടിച്ചാൽ 6 മാസം തടവും 10,000 രൂപ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് മോട്ടർ വാഹന നിയമപ്രകാരമുള്ള ശിക്ഷ. വായു മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റില്ലാതെ സർക്കാർ വാഹനങ്ങളോടിക്കരുതെന്ന് വകുപ്പുകൾക്കും നിർദേശം നൽകിയതായി ഗോപാൽ റായ് അറിയിച്ചു.

തണുപ്പുകാലത്തെ നിയന്ത്രണം: ആക്‌ഷൻ പ്ലാൻ നിലവിൽ

തണുപ്പുകാലത്തെ വായു മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ഗ്രേഡഡ് റെസ്പോൺസ് ആക്‌ഷൻ പ്ലാൻ (ജിആർഎപി) ഡൽഹിയിൽ ഇന്നലെ മുതൽ പ്രാബല്യത്തിലായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി 15 ദിവസം മുൻപേയാണ് ജിആർഎപി നടപ്പാക്കുന്നത്. മുൻകൂട്ടിയുള്ള പ്രതിരോധ നടപടികൾ വായു മലിനീകരണം രൂക്ഷമാകുന്നത് തടയുമെന്ന പൊതുജനങ്ങളുടെ നിർദേശം കൂടി പരിഗണിച്ചാണ് കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് പദ്ധതി നേരത്തേ നടപ്പാക്കിയത്. 

വായു മലിനീകരണത്തിന് ഇടയാക്കുമെന്ന് ബോധ്യപ്പെട്ടാൽ ഇതിനു കാരണമാവുന്ന വ്യവസായ ശാലകൾ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനം തൽക്കാലത്തേക്കു നിരോധിക്കും. വായു മലിനീകരണം നിരീക്ഷിക്കാനായി ഏർപ്പെടുത്തിയിട്ടുള്ള ഗ്രീൻ വാർ റൂമിലെ വിദഗ്ധരുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാവും നടപടികൾ സ്വീകരിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com