ADVERTISEMENT

ന്യൂഡൽഹി∙ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് ഗാസിയാബാദ് സെന്റ് തോമസ് ദേവാലയത്തിൽ ഇന്നു സ്വീകരണം നൽകും. കാതോലിക്കാ ബാവായുടെ ഡൽഹി സന്ദർശനത്തിന്റെ സമാപന ദിവസമായ ഇന്നു രാവിലെ 7ന് നടക്കുന്ന സ്വീകരണത്തിനു ശേഷം പ്രാർഥന, കുർബാന എന്നിവ നടക്കും. 

തുടർന്ന്, വൈകിട്ട് 4ന് ഇന്ദിരാപുരം സെന്റ് തോമസ് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് സ്മാരക പുരസ്കാരം  (5 ലക്ഷം രൂപ) വിദ്യാഭ്യാസ പരിഷ്കർത്താവ് സോനം വാങ്ചുക്കിനു മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു സമ്മാനിക്കും. കാതോലിക്കാ ബാവാ അധ്യക്ഷനാവും. ഫാ. ഡോ. കെ.എം. ജോർജ്, ജോർജ് സ്കറിയ എന്നിവർ ചേർന്നു രചിച്ച ‘ഗ്രിഗോറിയോസ് ദ് ഗിഫ്റ്റഡ്’ എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്യും. 

ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ്, മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ്, ഭദ്രാസന സെക്രട്ടറി ഫാ. സജി യോഹന്നാൻ എന്നിവർ പ്രസംഗിക്കും. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ സന്ദർശിച്ച കാതോലിക്കാ ബാവാ വൈകിട്ടു നടന്ന പ്രമുഖ വ്യക്തികളുടെ സൗഹൃദ സംഗമത്തിലും പങ്കെടുത്തു.  

കാതോലിക്കാ ബാവായുടെ ബഹുമാനാർഥം ഡൽഹി ഭദ്രാസനം സംഘടിപ്പിച്ച സൗഹൃദ സംഗമത്തിൽ എംപിമാരായ തോമസ് ചാഴികാടൻ, ജെബി മേത്തർ, മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, ഇന്ത്യയിലെ സിറിയൻ സ്ഥാനപതി ഡോ. ബസം സെയ്ഫദ്ദീൻ, വത്തിക്കാൻ സ്ഥാനപതി കാര്യാലയ പ്രതിനിധി മോൺ. യുവാൻ പ്ലാളോ സെറില്ലിയോ ഹെർനാൻഡസ്, ആർച്ച്ബിഷപ് ജോൺ മാർ ഐറേനിയസ്, ഡൽഹി ന്യൂനപക്ഷ കമ്മിഷൻ അംഗം നാൻസി ബർലോ, ജോസഫ് ഇമ്മാനുവൽ, വി. ജോർജ്, ജോർജ് കോശി, ശാന്തിഗിരി ആശ്രമം ഡൽഹി ബ്രാഞ്ച് മേധാവി ജനനി പൂജ ജ്ഞാന തപസ്വിനി, ഹോളി ഫാമിലി ഹോസ്പിറ്റൽ ഡയറക്ടർ ഫാ. പി.എ. ജോർജ്, അഡ്വ. ഇ.എം. സദ്രുൾ അനാം തുടങ്ങിയവർ സംബന്ധിച്ചു. 

ഉപരാഷ്ട്രപതിയെ ബാവാ സന്ദർശിച്ചു

ന്യൂഡൽഹി∙ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ സന്ദർശിച്ചു. ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ്, ഭദ്രാസന സെക്രട്ടറി ഫാ. സജി യോഹന്നാൻ, ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. വിവിധ മേഖലകളിൽ ക്രൈസ്തവ സഭകൾ നടത്തുന്ന സേവനങ്ങളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ഡൽഹി സന്ദർശനത്തോടനുബന്ധിച്ചാണ്  ബാവാ ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com