ADVERTISEMENT

ന്യൂഡൽഹി ∙ കോർപറേഷൻ തിരഞ്ഞെടുപ്പു പ്രചാരണം അവസാന ലാപ്പിലേക്ക്.  പരസ്യ പ്രചാരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ  പാർട്ടികളെല്ലാം  താരപ്രചാരകരെ കളത്തിലിറക്കി  വോട്ടുറപ്പിക്കാനുള്ള  ശ്രമത്തിലാണ്. അടുത്ത ഞായറാഴ്ചയാണു  ഡൽഹിയിൽ കോർപറേഷൻ തിരഞ്ഞെടുപ്പ്.  ഭരണത്തുടർച്ചയ്ക്കു വേണ്ടി ബിജെപി പ്രചാരണം നടത്തുമ്പോൾ  കോർപറേഷൻ ഭരണം  ഉറപ്പിക്കാനുള്ള  ശ്രമത്തിലാണ്  എഎപി. രാജ്യതലസ്ഥാനത്തെ  അടിയുറച്ച വോട്ടുകൾ ഇപ്പോഴും തങ്ങൾക്കൊപ്പമുണ്ടെന്നു തെളിയിക്കേണ്ട ബാധ്യതയുണ്ട്  കോൺഗ്രസിന്. 

പാർട്ടി സ്ഥാപിതമായതിന്റെ പത്താം വർഷത്തിൽ  കടുത്ത പ്രതിസന്ധികൾക്കിടയിലാണു  എഎപി  ഡൽഹി കോർപറേഷൻ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.  മന്ത്രിമാർക്കും  ഡൽഹി സർക്കാരിനുമെതിരെയുള്ള  അഴിമതിയാരോപണങ്ങളെ പൊളിച്ചടുക്കാൻ പാർട്ടിക്ക് ഇനിയും സാധിച്ചിട്ടില്ല. മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളിൽ  ഉപമുഖ്യമന്ത്രി  മനീഷ് സിസോദിയ തൽക്കാലം രക്ഷപെട്ടുവെങ്കിലും  പാർട്ടിയുടെ അടുത്തയാളുകളാണ്  ഇപ്പോഴും  ജയിലിൽ കഴിയുന്നത്. മന്ത്രി സത്യേന്ദർ ജെയിനുമായി ബന്ധപ്പെട്ട വിഡിയോകളും അതുണ്ടാക്കുന്ന കോലാഹലങ്ങളും വേറെ. 

ബിജെപിയുടെ വികസന വിരുദ്ധതയാണു  എഎപി ഉയർത്തിക്കാട്ടുന്നത്.  മാലിന്യപ്രശ്നങ്ങളും  മോശം  റോഡുകളുമെല്ലാം  ബിജെപിയെ  പ്രതിസന്ധിയാലാക്കുന്നുണ്ട്.  കഴിഞ്ഞ തവണ ഭരണസമിതിയിലുണ്ടായിരുന്ന ഒട്ടേറെപേർക്കും  ഇക്കുറി സീറ്റ്  നൽകാതിരുന്നതു  വിജയം  ഉറപ്പിക്കാനുള്ള നീക്കങ്ങളുടെ തുടർച്ചയാണ്. രാജ്യതലസ്ഥാനത്തെ  കോർപറേഷൻ  ഭരണം ഉറപ്പിക്കേണ്ട ബാധ്യത  ബിജെപി ദേശീയ നേതൃത്വത്തിനുമുണ്ട്.  ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ഉൾപ്പെടെയുള്ള വീടുകയറി പ്രചാരണം നടത്തുന്നതും  ഈ സാഹചര്യത്തിലാണ്. 

സംസ്ഥാനം  തുടർച്ചയായി  15 വർഷം ഭരിച്ച കോൺഗ്രസിനു  തിരിച്ചു വരവിനുള്ള അവസരമാണു  കോർപറേഷൻ. അതുകൊണ്ടു തന്നെ  സച്ചിൻ പൈലറ്റ്,  കനയ്യ കുമാർ തുടങ്ങിയ ഒട്ടേറെ താരപ്രചാരകരെ ഇവർ രംഗത്തിറക്കിയിട്ടുണ്ട്.  ഇപ്പോഴും പാർട്ടിക്കു സജീവ സാന്നിധ്യമുള്ള വാർഡുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു  കോൺഗ്രസ് സംസ്ഥാന നേതൃത്വം നൽകിയിരിക്കുന്ന നിർദേശം.  

വോട്ടുകൂട്ടാൻ ബോധവൽ്ക്കരണം

ന്യൂഡൽഹി ∙ കോർപറേഷൻ തിരഞ്ഞെടുപ്പിനു മുൻപു ബോധവൽ ക്കരണവുമായി  തിരഞ്ഞെടുപ്പു കമ്മിഷൻ. കൂടുതൽപേരെ  പോളിങ് ബൂത്തിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു  ടിവി, റേഡിയോ, സമൂഹമാധ്യമങ്ങളിൽ എന്നിവയിലൂടെ പ്രചാരണം ശക്തമാക്കിയിരിക്കുന്നത്. വീടുകളിലെത്തി  ബോധവൽക്കരിക്കാനും  പദ്ധതി ആവിഷ്കരിച്ചു.  പ്രചാരണത്തിന്റെ ഭാഗമായുള്ള  തീംസോങ്  കമ്മിഷൻ അവതരിപ്പിച്ചു.  വോട്ടു ചെയ്യാനുള്ള ആഹ്വാന പോസ്റ്ററുകൾ പതിപ്പിച്ച 50 ഓട്ടോകളാണു നഗരത്തിൽ  സഞ്ചരിക്കുക. 

കോർപറഷൻ തിരഞ്ഞെടുപ്പ്; വോട്ട് ചോദിച്ച് നഡ്ഡ

ന്യൂഡൽഹി ∙ കോർപറേഷൻ തിരഞ്ഞെടുപ്പി‍ൽ പാർട്ടിക്കു വോട്ടു തേടി  ബിജെപി  ദേശീയ പ്രസിഡന്റ്  ജെ.പി. നഡ്ഡ നഗരത്തിൽ പര്യടനം നടത്തി.  രാജ്യം  വികസനകാര്യത്തിൽ മുന്നോട്ടു പോകുമ്പോൾ ഡൽഹിയെ പിന്നോട്ടാക്കുകയാണു  എഎപി സർക്കാരെന്ന് അദ്ദേഹം പറഞ്ഞു. വാസിപുർ മേഖലയിലെ വീടുകളിലാണു  നഡ്ഡയുടെ നേതൃത്വത്തിൽ വീടുകളിൽ  പ്രചാരണം  നടത്തിയത്. വരും ദിവസങ്ങളിൽ  കൂടുതൽ നേതാക്കൾ പാർട്ടിക്കു വേണ്ടി രംഗത്തിറങ്ങും. 

അതേസമയം  തിരഞ്ഞെടുപ്പിൽ  180ലേറെ വാർഡുകളിൽ  പാർട്ടി വിജയിക്കുമെന്നാണു ബിജെപി സംസ്ഥാന അധ്യക്ഷൻ ആദേശ് ഗുപ്തയുടെ ആത്മവിശ്വാസം.  ‘സംസ്ഥാന മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ പറയുന്നതൊന്നും പ്രവർത്തിക്കുന്നതു വേറൊന്നുമാണെന്നു  ജനങ്ങൾ തിരിച്ചറിയുന്നത്.  എഎപിയുടെ ആഭ്യന്തര സർവേയിലും  പരാജയം നേരിടുമെന്നാണു കണ്ടെത്തിയിരിക്കുന്നത്’ ആദേശ് ഗുപ്ത പറഞ്ഞു. 

ചേരിനിവാസികൾക്കു വേണ്ടി കേന്ദ്രം പണികഴിപ്പിച്ച ഫ്ലാറ്റുകളിലേക്കു ചേരികളിൽ താമസിക്കുന്ന 10,000 ആളുകളുമായി സന്ദർശനവും  ബിജെപി ഒരുക്കിയിരുന്നു.  2027നുള്ളിൽ  ചേരിനിവാസികൾക്കെല്ലാം ഫ്ലാറ്റ്  ഒരുക്കുമെന്നു പാർട്ടി ദേശീയ സെക്രട്ടറി സുനിൽ ദിയോധർ പറഞ്ഞു.  കേന്ദ്രമന്ത്രി  പീയൂഷ് ഗോയൽ  ഗാന്ധിനഗർ, ശാസ്ത്രി നഗർ പ്രദേശത്താണു പ്രചാരണം നടത്തിയത്.

ഡിഎസ്ജിഎംസി പിന്തുണ ബിജെപിക്ക് 

ന്യൂഡൽഹി ∙ കോർപറേഷൻ തിരഞ്ഞെടുപ്പിൽ  ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി(ഡിഎസ്ജിഎംസി) ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചു. ബിജെപിക്കു വിജയം ഉറപ്പാക്കാൻ പിന്തുണ നൽകാൻ തീരുമാനിച്ചുവെന്നാണു കമ്മിറ്റി  മേധാവി സർദാർ ഹർമീദ് സിങ് കൽക്ക പ്രതികരിച്ചത്. സിഖ് വിഭാഗത്തിൽപ്പെട്ടവരെല്ലാം  ബിജെപിക്കു വോട്ട് ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com