ADVERTISEMENT

ന്യൂഡൽഹി ∙ പരിസ്ഥിതിക്കു വേണ്ടി എല്ലാവരും ഒരുമിക്കണമെന്നും ഭാവി തലമുറയ്ക്കു വേണ്ടി ഇതു ചെയ്യേണ്ടതുണ്ടെന്നും  മുൻ ഉപരാഷ്ട്രപതി  എം. വെങ്കയ്യ നായിഡു. പരിസ്ഥിതി സംരക്ഷണം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പൊലീത്തയായിരുന്ന ഡോ. പൗലോസ് മാർ ഗ്രിഗോറിയോസിന്റെ സ്മരണാർഥം ഡൽഹി സോഫിയ സൊസൈറ്റി ഏർപ്പെടുത്തിയ പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

എല്ലാം സർക്കാർ ചെയ്യട്ടെ എന്നു കരുതുന്നതാണു പൊതുവായ രീതിയെന്നും  അതു ശരിയല്ലെന്നും അദ്ദേഹം  വ്യക്തമാക്കി.  ‘പരിസ്ഥിതി സംരക്ഷണത്തിൽ ജനങ്ങളുടെ ഇടപെടൽ ഉണ്ടാകണം. ജനങ്ങൾക്കാണ് ഇക്കാര്യത്തിൽ ഏറ്റവുമധികം ചെയ്യാൻ സാധിക്കുക. സംസ്കാരമെന്നത് ഒരു ജീവനകലയാണ്.  പരിസ്ഥിതിയെ അമ്മയായി കാണുന്നതാണു നമ്മുടെ സംസ്കാരം’ അദ്ദേഹം പറഞ്ഞു.  മതങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള സൗഹൃദാന്തരീക്ഷം നിലനിൽക്കാൻ  സജീവ ചർച്ചകൾ ആവശ്യമാണെന്നും ആശയസംവാദങ്ങളിലൂടെ നല്ല ആശയങ്ങൾ രൂപപ്പെടുമെന്നും അദ്ദേഹം  വ്യക്തമാക്കി.  

ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് സ്മാരക പുരസ്കാരദാനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ.   ചിത്രം :  മനോരമ

ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് പുരസ്കാരം  വിദ്യാഭ്യാസ പരിഷ്കർത്താവും  എൻജിനീയറുമായ സോനം വാങ്ചുക്കിനും  ഹിമാലയൻ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൾട്ടർനേറ്റീവിനുമായി അദ്ദേഹം സമ്മാനിച്ചു. ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അധ്യക്ഷനായിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം രാജ്യം ആഘോഷിക്കുമ്പോൾ  നിലവിലെ മനോഭാവങ്ങളെ പുന:രുജ്ജീവിപ്പിക്കേണ്ടതുണ്ടെന്നും പുതിയ ആശയങ്ങൾ സ്വരൂപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതസൗഹാർദത്തിന്റെ വക്താവായിരുന്നു ഡോ. പൗലോസ് മാർ ഗ്രിഗോറിയോസെന്നും കാതോലിക്കാ ബാവ പറഞ്ഞു. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ സാങ്കേതിക രംഗത്തു ഒട്ടേറെ  ചുവടുവയ്പ്പുകൾ സംഭവിച്ചുവെങ്കിലും  മനുഷ്യൻ അതിലും എത്രയോ മുകളിലാണെന്നു മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ് പറഞ്ഞു.  വികാരവും  ക്രിയാത്മകതയുമെല്ലാം മനുഷ്യനു സഹജമാണ്. എന്തൊക്കെ സാങ്കേതിക വിദ്യകൾ വന്നാലും  മനുഷ്യനെ വേറിട്ടു നിർത്തുന്നത് ഇതാണെന്നും അദ്ദേഹം പറഞ്ഞു. ‘ഗ്രിഗോറിയോസ് ദി ഗിഫ്റ്റഡ്’  എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ്, ഫാ.ഡോ. കെ.എം. ജോർജ് എന്നിവർ പ്രസംഗിച്ചു. 

പാരിസ്ഥിതിക ദുരന്തങ്ങൾ കൂടുന്നു: വാങ്ചുക്ക്

പ്രകൃതി ദുരന്തങ്ങളും  പാരിസ്ഥിതിക പ്രശ്നങ്ങളും കാരണമുണ്ടാകുന്ന മരണങ്ങൾ ഏറെ വർധിച്ചുവെന്നു  സോനം വാങ്ചുക്ക്.  പതിറ്റാണ്ടുകൾ മുൻപു  മനുഷ്യന്റെ  അക്രമം കാരണമായിരുന്നു ലക്ഷക്കണക്കിനാളുകൾ  മരിച്ചിരുന്നത്. യുദ്ധങ്ങളും  മറ്റ് അക്രമസംഭവങ്ങളും  ഇതിനു കാരണമായി. എന്നാൽ ഇന്നു  അത്തരം അതിക്രമങ്ങൾ കാരണമുണ്ടാകുന്ന മരണങ്ങൾ  കുറഞ്ഞു. എന്നാൽ പ്രകൃതിക്ഷോഭങ്ങളും മറ്റും  കാരണമുള്ള  മരണങ്ങൾ  പട്ടികയിൽ ഒന്നാമതെത്തി.  വായു മലിനീകരണം കാരണം മരിക്കുന്നവരുടെ എണ്ണം യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാൾ ഏറെ വലുതാണെന്നും പുതിയ കാലത്ത്  ഇതു തിരിച്ചറിയേണ്ടതുണ്ടെന്നും  ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് പുരസ്കാരം ഏറ്റുവാങ്ങി  സോനം വാങ്ചുക്ക് പറഞ്ഞു.  മറ്റുള്ളവർക്കാണു പ്രശ്നമെന്നു നമ്മൾ കരുതുന്നു. എന്നാൽ നമ്മൾക്കു തന്നെയാണു പ്രശ്നമെന്നു സ്വയം തിരിച്ചറിയേണ്ട കാലമായിരിക്കുന്നു.  വലിയ നഗരങ്ങൾ  ലളിത ജീവിതം നയിക്കുമ്പോൾ മാത്രമാണു  മലമുകളിലും മറ്റും താമസിക്കുന്ന സാധാരണക്കാർക്കു സ്വസ്ഥമായി  ജീവിതം നയിക്കാൻ സാധിക്കുവെന്നും  അദ്ദേഹം പറഞ്ഞു. ത്രീ ഇഡിയറ്റ്സ്’ എന്ന സിനിമയിൽ ആമിർഖാന്റെ കഥാപാത്രമായ റാഞ്ചോയ്ക്കു പ്രചോദനമായതു സോനം വാങ്ചുക്കിന്റെ പ്രവർത്തനമായിരുന്നു. ലഡാക്കിലെ കുട്ടികളുടെ പഠനനിലവാരം ഉയർത്താനുള്ള പ്രവർത്തനത്തിലൂടെയാണു സോനം ശ്രദ്ധേയനായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com