ADVERTISEMENT

ന്യൂഡൽഹി ∙ സംസ്ഥാന സർക്കാരിന്റെ മദ്യനയം മറയാക്കി എഎപി നേതാക്കൾ അനധികൃതമായി പണം സമ്പാദിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ട്. എഎപി മാധ്യമവിഭാഗം ചുമതല വഹിച്ചിരുന്ന വിജയ് നായർക്കു  ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 100 കോടി രൂപ കൈമാറിയെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി. ശരത് റെഡ്ഡി, കെ.കവിത, മഗുന്ത ശ്രീനിവാസലു റെഡ്ഡി എന്നിവരുൾപ്പെടുന്ന സൗത്ത് ഗ്രൂപ്പ് എന്ന സംഘത്തിൽ നിന്നു 100 കോടി രൂപ വിജയ് നായർക്കു ലഭിച്ചെന്നാണ് ഇഡി കോടതിയിൽ അറിയിച്ചിരിക്കുന്നത്. 

കള്ളപ്പണ ഇടപാടു കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ അമിത് അറോറയെ റിമാൻഡിൽ വിടണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് ഇഡി ഇക്കാര്യം  വ്യക്തമാക്കിയത്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകൾ കവിതയ്ക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. 

അമിത് അറോറയെ ചോദ്യംചെയ്തപ്പോഴാണ് ഇക്കാര്യങ്ങൾ പുറത്തുവന്നതെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റ് തുടങ്ങിയവർ ഉൾപ്പെടെ കേസിൽ ആരോപണവിധേയരായ 36 പേർ 170 ഫോണുകൾ ഇതിനിടെ നശിപ്പിച്ചെന്നും പണമിടപാടുകളുടെ വിവരം പുറത്ത് എത്താതിരിക്കാനാണിതെന്നും ഇഡി അറിയിച്ചു.  

ഏത് അന്വേഷണവും നേരിടാൻ തയാർ:കെസിആറിന്റെ മകൾ 

ഹൈദരബാദ് ∙ ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നു കെസിആറിന്റെ മകൾ കെ.കവിത പ്രതികരിച്ചു. അമിത് അറോറയുടെ റിമാൻഡ് റിപ്പോർട്ടിൽ കവിതയുടെ പേര് പരാമർശിച്ചതുമായി ബന്ധപ്പെട്ടാണ് പ്രതികരണം. ‘ജയിലിലിടുമെന്നു പറഞ്ഞാൽ എന്തു സംഭവിക്കാനാണ്. ഭയക്കേണ്ടതായി ഒന്നുമില്ല. തൂക്കിക്കൊല്ലുമെന്നാണോ? ജയിലിൽ ഇടാൻ സാധിക്കും. അത്രമാത്രം’ അവർ ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com