ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയ വികലാംഗ വികസന കോർപറേഷന്റെ നേതൃത്വത്തിൽ ഇന്ത്യാ ഗേറ്റിൽ ആരംഭിച്ച ‘ദിവ്യകലാമേള’യിൽ കേരളത്തിന്റെ സ്റ്റാൾ ശ്രദ്ധേയമാകുന്നു. കേരള സർക്കാരിന്റെ സാമൂഹികനീതി വകുപ്പിനു കീഴിൽ മലപ്പുറത്തു പ്രവർത്തിക്കുന്ന പ്രതീക്ഷാഭവനിലെ കുട്ടികൾ ഒരുക്കിയ ഭക്ഷണശാല, കോഴിക്കോട് പ്രവർത്തിക്കുന്ന പുണ്യഭവനിലെ കുട്ടികൾ നിർമിച്ച കരകൗശല വസ്തുക്കളുടെ വിൽപന കേന്ദ്രം എന്നിവയാണ് ദേശീയ പ്രദർശന- വിപണന മേളയിലെ സ്റ്റാളിലുള്ളത്. 

ഇരുകേന്ദ്രങ്ങളിൽ നിന്നായി മാനസിക ദൗർബല്യമുള്ള 6 കുട്ടികൾ സ്റ്റാളിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. കെയർ ടേക്കർമാരുടെ നേതൃത്വത്തിലാണ് ഇവരെ മേളയിൽ പങ്കെടുപ്പിക്കുന്നത്. ആദ്യമായി വിമാനത്തിൽ യാത്ര ചെയ്ത് എത്തിയ കുട്ടികൾക്ക് മേള ഏറെ ആഹ്ലാദകരമായ അനുഭവമാണെന്ന് കെയർ ടേക്കർമാർ പറഞ്ഞു. കുട്ടികൾ തയാറാക്കിയ പെയിന്റിങ്ങുകൾ, ആശംസാ കാർഡ്, പാളകൊണ്ട് നിർമിച്ച പൂക്കൾ, കളിമണ്ണ് ഉപയോഗിച്ച് നിർമിച്ച കൗതുക വസ്തുക്കൾ, പ്ലേറ്റ് മാറ്റ്, ചിരട്ട ഉൽപന്നങ്ങൾ തുടങ്ങിയവ വിൽപനയ്ക്കുണ്ട്. 

ഭക്ഷണശാലയിൽ വിവിധതരം ചട്നികൾ രുചിക്കാൻ അവസരമുണ്ട്. പുളി, ശർക്കര, പുതിന, പപ്പായ, ബീറ്റ്റൂട്ട് എന്നിവ ഉപയോഗിച്ചാണ് ചട്നി തയാറാക്കിയിട്ടുള്ളത്. തണ്ണിമത്തൻ, പപ്പായ, പേരയ്ക്ക, പൈനാപ്പിൾ എന്നിവ കഷണങ്ങളാക്കി പ്ലേറ്റിൽ ചട്നിയോടൊപ്പം നൽകും. ഒരു പ്ലേറ്റിനു 30 രൂപയാണു വില. ഇതിന് ആവശ്യക്കാരേറെയാണെന്ന് സ്റ്റാളിന്റെ കോഓർഡിനേറ്റർ മേഘ സി.മനോജ് പറഞ്ഞു. ഇന്ത്യാ ഗേറ്റിനു സമീപം നടക്കുന്ന മേളയിലെ ഗേറ്റ് നമ്പർ 2 വഴിയാണ് കേരള സ്റ്റാളിലേക്ക് എത്താൻ സാധിക്കുക. 85, 86 നമ്പർ മുറികളിലാണ് കേരള സ്റ്റാൾ പ്രവർത്തിക്കുന്നത്. പ്രദർശന-വിപണന മേള 6നു സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com