ന്യൂഡൽഹി ∙ നഗരത്തിലെ വായുമലിനീകരണം ഗുരുതരാവസ്ഥയിലെത്തിയതിനു പിന്നാലെ നിർമാണ പ്രവർത്തനങ്ങൾക്കു നിയന്ത്രണമേർപ്പെടുത്തി. അത്യാവശ്യമില്ലാത്ത ജോലികളെല്ലാം നിർത്തിവയ്ക്കാനാണു വായുമലിനീകരണ നിയന്ത്രണ കമ്മിഷന്റെ ഉത്തരവ്. വായു മലിനീകരണം രക്ഷമാകുന്ന ഘട്ടത്തിൽ നടപ്പാക്കേണ്ട ഗ്രേഡഡ് റെസ്പോൺസ് ആക്‌ഷൻ പ്ലാൻ(ജിആർപിഎ) മൂന്നാംഘട്ടം അനുസരിച്ചുള്ള നിയന്ത്രണങ്ങളെല്ലാം നടപ്പാക്കാനാണു തീരുമാനം.
ആശുപത്രി, റെയിൽവേ, മെട്രോ, മേൽപാലം, ദേശീയപാത എന്നിവയുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തനങ്ങൾക്കാണ് ഇളവു നൽകിയിരിക്കുന്നത്. ബിഎസ്–3 നിലവാരത്തിലുള്ള പെട്രോൾ, ബിഎസ്‍–4 നിലവാരത്തിലുള്ള ഡീസൽ നാലുചക്ര വാഹനങ്ങൾക്കു നിയന്ത്രണമേർപ്പെടുത്തുന്നതും പരിഗണനയിലുണ്ട്. ഖനന ജോലികൾക്കും വിലക്ക് ഏർപ്പെടുത്തിയേക്കും. പിഎൻജിയിൽ അല്ലാത്ത വ്യവസായ സംരംഭങ്ങളുടെ പ്രവർത്തനം ആഴ്ചയിൽ 5 ദിവസമാക്കി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ട്.